കോഴിക്കോട് പന്നിയങ്കരയിലുള്ള പാലക്കൽ തറവാട്ടിൽ അഡ്വ. മാനവിക്രമൻ രാജയുടെയും സാവിത്രി അമ്മയുടെയും പുത്രനായി 1926 മെയ് 31നു (ഇടവമാസത്തിൽ ഉത്രാടം നക്ഷത്രത്തിൽ) ജനിച്ചു. സ്കൂൾ തലത്തിൽ തന്നെ സംസ്കൃതം, പുരാണങ്ങൾ, ജ്യോതിശാസ്ത്രം മറ്റു ഭാരതീയ സാഹിത്യങ്ങൾ എന്നിവയിൽ പഠനം ആരംഭിച്ചിരുന്നു. 1942ഇൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾത്തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. ഉയർന്ന മാർക്കോട് കൂടി ഇന്റർമീഡിയേറ്റ് പാസ്സായതിനു ശേഷം മദ്രാസ് കൃസ്ത്യൻ കോളേജിൽ ബി. എസ്. സി ക്കു ചേർന്ന് ഗോൾഡ് മെഡൽ കരസ്ഥമാക്കി പാസ്സായി.
1946ഇൽ കേരളത്തിൽ നിന്നുള്ള ആദ്യ പ്രചാരകന്മാരുടെ കൂട്ടത്തിൽ മാധവ് ജിയും ഉണ്ടായിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരും പ്രചാരകനായി പ്രവർത്തിച്ചു.
1962ഇൽ വടക്കൻ മേഖലയിലെ പ്രചാരകനായി പ്രവർത്തിക്കുമ്പോൾ ഉഗ്രസാധകനായിരുന്നു പള്ളത്തു ശ്രീ.നാരായണൻ നമ്പൂതിരി അവർകളിൽ നിന്നും ശ്രീവിദ്യ പൂർണ്ണ മന്ത്ര ദീക്ഷ സ്വീകരിച്ചു. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ കാഴ്ചപ്പാട് ഹിന്ദു സമൂഹത്തിനു ലഭ്യമാക്കുന്നതിനു ക്ഷേത്രസങ്കല്പം എന്ന ലേഖനം പ്രസിദ്ധീകരിച്ചു.
1966ഇൽ കേളപ്പജിയുടെ നേതൃത്വത്തിൽ ആരംഭിച്ച മലബാർ പ്രദേശ് ക്ഷേത്ര സംരക്ഷണ സമിതിയിൽ 1968 ഓടെ മാധവ് ജി സജീവമായി. 1972ഇൽ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ തന്ത്രവിദ്യാപീഠം ആരംഭിച്ചു. 1975 ഇൽ സമിതി മാധവ് ജിയുടെ ക്ഷേത്ര സങ്കല്പത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനത്തെ അതിന്റെ സൈദ്ധാന്തികമായ അടിത്തറയായി സ്വീകരിച്ചു. മുഴുവൻ കേരളത്തിലെയും തകർന്നടിഞ്ഞ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ മാധവ് ജിയുടെ നേതൃത്വത്തിൽ തീരുമാനിച്ച ആ സംഘടന 1977ഇൽ “കേരള ക്ഷേത്ര സംരക്ഷണ സമിതി” ആയി മാറി.
1982ൽ നടന്ന ചരിത്രപ്രസിദ്ധമായ വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി മാധവ് ജി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984ൽ സമിതിയുടെ കോട്ടയം ജില്ലാ ഘടകം മാധവ് ജിയുടെ ക്ഷേത്ര സംബന്ധമായ 9 ലേഖനങ്ങൾ സമാഹരിച്ചു കൊണ്ട് ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. സാധാരണക്കാർക്കുപോലും മനസ്സിലാവുന്ന ലളിതമായ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്.
1987 ആഗസ്ത് 26ന് ചേന്ദമംഗലത്തു വെച്ച് നടന്ന പാലിയം വിളംബരത്തിൽ “ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ബ്രാഹ്മണ്യം കൈവരുന്നത്” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു സാമൂഹ്യവിപ്ലവത്തിനു തിരികൊളുത്തി. 1988 സെപ്റ്റംബറിൽ ആലുവയിൽ വെച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.