ഗണപതി ഉപാസനയുടെ രഹസ്യാര്‍ഥങ്ങൾ



ഗണപതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍പലര്‍ക്കും മഹാഗണപതി ഭഗവാന്‍ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളില്‍പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. തായ്‌ലന്റിലും ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലുമെല്ലാം ഗണപതിദേവനുണ്ട്. ജപ്പാനില്‍ഗണപതിയുടെ പേര് കാംഗിറ്റന്‍എന്നാണ്. എന്തുകൊണ്ടാണ് ഗണപതിക്ക് ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്നതിനെക്കുറിച്ച് അല്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു. കാരണം നാം ഓരോരുത്തരും കടതുടങ്ങുമ്പോള്‍, വീടുതാമസം നടത്തുമ്പോള്‍ എന്നുവേണ്ട സകലതിന്റെയും തുടക്കത്തില്‍ ഗണപതിഹോമം കേരളക്കാരന് പഥ്യമാണ്. ഗണപതിഹോമം എന്നു കേള്‍ക്കാത്തവര്‍ ചുരുങ്ങും.


വേദങ്ങളിലാണ് ഇന്നു കാണുന്ന നിരവധി ദേവതകളെക്കുറിച്ചുള്ള ആദ്യപ്രസ്താവം കാണാന്‍ കഴിയുക. ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ച് പറയുന്നത്. അല്ലാതെ എല്ലാവരും കരുതുന്നതുപോലെ ഋഗ്വേദം തുടങ്ങുന്നതുതന്നെ വിഘ്‌നേശ്വരസ്തുതിയോടെയല്ല.ഋഗ്വേദം തുടങ്ങുന്നത് ‘അഗ്നിമീളേ’ എന്ന് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. അപ്പോള്‍പിന്നെ അഗ്നിക്ക് ഗണപതിയുമായി ബന്ധം വല്ലതുമുണ്ടോ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. ഋഗ്വേദത്തില്‍ നമുക്കതു വായിക്കാം.‘

*‘ഗണാനാം ത്വാ ഗണപതിം ഹവാമഹേ*
*കവിം* *കവീനാമുപമശ്രവസ്തമമ്*ജ്യേഷ്ഠരാജം ബ്രഹ്മണാം*
*ബ്രഹ്മണസ്പത’ (ഋഗ്വേദം 2.23.1)*

ഗണപതി ബൃഹസ്പതിയും കവിയുമാണ്. ഗണപതി വിദ്യയുടെയും ബുദ്ധിയുടെയും ദേവതയാണല്ലോ. വേദവാണിയുടെതന്നെ അധിപതിയാണ് ബൃഹസ്പതി. ബ്രഹ്മണസ്പതി എന്ന വാക്കിനും ഇതേ അര്‍ഥംതന്നെ. ഇതുമാത്രമല്ല, ഋഗ്വേദത്തില്‍തന്നെ കവികളില്‍ഏറ്റവും ശ്രേഷ്ഠന്‍ഗണപതിയാണെന്നും പറയുന്നുണ്ട്. *”ഗണപതേ ഗണേഷു ത്വമാഹുര്‍വിപ്രതമം കവീനാമ്” (ഋ.10.11.29)* എന്ന പ്രസ്താവം ഏറെ പ്രശസ്തമാണ്. അപ്പോള്‍ ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും കവിത്വത്തിന്റെയും വേദവിജ്ഞാനത്തിന്റെയും അധിപതിയാണെന്നു സാരം. ഇതുകൊണ്ടായിരിക്കാം ബുദ്ധിയും സിദ്ധിയും ഗണപതിയുടെ ഭാര്യമാരാണെന്നു പിന്നീട് ഇന്ത്യയില്‍ വിശ്വാസമെന്നവണ്ണം പ്രചരിക്കാനിടയായത്.

