നിയമനിര്‍മ്മാണത്തിനു പരമാധികാരമുള്ള നമ്മുടെ ലോക്‌സഭയുടേയും രാജ്യസഭയുടെയും മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തോടെ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍, ഭാരതത്തിലെ ഭൂരിപക്ഷം ജനതയും രാഷ്ട്രപതിയുടെ നടപടിയെ അനുകൂലിക്കുന്നു എന്നു വ്യക്തമായി. എന്നിരുന്നാലും, പഠിച്ചതേ പാടൂ എന്നു വാശിപിടിക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മറ്റു മതേതരവാദികളും ഈ നടപടിയെ ഭരണഘടനാലംഘനമായും കാശ്മീരി ജനതയോടുള്ള വിശ്വാസവഞ്ചനയായും വിമര്‍ശിച്ചിരിക്കുന്നു. അവരുടെ ചില വിമര്‍ശനങ്ങള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമാണ്.
കോണ്‍ഗ്രസ്സിന്റെ മനീഷ് തിവാരി ആരോപിച്ചത് സര്‍ദാര്‍പട്ടേല്‍ കാശ്മീര്‍ പാകിസ്ഥാനു വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നു എന്നും നെഹ്രുവാണ് ലയനം സാധ്യമാക്കിയത് എന്നതുമാണ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു സര്‍ദാര്‍പട്ടേല്‍. 565 നാട്ടുരാജ്യങ്ങളുണ്ടായിരുന്നതില്‍ 564 ഉം ലയിപ്പിച്ചത് സര്‍ദാര്‍പട്ടേലായിരുന്നു. കാശ്മീരിന്റെ ലയനഉടമ്പടി 1947 ഒക്ടോബര്‍ 24ന് മഹാരാജാവില്‍നിന്നും ഭാരതത്തിനുവേണ്ടി ഒപ്പിട്ടുവാങ്ങിയത് വി.പി.മേനോനായിരുന്നു. മറ്റു നാട്ടുരാജ്യങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേക പരിഗണനയും ആവശ്യപ്പെടാതെ സ്വമേധയാ, കാശ്മീരിന്റെ ഭരണാധികാരി, ഗവണ്‍മ്മെണ്ട് ഓഫ് ഇന്ത്യാആക്ട് അനുസരിച്ച് എടുത്ത തീരുമാനമായിരുന്നു അത്. ലയനഉടമ്പടി ഗവര്‍ണര്‍ ജനറല്‍ സ്വീകരിച്ചതോടെ, ആ തീരുമാനം നാഗ്പൂരില്‍വെച്ച് പൊതുജനങ്ങളെ അറിയിച്ചത് നെഹ്രുവായിരുന്നു. നെഹ്രുവിന്റെ അറിയിപ്പില്‍, ലയനം ആത്യന്തികമായി ഹിതപരിശോധനക്കനുസൃതമായിരിക്കുമെന്നും, അത് സാധ്യമാവുക, പാകിസ്ഥാനികള്‍ പിന്മാറിയതിനുശേഷം മാത്രമായിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഈ ഹിതപരിശോധനയുടെ കൊളുത്ത് മൗണ്ട്ബാറ്റണി ന്റെ വകയായിരുന്നു. നെഹ്രു അതു ശരിവെച്ചു. പട്ടേലിന് ഈ തീരുമാനത്തില്‍ പങ്കില്ലായിരുന്നു എന്ന് അദ്ദേഹം അന്നത്തെ മദ്ധ്യഭാരത് പ്രവിശ്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.പി.മിശ്രയോട് തുറന്നുപറഞ്ഞതായി ഈ നേതാവിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. (LIVING AN ERA VOL 11) വി.പി.മേനോന്‍ INTEGRATION OF INDIAN STATES എന്ന കൃതിയില്‍ ഹിതപരിശോധന, ലയനഉടമ്പടി ഭാരതത്തിനുവേണ്ടി തുല്യംചാര്‍ത്തുമ്പോള്‍ മൗണ്ട്ബാറ്റണ്‍ സ്വയം ചേര്‍ത്തതാണ് എന്നാണ്. മൗണ്ട്ബാറ്റണ്‍ 1947 ആഗസ്ത ്15നുശേഷം സ്വയം നിര്‍ണ്ണയാധികാരമില്ലാത്ത ഭരണത്തലവനായിരുന്നതുകൊണ്ട് (ഗവര്‍ണ്ണര്‍ ജനറല്‍) തീരുമാനം കേന്ദ്രമന്ത്രിസഭയുടേതുതന്നെയായിരിക്കണം. കേന്ദ്രമന്ത്രിസഭ ഒക്ടോബര്‍ 26നു മുന്‍പോ, തൊട്ടുപിന്നാലേയോ അങ്ങിനെയൊരു തീരുമാനമെടുക്കുവാന്‍ സാധ്യതയില്ലായിരുന്നു എന്നുതന്നെ ഡി.പി. മിശ്ര വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് പട്ടേല്‍ ഇടപെട്ടു സാധ്യമാക്കിയ ലയനംപോലും നിയമക്കുരുക്കില്‍പെടുത്തുകയാണ് നെഹ്രു ചെയ്തത്.
