ഗഡ്ചിഞ്ച്‌ളെ ഗ്രാമത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകം


ഭാരതത്തില്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നത് പരിഹാസശബ്ദമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇല്ലാത്ത വാര്‍ത്തകളെ ഉണ്ടാക്കാനും ഉള്ള വാര്‍ത്തകളെ അപ്രത്യക്ഷമാക്കാനും കഴിവുള്ള ഐന്ദ്രജാലികരുടെ വിഹാരരംഗമായി ഇന്ത്യന്‍ മാധ്യമലോകം മാറിയിട്ട് കുറച്ചുകാലമായി. എല്ലാ മാധ്യമസ്ഥാപനങ്ങളും അങ്ങിനെയാണെന്നും എല്ലാ മാധ്യമപ്രവര്‍ത്തകരും അത്തരക്കാരാണെന്നും അഭിപ്രായമില്ല. പക്ഷെ മാധ്യമലോകത്തിന് അതിന്റെ തൊഴില്‍ ധാര്‍മ്മികത നഷ്ടപ്പെട്ടുപോയി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലപാതകത്തോട് കാട്ടിയ നിശബ്ദത.

ഭാരതത്തിന്റെ ഏത് കുഗ്രാമത്തില്‍ ഒരില അനങ്ങിയാലും അറിയുന്ന ഇന്ത്യന്‍ മാധ്യമലോകം രണ്ട് സന്ന്യാസിമാരെയും അവരുടെ ഡ്രൈവറെയും ഭീകരമായി അടിച്ചുകൊന്നിട്ട് ആ വാര്‍ത്തയോട് കാണിച്ച നിന്ദ്യമായ അവഗണന ഒന്നുമതി മാധ്യമപക്ഷപാതത്തിന്റെ ആഴമറിയാന്‍. ഏപ്രില്‍ 16ന് രാത്രിയില്‍ നടന്ന കൊലപാതകം ലോകമറിയുന്നത് 19ന് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്ന് കേവലം 125 കിലോമീറ്റര്‍ മാത്രം ദൂരെ ഗഡ്ചിഞ്ച്‌ളെ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ടക്കൊലപാതകം ആരാണ് മറച്ചുവച്ചത്? എന്തിനാണ് മറച്ചുവച്ചത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തിരയുന്നതിനുമുമ്പ് സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.



ഉത്തര്‍പ്രദേശിലെ വാരണാസി കേന്ദ്രമായുള്ള ശ്രീപഞ്ചദശ്‌നം ജൂന അഖാഡയുടെ നാസിക് ആശ്രമത്തിലെ വന്ദ്യവയോധികനായ ചിക്‌നെ മഹാരാജ് കല്‍പ്പവൃക്ഷ ഗിരി, സുശീല്‍ മഹാരാജ് എന്നീ സന്ന്യാസിമാര്‍ മഹന്ത് രാമഗിരിയെന്ന സന്ന്യാസിയുടെ സമാധിയിരുത്തല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സൂറത്തിലേക്കു പോകുംവഴിയാണ് മഹാരാഷ്ട്രയിലെ കാസാഗ്രാമത്തില്‍ എത്തിപ്പെടുന്നത്. ലോക്ക്ഡൗണ്‍ കാരണമാണ് അപരിചിതമായ വഴികളിലൂടെ ഇവര്‍ക്ക് വരേണ്ടിവന്നത്. ഇരുനൂറോളം വരുന്ന ആള്‍ക്കൂട്ടം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കുട്ടികളെ അപഹരിക്കുന്നവരാണെന്നും മോഷ്ടാക്കളാണെന്നും മറ്റും പറഞ്ഞായിരുന്നു ആക്രമണം. ഡ്രൈവര്‍ പോലീസിനെ ഫോണ്‍ ചെയ്തു വരുത്തിയെങ്കിലും പോലീസുകാര്‍ യാതൊരു സംരക്ഷണവും ഇരകള്‍ക്കൊരുക്കിയില്ലെന്നു മാത്രമല്ല എഴുപതുവയസു കഴിഞ്ഞ ഒരു സന്ന്യാസി വര്യനെ അക്രമികള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കുക കൂടി ചെയ്തു. മുപ്പതോളം പോലീസുകാര്‍ മൂന്നു മണിക്കൂര്‍ നിസംഗരായി നോക്കിനിന്ന ആക്രമണങ്ങള്‍ക്കൊടുവില്‍ മരത്തടികളും കല്ലും ഉപയോഗിച്ച് ജനക്കൂട്ടം രണ്ട് സന്ന്യാസിമാരെയും അവരുടെ ഡ്രൈവറെയും കൊലപ്പെടുത്തി. മൃതദേഹം ഒരു ദിവസം മുഴുവന്‍ റോഡില്‍ കിടന്നു എന്നതാണ് അതിനേക്കാളും ഭീകരമായ സംഗതി.