ഇനി നമുക്ക് തന്ത്രഗ്രന്ഥങ്ങളില്‍ഗണപതിയുടെ പര്യായപദങ്ങള്‍നല്‍കിയതൊന്നു വായിക്കാം. സിന്ദൂരാഭന്‍, രക്തവസ്ത്രാങ്ഗരാഗന്‍, ധൂമ്രകേതു, ലംബോദരന്‍, സര്‍വഭക്ഷകന്‍, വിനായകന്‍ തുടങ്ങിയ പര്യായങ്ങളെല്ലാം ഗണപതിയുടേതാണ്. സിന്ദൂരപ്രകാശമുള്ളതെന്നാണ്സിന്ദൂരാഭം എന്ന വാക്കിനര്‍ഥം. രക്തവസ്ത്രാങ്ഗരാഗം എന്ന വാക്കിനും ഏതാണ്ട് ഇതേ അര്‍ഥംതന്നെയാണ്. അതായത് രക്തവര്‍ണം അല്ലെങ്കില്‍അഗ്നിവര്‍ണം ഗണപതിയുടെ നിറമാണെന്നു നമുക്കു മനസ്സിലാക്കാം. ലംബോദരന്‍എന്നതാണ് മറ്റൊരു പര്യായം.

ഗണപതി സര്‍വഭക്ഷകനാണ്. എന്തുകൊടുത്താലും തിന്നുതീര്‍ക്കും. എത്ര ഭക്ഷണം കഴിച്ചാലും മതിവരില്ല. ഗണപതിയുടെ വയറ്റില്‍ അവയെല്ലാം നിമിഷനേരം കൊണ്ടുദഹിച്ചുതീരും. അഗ്നിയിലും ഇങ്ങനെതന്നെയാണ്. അഗ്നിയില്‍ എന്തുനിക്ഷേപിച്ചാലും അതു ദഹിച്ചുപോകുന്നു. ഇവിടെ ഒന്നാമതായി ഗണപതിനിറം അഗ്നിവര്‍ണ്ണം, രണ്ടാമതായി ഗണപതിയില്‍ എന്തു നിക്ഷേപിച്ചാലും ദഹിച്ചുതീരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഗണപതിക്കും അഗ്നിക്കും തമ്മില്‍ സമാനതകളുള്ളതായി മനസ്സിലാക്കാം. ഗണപതിയുടെ മറ്റൊരു പേര് ധൂമ്രകേതു എന്നാണ്.

ധൂമ്രകേതു എന്ന വാക്കിനര്‍ഥം പുക കൊടിയായുള്ളവന്‍ എന്നാണ്. പുകയെ കൊടിയാക്കുന്നവന്‍ എന്താണ്? അഗ്നിയാണ് പുക കൊടിയായുള്ളവന്‍ എന്നറിയാത്തവരുണ്ടാവില്ല. അഗ്നി ലംബോദരനാണ്, സര്‍വഭക്ഷകനാണ്. സര്‍വവും ഭക്ഷിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ വിശ്വാദം എന്ന് അഗ്നിയെ വിശേഷിപ്പിച്ചിരിക്കുന്നതായി ഋഗ്വേദത്തില്‍ കാണാം. (ഋ. 8.44.26) അതേ സൂക്തത്തില്‍ അഗ്നിയെ കവി, വിപ്രന്‍, ധൂമ്രകേതു, വിശ്പതി (ജനങ്ങളുടെ പതി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഗണപതി അഗ്നിതന്നെയാണെന്നു ഉറപ്പിച്ചു പറയാം. ഗണപതിഹോമംതന്നെ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. ഹോമം, വാസ്തവത്തില്‍ ഇഡാപിംഗളാനാഡികളിലൂടെ സാധനാ മാര്‍ഗത്തിലൂടെ നാം അനുവര്‍ത്തിക്കുന്ന മന്ത്രസ്പന്ദനങ്ങളെ സുഷുമ്‌നയിലേക്ക് കൊണ്ടുവരാനുപയോഗിക്കുന്ന ഉപാധിയാണ്. മൂലാധാരം പൃഥ്വീതലത്തിലാണ് ഉള്ളത്. കുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുമ്പോള്‍ ശരീരത്തില്‍ മൂലാധാരചക്രത്തില്‍ കുണ്ഡലിനിയുടെ പ്രതീകമാണ് കാണാന്‍ സാധിക്കുക.

കുണ്ഡലിനിയില്‍ മന്ത്രസ്പന്ദനങ്ങള്‍ ചേര്‍ക്കുന്നതിന്റെ പ്രതീകമാണ് കുണ്ഡത്തില്‍ നെയ്യ് ഒഴിക്കുന്നത്. ‘കുണ്ഡം’ എന്ന വാക്കുതന്നെ ‘കുണ്ഡലിനി’യുമായി ബന്ധപ്പെട്ടതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണല്ലോ. മന്ത്രസഹിതം കുണ്ഡത്തില്‍ ഹവിസ്സര്‍പ്പിക്കപ്പെടുന്നത് കുണ്ഡലിനി ഉയരാന്‍ ഏറെ സഹായിക്കുമെന്നും മന്ത്രശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാം. മൂലാധാരത്തില്‍നിന്ന് കുണ്ഡലിനീ അഗ്നി ഉയര്‍ന്നു പൊങ്ങുന്നതിന്റെ പ്രതീകമാണ് ഹോമപ്രക്രിയ.