കേന്ദ്രമന്ത്രിസഭയെപ്പോലും വിശ്വാസത്തിലെടുത്തിരുന്നില്ലാ എന്നുതന്നെ ഡി.പി.മിശ്രയുടെ ആത്മകഥയില്‍നിന്നു മനസ്സിലാകുന്നു. ലയനഉടമ്പടിയായതിനുശേഷം കാശ്മീര്‍ വിഷയം പട്ടേലിന്റെ പരിധിയില്‍നിന്നു മാറ്റുകയാണ് നെഹ്രു ചെയ്തത്.
1947 ജൂണ്‍ 3-ന്റെ പ്ലാന്‍ (വിഭജനവുംസ്വാതന്ത്ര്യവും) വിളംബരം ചെയ്യപ്പെട്ട ഉടനെതന്നെ സര്‍ദാര്‍പട്ടേല്‍ മഹാരാജാഹരിസിംഗിന് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുവാന്‍ ഉപദേശിച്ചുകൊണ്ട് എഴുതിയിരുന്നു. പട്ടേല്‍ കാശ്മീരും ഭാരതവും പങ്കുവെക്കുന്ന സുദീര്‍ഘ ചരിത്രത്തേയും സൂചിപ്പിക്കുന്നുണ്ട്. അന്ന് കാശ്മീരിന്റെ പ്രധാനമന്ത്രി പണ്ഡിറ്റ് രാമചന്ദ്രകക്ക് എന്ന കാശ്മീരി പണ്ഡിറ്റായിരുന്നു. പട്ടേലിന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വാസമുണ്ടായിരുന്നുവെങ്കിലും ഷെയ്ക്ക്അബ്ദുള്ള കോണ്‍ഗ്രസ്സിന്റെ ആശീര്‍വാദത്തോടെ കാശ്മീരില്‍ ഡോഗ്രാആധിപത്യത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ കാരണം മഹാരാജാവിന് ഭാരതത്തില്‍ ലയിക്കുവാന്‍ മടിയുണ്ടായിരുന്നു. ഇസ്ലാമിക് പാകിസ്ഥാനും സ്വീകര്യമായിരുന്നില്ല. അതുകൊണ്ട് തീരുമാനമെടുക്കാതെ, ഒരുപക്ഷെ സ്വതന്ത്രകാശ്മീര്‍ ലക്ഷ്യംവെച്ച്, മഹാരാജാവ് അനങ്ങാതിരുന്നു. മഹാരാജാവിനെ പാട്ടിലാക്കുവാന്‍ മൗണ്ട്ബാറ്റണ്‍തന്നെ ശ്രീനഗറിലേക്ക് പോയി. മഹാരാജാവിനോട് കാശ്മീര്‍ 49 ആഗസ്റ്റ് 15നു മുന്നേ പാകിസ്ഥാനില്‍ ലയിക്കുകയാണെങ്കില്‍, പട്ടേലിനോ കോണ്‍ഗ്രസ്സിനോ ഒരു വിരോധവും തോന്നുകയില്ല എന്ന് പറഞ്ഞത് മൗണ്ട്ബാറ്റണ്‍ ആയിരുന്നു. പട്ടേലിന് അങ്ങിനെയൊരു കാര്യം സ്വീകാര്യമായിരുന്നു എന്ന് ഒരു രേഖയിലും വ്യക്തമാക്കുന്നില്ല. ഉള്ള രേഖ മഹാരാജാവിനെ ഇന്ത്യയില്‍ ലയിക്കുവാന്‍ ഉപദേശിച്ചുകൊണ്ട് ജൂണ്‍ ആദ്യവാരത്തില്‍ എഴുതിയ കത്തുമാത്രമാണ്. ഈ കാര്യം മേല്‍പ്പറഞ്ഞ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് ലോകസഭയില്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് അര്‍ദ്ധസത്യമാണ്.
