ലേഖനം - 1 കാശ്മീരം ചൂടി ഭാരതം

കാശ്മീരം ചൂടി ഭാരതം


കശ്യപമഹര്‍ഷിയുടെ തപോഭൂമിയും ശ്രീശങ്കരന്‍ സര്‍വ്വജ്ഞപീഠം കയറിയ പുണ്യ സ്ഥലിയും വൈഷ്‌ണോദേവി, അമര്‍നാഥ് തീര്‍ത്ഥസങ്കേതങ്ങളുമെല്ലാമുള്ള ജമ്മുകാശ്മീരിന്റെ മേലെ നാളിതുവരെ ഭാരതത്തിനുണ്ടായിരുന്ന അധികാരാവകാശങ്ങള്‍ നാമമാത്രവും സാങ്കേതികവും ആയിരുന്നെന്ന് ബഹുഭൂരിപക്ഷം ഭാരതീയരും തിരിച്ചറിഞ്ഞത് 370-ാം വകുപ്പ് കേന്ദ്ര ഗവണ്‍മെന്റ് പിന്‍വലിച്ചപ്പോള്‍ മാത്രമാണ്. എഴുപതില്‍പരം വര്‍ഷങ്ങളായി ഭാരതത്തിന്റെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നുമില്ലാത്ത സവിശേഷാധികാരാവകാശങ്ങള്‍ കൊണ്ട് ജമ്മു-കാശ്മീരിനെ ദേശീയമുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തിയത് രാഷ്ട്രവിഭജനത്തിന് കാരണക്കാരായവരുടെ മനോവൈകല്യങ്ങള്‍ തന്നെയാണ്. എന്തായാലും 370-ാം വകുപ്പെന്ന ചരിത്രപരമായ അസംബന്ധത്തെ മോദി ഗവണ്‍മെന്റ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. അസാദ്ധ്യമെന്നുകരുതിയ സ്വപ്നങ്ങള്‍ ഓരോന്നായി ഭാരതം സാക്ഷാല്‍ക്കരിച്ചു മുന്നേറുമ്പോള്‍ പരമാബദ്ധങ്ങളുടെ പരമ്പരകളില്‍ ഇന്നലെകളെ ബന്ധിച്ച് ഒരു മഹാരാജ്യത്തെ ശിഥിലമാക്കുവാന്‍ ശ്രമിച്ചവരെക്കുറിച്ച് അനുസ്മരിക്കാതിരിക്കാനാവില്ല.