ഗണപതിയുടെ വാഹനം എലിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയും വലിയ ആകാരമുള്ള ഗണപതിക്ക് ഇത്ര ചെറിയ മൃഗം വാഹനമാകുമോ എന്ന് പലരും പരിഹസിച്ചുതള്ളുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഉപമാലങ്കാരത്തിനു പിന്നിലും വലിയൊരു ശാസ്ത്രീയതത്ത്വം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഗണപതി സാക്ഷാല്‍ അഗ്നിയാണെന്നു പറഞ്ഞുവല്ലോ. തൈത്തിരീയ ബ്രാഹ്മണത്തിലെ ഒരു പ്രസ്താവം വായിക്കുക. *അഗ്നിര്‍ദേവേ*ഭ്യോ നിലീയത ആഖുരൂപം* *കൃത്വാ പൃഥിവീം പ്രാവിശത്. (തൈത്തിരീയ ബ്രാഹ്മണം 1.1.3.3)*

അര്‍ഥം: അഗ്നി ദേവന്മാരുടെ അടുത്തുനിന്ന് അന്തര്‍ധാനം ചെയ്തു. എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയില്‍ പോയി ഒളിച്ചിരുന്നു.
സൃഷ്ടിയുടെ തുടക്കത്തില്‍ ഈ ഭൂമി ഉരുകിത്തിളച്ചുമറിയുന്ന വസ്തുവായിരുന്നുവല്ലോ. എന്നാല്‍ ക്രമേണ ഭൂമിയുടെ ഉപരിതലം തണുത്തുതുടങ്ങി. പുറമേയുള്ള ആ അഗ്നി ഭൂമിയ്ക്കടിയില്‍ ലാവരൂപേണ ഇപ്പോഴും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ‘അഗ്നി’ എലിയെപ്പോലെ ഭൂമിക്കടിയില്‍പ്പോയി ഒളിച്ചിരുന്നുവെന്ന് ലാക്ഷണികമായി പറഞ്ഞതാണ്. ഇത് ആധിദൈവികമായ അര്‍ഥമാണ്. എന്നാല്‍ ആധ്യാത്മികമായി പൃഥ്വീതത്ത്വമാണ് എലി. മൂലാധാരസ്ഥിതമാണ് ഗണപതി. മൂലാധാരത്തിലെ ഗണപതിയുടെ വാഹനം ഭൂമിതത്ത്വവുമായി ബന്ധപ്പെട്ട എലിതന്നെയാകുന്നത് സ്വാഭാവികംതന്നെ. യജുര്‍വേദത്തില്‍ പറയുന്നതിങ്ങനെയാണ്. ‘ആഖുസ്‌തേ പശുഃ’ (3.37) അവന്റെ മൃഗം എലിയാണെന്നര്‍ഥം. ഇതു മാത്രമല്ല, ഗണപതിരൂപത്തില്‍ ഇനിയും അനേകം ആധ്യാത്മികതത്ത്വങ്ങള്‍ കാണാം. ഗണപതിയുടെ കൈയിലുള്ള പാശം ആശാപാശങ്ങളെ ബന്ധിക്കേണ്ടതിന്റെയും അങ്കുശം മദംപൊട്ടിയ ആനയപ്പോലെയുള്ള വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതിന്റെയും പ്രതീകമാകുമ്പോള്‍ ഒടിഞ്ഞകൊമ്പ് സുഖ-ദുഃഖ, നിന്ദാ-സ്തുതി, മാന-അപമാനദ്വന്ദ്വങ്ങളില്‍നിന്ന് മുക്തനാകേണ്ടതിന്റെയും മധുരമോദകമാകട്ടെ ഉപാസനയിലൂടെ ലഭ്യമാകുന്ന ആധ്യാത്മികമായ ആനന്ദത്തെയും പ്രതീകവത്കരിക്കുന്നു.