370 – ാം വകുപ്പിന്റെ കഥ
ഷൈക്ക്അബ്ദുള്ള രാഷ്ട്രീയക്കണ്ണുള്ള ഒരു സ്‌കൂള്‍മാസ്റ്ററായിരുന്നു. അന്നത്തെ ജമ്മുകാശ്മീരില്‍ ഭരണനിര്‍വ്വഹണത്തിന്റെ മേല്‍തട്ടുകളില്‍ കാശ്മീരിബ്രാഹ്മണരും, സൈന്യത്തിന്റേയും പോലീസിന്റേയും നേതൃത്വനിരയില്‍ ഡോഗ്രകളുമായിരുന്നു. കാശ്മീരി മുസ്ലീംജനവിഭാഗത്തിനു മതിയായ പ്രാതിനിധ്യമില്ലായിരുന്നു. തുല്യനീതിക്കുവേണ്ടിയും ഡോഗ്രാ ആധിപത്യത്തിനെതിരായും മുസ്ലീംകോണ്‍ഫറന്‍സ് എന്ന സംഘടന രൂപീകരിച്ച് ഇദ്ദേഹം സമരപരിപാടികള്‍ ആരംഭിച്ചു. ഹിന്ദുവിരോധിയായതുകൊണ്ട് കാശ്മീരിലെ ഹിന്ദുക്കള്‍ എതിരായി. വര്‍ഗ്ഗീയ കലാപങ്ങള്‍ നിത്യസംഭവമായി. ഭൂരിപക്ഷം താഴ്‌വരയില്‍ മുസ്ലീങ്ങള്‍ക്കാണെങ്കിലും കാശ്മീരിനു പുറത്തുനിന്നുള്ള പിന്തുണ അതായത് ഭാരതത്തിലെ പ്രധാന രാഷ്ട്രീയകക്ഷിയുടെ സഹായമില്ലാതെ തനിക്കൊന്നും നേടാനാകുകയില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ മുസ്ലീംകോണ്‍ഫറന്‍സിനെ നാഷണല്‍ കോണ്‍ഫറന്‍സാക്കി പുനഃനാമകരണം ചെയ്തു. കോണ്‍ഗ്രസ്സിന്റെ നാട്ടുരാജ്യങ്ങള്‍ക്കുവേണ്ടിയുള്ള അനുബന്ധസംഘടനയുടെ ഭാഗമാക്കി. അതുകൊണ്ട് പ്രത്യക്ഷത്തില്‍ മതേതരവാദിയായി. നെഹ്രുവുമായി ചങ്ങാത്തമുണ്ടായിരുന്നതുകൊണ്ട് താഴ്‌വരയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. ഡോഗ്രാഭരണം അവസാനിപ്പിക്കുവാനുള്ള സമരമായതുകൊണ്ട് മഹാരാജാവ് ഇദ്ദേഹത്തെ ജയിലിലടച്ചു. നെഹ്രു പ്രതിഷേധിച്ചു. ഷെയ്ക്ക്അബ്ദുള്ളക്കുവേണ്ടി അദ്ദേഹം ശ്രീനഗറിലേക്കു യാത്ര തിരിച്ചു. കാശ്മീര്‍ അതിര്‍ത്തിയില്‍ അദ്ദേഹത്തെ തടഞ്ഞു. പട്ടേല്‍ ഇടപെട്ട് തിരികെ കൊണ്ടു വരുകയാണുണ്ടായത്. അങ്ങനെ നെഹ്രുവിന്റെ ഷെയ്ക്ക്അബ്ദുള്ളയുമായുള്ള ചങ്ങാത്തം മഹാരാജാവിന്റെ എതിര്‍പക്ഷത്ത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ എത്തിച്ചു. ലയനഉടമ്പടി ഒപ്പുവെക്കുവാന്‍ കുറച്ചുമാസങ്ങള്‍ മഹാരാജാവ് മടിച്ചുനിന്നതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. ലയനഉടമ്പടി ഷെയ്ക്ക്അബ്ദുള്ളയുടെ സമ്മതത്തോടെമാത്രമേ ഒപ്പുവെക്കാവൂ എന്ന് നെഹ്രു ശഠിച്ചിരുന്നു. ഇതു മഹാരാജാവിനു സ്വീകാര്യമായിരുന്നില്ല. കാരണം, ബ്രിട്ടീഷ്പാര്‍ലമെന്റ് പാസ്സാക്കിയ ആക്ട്അനുസരിച്ച് അതു മഹാരാജാവിന്റെമാത്രം അവകാശമായിരുന്നു. പട്ടേല്‍ മഹാരാജാവുമായുള്ള ബന്ധം ഉപയോഗിച്ച് ഷെയ്ക്ക് അബ്ദുള്ളയെ ജയില്‍മോചിതനാക്കി കാശ്മീരിലെ പ്രധാനമന്ത്രിയാക്കി.