ഭാരതത്തില്‍ മുഴുവന്‍ കത്തിപ്പടര്‍ന്ന സ്വാതന്ത്ര്യസമരപരിശ്രമങ്ങളും ലോകമഹായുദ്ധത്തില്‍ ബ്രിട്ടനേറ്റ ആഘാതങ്ങളും എല്ലാം ചേര്‍ന്ന് കോളനിരാജ്യങ്ങള്‍ ഉപേക്ഷിക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികളെ നിര്‍ബ്ബന്ധിതരാക്കി. ഇതിന്റെ ഭാഗമായി 1947 ജൂണ്‍ 17ന് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് പാസ്സാക്കി. ഇതനുസരിച്ച് ഭാരതത്തിലെ നാട്ടുരാജ്യങ്ങള്‍ക്ക് ഭാരതത്തിലോ പാകിസ്ഥാനിലോ ലയിക്കാനോ സ്വതന്ത്രമായി നില്‍ക്കാ നോ കഴിയുന്നതാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. സര്‍ദാര്‍പട്ടേലിന്റെ നേതൃത്വത്തില്‍ 569 നാട്ടുരാജ്യങ്ങള്‍ ഭാരതയൂണിയനില്‍ ലയിച്ചുചേര്‍ന്ന് ഭാരതമഹാരാജ്യം പിറന്നു. ഹിന്ദുരാജാവായ ഹരിസിംഗ് ഭരിച്ചിരുന്ന ജമ്മു-കാശ്മീര്‍ ഭാരതത്തില്‍ ചേരാനോ പാകിസ്ഥാനില്‍ ചേരാനോ തയ്യാറാകാതെ സ്വതന്ത്രമായി നിലകൊണ്ടു. ഇത്തരം ഒരു നിലപാടെടുക്കാന്‍ ഹരിസിംഗിനെ പ്രേരിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തലതിരിഞ്ഞ സമീപനം ഒന്നുകൊണ്ടു മാത്രമായിരുന്നു. 1931-ലെ വട്ടമേശ സമ്മേളനത്തില്‍ തികച്ചും ദേശഭക്തിപൂര്‍ണ്ണമായ നിലപാടുസ്വീകരിച്ച ഹരിസിംഗ് മൗണ്ട് ബാറ്റന്റെ കണ്ണിലെ കരടായി മാറിയിരുന്നു. കാശ്മീരിലെ മുസ്ലീംസമൂഹം വര്‍ഗ്ഗീയമായി ചിന്തിക്കുകയും ഹരിസിംഗിനെ പുറത്താക്കി ഭരണം പിടിക്കാന്‍ ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ കലാപങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1946-ല്‍ മഹാരാജാ ഹരിസിംഗിനെ പുറത്താക്കാന്‍ ഷെയ്ഖ് അബ്ദുള്ള നയിച്ച ‘ക്വിറ്റ് കാശ്മീര്‍’ സമരത്തിന് നെഹ്‌റു പിന്‍തുണ കൊടുത്ത തോടെയാണ് ഹരിസിംഗിന് ഭാരതത്തിന്റെ നേതൃത്വത്തില്‍ അവിശ്വാസം ജനിച്ചുതുടങ്ങിയത്. ഷേഖ് അബ്ദുള്ളക്കനുകൂലമായ നിലപാടെടുക്കാന്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്നത് ഇന്നും ദൂരുഹമാണ്. ഇത്രയൊക്കെ ദ്രോഹങ്ങള്‍ ഹരിസിംഗിനോട് ചെയ്തിട്ടും അദ്ദേഹം ഒടുക്കം 1947 ആഗസ്റ്റ് 15ന് മുമ്പുതന്നെ ഭാരത യൂണിയനില്‍ ലയിക്കാന്‍ സന്നദ്ധനായി എന്നാണ് അഭിജ്ഞവൃത്തങ്ങള്‍ പറയുന്നത്. ആദ്യം അധികാരം ഷേഖ് അബ്ദുള്ളക്ക് കൈമാറണമെന്ന വിചിത്രമായ ഒരാവശ്യം നെഹ്‌റു ഉന്നയിച്ചതോടെയാണ് ഹരിസിംഗ് ലയനതാത്പര്യത്തില്‍ നിന്ന് പിന്‍മാറിയത്. തനിക്കെതിരെ സമരം നയിക്കുകയും താന്‍ അതിന്റെ പേരില്‍ ജയിലിലടക്കുകയും ചെയ്ത കലാപകാരിയായ ഷേഖ് അബ്ദുള്ളയ്ക്ക് അധികാരം കൈമാറണമെന്ന നെഹ്‌റുവിന്റെ ശാഠ്യമാണ് ഹരിസിംഗിനെ ലയനക്കരാറില്‍നിന്ന് പിന്‍തിരിപ്പിച്ചത്. എന്നാല്‍ 1947 ഒക്‌ടോബറായതോടെ പാകിസ്ഥാന്‍ സൈന്യം കാശ്മീരിനെ പിടിച്ചെടുക്കാനായി ഇരച്ചുകയറി. കാശ്മീരിനെ രക്ഷിക്കാന്‍ ഭാരതത്തിന്റെ സഹായം തേടിയ ഹരിസിംഗിനോട് പ്രതികാരബുദ്ധിയോടെ നിസ്സഹകരിക്കുകയാണ് നെഹ്‌റു ചെയ്തത്. ഒടുക്കം സര്‍ദാര്‍ പട്ടേലിന്റെ അഭ്യര്‍ ത്ഥനമാനിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദ്വിതീയ സര്‍സംഘചാലക് പൂജനീയ ഗുരുജി കാശ്മീരിലെത്തി ഹരിസിംഗുമായി സംസാരിക്കുകയും ജമ്മു-കാശ്മീര്‍ നിരുപാധികം ഭാരത യൂണിയനില്‍ ലയിക്കാന്‍ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതസൈന്യത്തിനെ അയക്കാന്‍ പോലും വിസമ്മതിച്ച നെഹ്‌റുവിനെ കൊണ്ട് കാര്യങ്ങള്‍ സമ്മതിപ്പിക്കുവാന്‍ പട്ടേലിന് ഏറെ സമയം ചിലവഴിക്കേണ്ടി വന്നു.