വാര്‍ത്ത മറച്ചുവയ്ക്കാന്‍ മഹാരാഷ്ട്ര ഭരണകൂടവും ഇടതു പക്ഷ മേല്‍ക്കോയ്മയുള്ള ഇന്ത്യന്‍ മാധ്യമലോകവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനാ മുന്നണിയുടെ ഘടകകക്ഷികളായ സിപിഎമ്മിനും എന്‍സിപിയ്ക്കും മേല്‍ക്കൈയുള്ള സ്ഥലത്താണ് സംഭവം അരങ്ങേറിയത് എന്നതുകൊണ്ടാണ് വാര്‍ത്ത പുറത്തുവരാതിരുന്നത്. രാജ്യത്തെവിടെ എന്ത് ആക്രമണം നടന്നാലും അതിലെ മതവും രാഷ്ട്രീയവും തിരയുന്ന മാധ്യമങ്ങള്‍ ഇരകളുടെ പട്ടികയില്‍ സംഘടിതമതവിഭാഗങ്ങള്‍ ആണെങ്കില്‍ പ്രതികള്‍ സംഘപരിവാറുകാരാണെന്ന് ഉറപ്പിച്ച് അച്ചുനിരത്തുകയും ചാനല്‍ വിചാരണകള്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇരകള്‍ ഹിന്ദുക്കളാണെങ്കില്‍ മനുഷ്യാവകാശവാദികളോ, ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ രോഷംകൊള്ളുന്നവരോ ഒന്നും സംഭവം അറിഞ്ഞതായിപ്പോലും നടിക്കാറില്ല. ഇത്തരം ‘സെലക്ടീവ് ജേര്‍ണലിസം’ ഉദരംഭരികളായ ഇരപിടിയന്മാരുടെ മൃഗയാവിനോദം മാത്രമാണെന്ന് പറയേണ്ടിവരും. കാഷായവസ്ത്രം ധരിച്ചാല്‍ പിന്നെ അവനു മനുഷ്യാവകാശമില്ലാത്തതുകൊണ്ടാവുമല്ലോ മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് ഗുണ്ടകളും സാമൂഹ്യവിരുദ്ധരും ചേര്‍ന്ന് തല്ലിക്കൊന്ന ഹിന്ദുസന്ന്യാസിമാരെക്കുറിച്ച് ഭാരതത്തിലേയും വിശിഷ്യാ കേരളത്തിലേയും മിക്ക മാധ്യമങ്ങളും നിശബ്ദത പാലിച്ചത്. ഉത്തര്‍പ്രദേശില്‍ പശുമോഷണത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിനും, തീവണ്ടിയില്‍ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിനുമുള്ള മനുഷ്യാവകാശമെങ്കിലും മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട മൂന്നു മനുഷ്യജീവനുകള്‍ക്ക് കല്പിച്ചനുവദിക്കാന്‍ ഭാരതത്തിലെ ചില മാധ്യമങ്ങള്‍ തയ്യാറാകണം.

യു.പിയിലെ ജുനൈദിന് പത്തുലക്ഷവുമായി പോയ കേരളാമുഖ്യമന്ത്രി വിജയന്‍ മഹാരാഷ്ട്രയിലെ സന്ന്യാസിമാരുടെ കൊലപാതകം ഇതുവരെ അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാക്കള്‍ ആരെങ്കിലും വാര്‍ത്ത ഒന്നറിയിച്ചാല്‍ നന്നായിരുന്നു. കൊല നടന്ന ദാനു നിയമസഭാമണ്ഡലം കമ്മ്യൂണിസ്റ്റ് സ്വാധീന കേന്ദ്രമാണെന്നുള്ളതുകൊണ്ടും കൊലയ്ക്ക് നേതൃത്വം കൊടുത്തവരില്‍ സിപിഎം അംഗങ്ങളായ വിഷ്ണുപത്താറ, സുഭാഷ് ഭാവാര്‍, ധര്‍മ്മഭാവാര്‍ തുടങ്ങിയവരൊക്കെ ഉള്ളതുകൊണ്ടും കൊല്ലപ്പെട്ടവരെ മനുഷ്യരായി കണക്കാക്കേണ്ടതില്ല എന്ന മാധ്യമലോകത്തിന്റെ സമീപനത്തിന് വലിയ വിലകൊടുക്കേണ്ടിവരും എന്ന കാര്യത്തില്‍ സംശയംവേണ്ട. അധികാരമോഹപൂര്‍ത്തിക്കുവേണ്ടി കോണ്‍ഗ്രസ്സിന്റേയും എന്‍സിപിയുടെയും വിടുപണി ചെയ്യുന്ന ശിവസേനയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അവസാനത്തിന്റെ ആരംഭം കൂടിയാണ് മഹാരാഷ്ട്രയില്‍ നടന്ന സന്ന്യാസിമാരുടെ കൊലപാതകം. അഖാഡകളിലെ സന്ന്യാസിമാര്‍ നാമം ജപിച്ചിരുന്നു കൊള്ളുമെന്ന തെറ്റിദ്ധാരണ ഉദ്ധവ് താക്കറേയ്ക്കുണ്ടെങ്കില്‍ വരുംനാളുകളില്‍ ആ ധാരണ മാറ്റേണ്ടിവരും. ചോരപുരണ്ട കാവിവസ്ത്രങ്ങള്‍ കണക്കു ചോദിക്കുന്ന കാലം വിദൂരമല്ലെന്നോര്‍ത്താല്‍ ഇറ്റലി കോണ്‍ഗ്രസ്സിനും ശിവസേനയ്ക്കും നന്ന്.

കടപ്പാട് - കേസരി വീക്കിലി