ഭരണം കയ്യില്‍കിട്ടിയപ്പോള്‍ ഷെയ്ക്കിന്റെ ആവശ്യം മഹാരാജാവ് കാശ്മീര്‍ വിടണം എന്നായി. ആ സമയത്ത് ഹിതപരിശോധനയെന്ന വികല്പം നെഹ്രുതന്നെ മുന്നോട്ടുവെച്ചതായിരുന്നതു കൊണ്ടും, ഷെയ്ക്ക്അബ്ദുള്ളയുടെ സഹകരണമില്ലാതെ അതില്‍ വിജയിക്കുകയില്ലാ എന്നു നെഹ്രു കരുതിയിരുന്നതുകൊണ്ടും മഹാരാജാവിനോടു മൂന്നു-നാലുമാസം കാശ്മീരില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ അപേക്ഷിച്ചു. കാശ്മീരില്‍ തിരിച്ചെത്തിക്കാമെന്ന പട്ടേലിന്റെ വാക്കില്‍ യുവരാജാ കരണ്‍സിംഗിനെ ഭരണം ഏല്പിച്ച് മഹാരാജാവ് ബോംബെക്കു പോയി. അപ്പോഴാണ് ഷെയ്ക്ക് അബ്ദുള്ളയുടെ തനിനിറം പുറത്തായത്. മൈസൂര്‍ മാതൃകയില്‍ ഭരണസംവിധാനം ഭാരത്‌സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ മാതൃക തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയോട് ഉത്തരവാദിത്വമുള്ള പാര്‍ലമെന്ററി ജനാധിപത്യമായിരുന്നു. കാശ്മീരിന്റെ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇതു അനുയോജ്യമല്ല എന്ന് ഷെയ്ക്ക് ശഠിച്ചു. തന്റെ സ്വേച്ഛാധിപത്യം ലക്ഷ്യംവെച്ച് മറ്റൊരു ഭരണഘടനയായിരുന്നു ലക്ഷ്യം. അതിനു തടസ്സം നില്‍ക്കുന്ന മഹാരാജാവിനെ തിരികെ കാശ്മീരില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുകയില്ല എന്നു ശഠിച്ചു. നെഹ്രു വഴങ്ങി. താന്‍ കൊടുത്ത വാക്കുപാലിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ പട്ടേല്‍ രാജിവെക്കുവാന്‍ തയ്യാറായി. മഹാത്മാഗാന്ധി ഇടപെട്ട് തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചെങ്കിലും പട്ടേല്‍ അസംതൃപ്തനായിത്തന്നെ തുടര്‍ന്നു. ഇതിനകം കാശ്മീര്‍പ്രശ്‌നം പട്ടേലിന്റെ ചുമതലയില്‍നിന്നും മാറ്റി നെഹ്രു സ്വയംഏറ്റെടുത്തിരുന്നു. പേരിന് ഗോപാലസ്വാമി അയ്യങ്കാര്‍ എന്ന ഒരു മന്ത്രി ചുമതലക്കാരനുണ്ടായിരുന്നു. ഈ നിര്‍ണ്ണായക തീരുമാനവും ഷെയ്ക്ക്അബ്ദുള്ളയെ പ്രീതിപ്പെടുത്തുവാനായിരുന്നു.