1947 ഒക്‌ടോബര്‍ 26ന് ജമ്മുകാശ്മീര്‍ നിരുപാധികവും അന്തിമവുമായി ഭാരതയൂണിയനില്‍ ലയിച്ചുചേര്‍ന്നു. എന്നാല്‍ നെഹ്‌റുവിന്റെ താല്‍പ്പര്യപ്രകാരം 1949 ഒക്‌ടോബര്‍ 17ന് കാശ്മീര്‍ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന ഗോപാലസ്വാമി അയ്യങ്കാര്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ 306 എ എന്ന അനുഛേദം എഴുതിച്ചേര്‍ത്തു. ഇതാണ് പിന്നീട് 370-ാം വകുപ്പായി രൂപാന്തരപ്പെട്ടത്. ഇതിനുസരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മുകാശ്മീര്‍ നിയമസഭ അംഗീകരിച്ചാല്‍ മാത്രമാണ് അവിടെ ബാധകമാവുക. കാശ്മീരിന് പ്രത്യേകം ഭരണഘടന, പതാക, ദേശീയഗാനം എന്നിവയെല്ലാം അനുവദിക്കുന്നതായിരുന്നു 370-ാം വകുപ്പ്. കാശ്മീരിന്റെ യഥാര്‍ത്ഥ അവകാശി രാജാ ഹരിസിംഗ് നിരൂപാധികം ഭാരതയൂണിയനില്‍ ലയിപ്പിച്ച ഈ ഭൂപ്രദേശത്തിന് പ്രത്യേകപദവി നല്‍കുവാന്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ച സംഗതികള്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെ അടക്കം പറച്ചിലുകളില്‍ നിന്ന് വ്യക്തമാകുന്നതാണ്.

ഭാരതത്തിന്റെ ഇതര പ്രവിശ്യകള്‍ക്കു കൂടി വേറിടല്‍ പ്രേരണ പ്രദാനംചെയ്യുന്ന 370-ാം വകുപ്പ് ഏകഭാരതം എന്ന സങ്കല്പത്തിന് തുരങ്കം വയ്ക്കുന്നതാണ് എന്ന നിലപാട് ആദ്യം മുതലേ സ്വീകരിച്ചുപോന്ന രാഷ്ട്രീയ സ്വയംസേവക സംഘവും അനുബന്ധ പ്രസ്ഥാനങ്ങളും നിരവധി പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ നടത്തിയിട്ടുണ്ട്. 1953ല്‍ 370-ാം വകുപ്പ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ജനസംഘം സ്ഥാപകാദ്ധ്യക്ഷനായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയെ ഷേഖ് അബ്ദുള്ള കാശ്മീരില്‍ ജയിലിലടയ്ക്കുകയും ദുരൂഹസാഹചര്യത്തില്‍ അദ്ദേഹം മരിക്കുകയും ചെയ്തു. ജമ്മു കാശ്മീരിന്റെ ലയനത്തിനുവേണ്ടി സ്വതന്ത്രഭാരതത്തിലുണ്ടായ നിരവധി ബലിദാനങ്ങളില്‍ എന്തുകൊണ്ടും മഹത്തായ ഒന്നായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനം. ഐക്യഭാരതസങ്കല്‍പ്പത്തിന് വിഘാതമായിട്ടുള്ള 370-ാം വകുപ്പിന്റെ മറവില്‍ നാളിതുവരെ ജമ്മുകാശ്മീരില്‍ നിലനിന്നിരുന്ന കുടുംബ വാഴ്ചക്കാണ് ഇപ്പോള്‍ അറുതിയായിരിക്കുന്നത്. സ്വതന്ത്രഭാരതം കണ്ട ഏറ്റവും ശക്തവും ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ തീരുമാനമാണ് 370-ാം വകുപ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റദ്ദാക്കിയതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സ്വതന്ത്രഭാരതത്തെ 17 ആയി വിഭജിക്കണമെന്നാവശ്യപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പാകിസ്ഥാനുവേണ്ടി കുഴലൂതുന്ന ചില മൗദൂദിയന്‍ പച്ചകള്‍ക്കും ഈ തീരുമാനം വിഷമമുണ്ടാക്കിയേക്കാമെങ്കിലും ഭാരതത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ദേശീയവാദികള്‍ക്കും ഉള്‍ക്കുളിരേകുന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ജമ്മുകാശ്മീര്‍ നയം. ഇപ്പോഴാണ് ഭാരതമാതാവ് സമഗ്ര വൈഭവത്തിന്റെ കാശ്മീരം ചൂടി പ്രസന്നവദനയായി ലോകാരാധ്യയായി മാറിയത്. പരിവര്‍ത്തനങ്ങളുടെ വൈഭവകാലത്തേക്കുള്ള ഒരു തുടക്കമാവട്ടെ ഇതെന്ന് ആശിക്കുകയാണ്.

മുഖപ്രസംഗം - കടപ്പാട് കേസരി വീക്കിലി