ലയനഉടമ്പടിയില്‍ ഒപ്പുവെച്ച നാട്ടുരാജ്യങ്ങളുടെ പ്രതിനിധികള്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലുണ്ടായിരുന്നു. കാശ്മീരിന്റെ പ്രതിനിധികളും അതില്‍ പങ്കുചേര്‍ന്നു. ലയനഉടമ്പടിപ്രകാരം കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി തയ്യാറാക്കുന്ന ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകും എന്നാണ്. അതുകൊണ്ട് പ്രവിശ്യകള്‍ക്കോ, നാട്ടുരാജ്യങ്ങള്‍ക്കോ പ്രത്യേക ഭരണഘടനയുടെ ആവശ്യമില്ലായിരുന്നു. പക്ഷേ പരമാധികാരി എന്ന നിലയില്‍ തനിക്ക് ഭൂരിപക്ഷം ലഭിക്കുവാനെന്നവണ്ണം താഴ്‌വരയിലും ജമ്മുവിലുമായി സീറ്റുകള്‍ വിഭജിച്ചും, എതിരാളികളെ അയോഗ്യരാക്കിയും ഷെയ്ക്ക് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പുനടത്തി. അന്നത്തെ ഐ.ബിയുടെ തലവന്‍ ബി.എന്‍. മല്ലിക്ക് MY YEARS WITH NEHRU എന്ന ആത്മകഥയില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ”എതിരാളികളാകുവാന്‍ സാധ്യതയുള്ളവരുടെ നാമനിര്‍ദ്ദേശപത്രികകള്‍ നിരസിച്ചു. തന്റെ അഭിപ്രായത്തോട് വിയോജിക്കുന്ന ഒരു പ്രതിപക്ഷത്തെ സങ്കല്‍പ്പിക്കുകകൂടി അദ്ദേഹത്തിന് അസാധ്യമായിരുന്നു”
ഒടുവില്‍ രാജ്യരക്ഷ, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവമാത്രം കേന്ദ്രത്തിന്റെ ചുമതലയാക്കി ഒരു സ്വയംഭരണപ്രവിശ്യയുടെ പ്രധാനമന്ത്രിയായി ഷെയ്ക്ക്അബ്ദുള്ള വിലസി. മഹാരാജാവിന്റെ പരമാധികാരം, രാജ്യത്തിന്റെ നാലില്‍ ഒരുഭാഗം മാത്രംവരുന്ന താഴ്‌വരയിലെ മുസ്ലീങ്ങളുടെ പിന്തുണയോടെ കരസ്ഥമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന മറ്റു സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രിക്ക് ഉള്ള ഭരണനിര്‍വ്വഹണത്തിന്റെ പരിധി, ഇതിന്റെ പകുതിയിലും കുറവാണ്. എന്തുകൊണ്ട് വലിയ ജനാധിപത്യവാദിയായിരുന്ന നെഹ്രു ഷെയ്ക്കിന്റെ ഈ ചെയ്തികളില്‍ ഇടപെട്ടില്ല. ഒടുവില്‍ ഷെയ്ക്കും പാകിസ്ഥാനികളുമായുള്ള രഹസ്യ ബന്ധങ്ങള്‍ വെളിയിലായപ്പോള്‍ നെഹ്രുവിനുതന്നെ അദ്ദേഹത്തെ തടവുകാരനാക്കി കൊടൈക്കനാലിലേക്ക് നാടുകടത്തേണ്ടിവന്നു. കാശ്മീരിന്റെ ഭരണഘടന ലയനം സ്ഥിരീകരിക്കുന്നതുകൊണ്ട് ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അഭിന്നഭാഗമാണെന്നവാദം അന്താരാഷ്ട്രസമുദായം അംഗീകരിക്കുന്നു. കാശ്മീരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ആഭ്യന്തരം മാത്രം എന്ന് നമുക്ക് ഉചൈ്ഛസ്തരം ഘോഷിക്കാം. ഇതാണ് 370-ാം വകുപ്പിന്റെചരിത്രം.
സി.ജയനാരായണന്‍
കടപ്പാട് കേസരി വീക്കിലി
ഭാരതത്തിനെതിരായി സായുധകലാപം നടത്തിയ നിസാം ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങി ലയനഉടമ്പടിയില്‍ ഒപ്പുവെച്ചപ്പോള്‍, എല്ലാംമറന്ന് പട്ടേല്‍ നിസാമിനെ രാജ്പ്രമുഖ് ആക്കി ആദരവു നിലനിര്‍ത്തി. ഭാരതത്തിനെതിരായി വാക്കാലോ പ്രവൃത്തിയാലോ ഒന്നുംചെയ്യാത്ത മഹാരാജാഹരിസിംഗിനെ നാടുകടത്തുകയാണുണ്ടായത്. വി.പി.മേനോന്‍ മേല്പറഞ്ഞ ഗ്രന്ഥത്തില്‍ ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്. മഹാരാജാവ് ഒപ്പിട്ട ലയനഉടമ്പടിവാങ്ങി മേനോന്‍ മുറിയില്‍നിന്നും പുറത്തുകടക്കുമ്പോള്‍ മഹാരാജാവ് ഉള്ളുതുറന്നു. ”നിങ്ങള്‍ തിരിച്ചുവരികയാണെങ്കില്‍മാത്രം എന്നെ ഉണര്‍ത്തിയാല്‍ മതി; നിങ്ങള്‍ വരാത്തപക്ഷം എന്റെ എ.ഡി.സി.ക്ക് ഉറക്കത്തില്‍ എന്നെവെടിവെച്ച് കൊലപ്പെടുത്തുവാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.””മഹാരാജാവിന്റെ ഹൃദയവ്യഥ ഈ വാക്കുകളില്‍ വ്യക്തമാവുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള ഭൂപ്രദേശം ഒട്ടാകെ കണക്കിലെടുത്താല്‍ മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമില്ല. ജമ്മുവിലെ ഹിന്ദുക്കളേയും ലഡാക്ക്-കാര്‍ഗില്‍ ഗില്‍ഗിത് മേഖലയിലെ ബുദ്ധിസ്റ്റുകളേയും നിര്‍ബ്ബന്ധപൂര്‍വ്വം പാകിസ്ഥാന്റെ നുകത്തില്‍ കെട്ടുന്നത് നീതിയായിരിക്കുകയില്ല. മീര്‍പൂറിലെ (പി.ഒ.കെ) ഗോത്രവര്‍ഗ്ഗക്കാര്‍ താഴ്‌വരയിലെ ജനങ്ങളുമായി, വിശ്വാസപരമായി ഐക്യപ്പെട്ടവരാണെങ്കിലും ഭാഷാപരമായോ, സാംസ്‌കാരികമായോ സമാനത പുലര്‍ത്തുന്നില്ല. താഴ്‌വരയിലെ മുസ്ലീങ്ങള്‍ ബ്രാഹ്മണ സമുദായത്തില്‍നിന്ന് മതംമാറിയവരും, മധ്യഏഷ്യയില്‍നിന്നും കുടിയേറിയ തൊഴിലാളികളുമായി വ്യത്യസ്തനിലവാരം പുലര്‍ത്തുന്നവരാണ്. അതുകൊണ്ടാണ് ആദ്യം മഹാരാജാവ് മടിച്ചുനിന്നത്. താഴ്‌വരയില്‍ ഭൂരിപക്ഷംകിട്ടുവാന്‍ സാധ്യതകുറവാണെന്നു ബോധ്യമുള്ളതുകൊണ്ടാണ്, ജിന്ന ഹിതപരിശോധനക്ക് തയ്യാറാകാതിരുന്നതും. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാര്‍തന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് വാചകകസര്‍ത്ത് കാണിക്കുന്നത്.
സി.ജയനാരായണന്‍
കടപ്പാട് കേസരി വീക്കിലി