ലേഖനം എന്തുകൊണ്ട് - ചര്‍ച്ച് ആക്ട് നടപ്പാക്കണം - അഭിമുഖം


അഭിമുഖം = ജസ്റ്റിസ് കെ.ടി. തോമസ് /മുരളി പാറപ്പുറം

ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കുന്ന ചര്‍ച്ച് ആക്ടിനെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ സജീവമാണ്. മറ്റെല്ലാ മതങ്ങളുടെയും സ്വത്ത് ഭരിക്കാന്‍ നിയമങ്ങളുള്ളപ്പോള്‍ ക്രൈസ്തവസഭകള്‍ക്കു മാത്രമാണ് അതില്ലാത്തത്. ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ക്രൈസ്തവസഭാ മേധാവികള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇവര്‍ക്ക് കീഴടങ്ങുകയാണ് ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍. എന്നാല്‍ ഈ കോലാഹലമൊന്നും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കുശേഷം നിയമപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് കെ.ടി.തോമസിനെ ബാധിക്കുന്നില്ല. ‘കേസരി’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു നീതിമാന്റെ പ്രതികരണങ്ങളാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്.

ചര്‍ച്ച് ആക്ടിന്റെ കാര്യത്തില്‍ ക്രൈസ്തവസഭകളില്‍ ഏതാണ്ട് തൊണ്ണൂറ്റിയൊന്‍പത് ശതമാനവും ഇടതുമുന്നണി സര്‍ക്കാരും ഇത് നടപ്പാക്കില്ലെന്ന് പറയുകയാണ്. അങ്ങയുടെ പ്രതികരണമെന്താണ്?

തൊണ്ണൂറ്റിയൊന്‍പത് ശതമാനവും എന്നുപറയുന്നത് വളരെ തെറ്റാണ്. അതായത് യാക്കോബായ സഭ മുഴുവനും ചര്‍ച്ച് ആക്ടിനെ അനുകൂലിച്ച് പ്രമേയം പാസ്സാക്കി. കോട്ടയം ഉള്‍പ്പെടെ മണര്‍കാട് പള്ളിയൊക്കെ യാക്കോബായ സഭയില്‍ വരുന്നതാണ്. വടക്കോട്ട് കുന്നംകുളംവരെ. ഏറ്റവും കൂടുതല്‍ പള്ളികളും വിശ്വാസികളുമുള്ളത് ഇവര്‍ക്കാണ്. ഡിവിഷനില്‍ കുറവുള്ളവരാണ് ഓര്‍ത്തഡോക്‌സ്. ഇവരാണ് ചര്‍ച്ച് ആക്ടിനെ എതിര്‍ക്കുന്നത്. ചര്‍ച്ച് ആക്ടിന്റെ കരട് വെബ്‌സൈറ്റിലിട്ടപ്പോള്‍ നിരവധി വ്യക്തികള്‍ അനുകൂലിക്കുകയുണ്ടായി. യാക്കോബായ ഒഴികെയുള്ള സഭകളില്‍ മെത്രാന്മാര്‍ക്കാണ് കൂടുതല്‍ എതിര്‍പ്പ്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു കടുംപിടുത്തത്തിലാണല്ലോ. ചര്‍ച്ച് ആക്ട് നടപ്പാക്കുന്ന പ്രശ്‌നമില്ലെന്നാണ് പറയുന്നത്?

സര്‍ക്കാരിന് അങ്ങനെ പറയാറായിട്ടില്ലല്ലോ. വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ട് ജനങ്ങളുടെ അഭിപ്രായം നേടിയ ശേഷമേ നിയമത്തിന് പൂര്‍ണരൂപം നല്‍കാനാവൂ. ഇപ്പോഴത്തെ അവസ്ഥയില്‍ പലതും മാറ്റാനുണ്ട്. പൂര്‍ണരൂപം വായിച്ച് കഴിഞ്ഞിട്ട് സര്‍ക്കാരിന് അഭിപ്രായം പറഞ്ഞാല്‍ പോരെ. തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാവാം സര്‍ക്കാര്‍ ഇങ്ങനെയൊക്കെ പറഞ്ഞത്. ഞങ്ങളുടെ കയ്യില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്നു പറഞ്ഞാല്‍ മതി.

മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ ഒരു പ്രസ്താവന ഇറക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ കയ്യില്‍ ഞങ്ങള്‍ ഒന്നും കൊടുത്തിട്ടില്ലല്ലോ.

ചര്‍ച്ച് ആക്ട് നടപ്പാക്കിയേ പറ്റൂ എന്നൊരു അഭിപ്രായം അങ്ങ് പറഞ്ഞിരുന്നു.

നടപ്പാക്കിയേ പറ്റൂ എന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. അതുകൊണ്ടായില്ലല്ലോ.

ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ സഭകളുടെ സ്വത്തും അധികാരവും നഷ്ടമാകുമെന്ന തരത്തില്‍ ആശങ്ക ജനിപ്പിക്കുംവിധം ഒരു പ്രചരണം നടക്കുന്നുണ്ടോ?

നിയമത്തിന്റെ കരട് രൂപം വായിച്ചിട്ട് അതിന്റെ ഏത് കോളത്തിലാണ് ഈ വ്യവസ്ഥയുള്ളതെന്ന് ആരെങ്കിലും എന്നോട് പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ആക്ട് വായിക്കാത്തവരാണ് അതിനെ എതിര്‍ക്കുന്നത്.

സിഖ് മതം പോലുള്ള ചെറിയ മതങ്ങള്‍ക്കുപോലും ഗുരുദ്വാര ആക്ട് പോലുള്ള നിയമങ്ങളുണ്ട്. ക്രൈസ്തവര്‍ക്ക് ഇത് പാടില്ലെന്ന് പറയുന്നത് പ്രത്യക്ഷത്തില്‍തന്നെ ഭരണഘടനാ വിരുദ്ധമല്ലേ?

സകലമതങ്ങള്‍ക്കും ആക്ടുണ്ട്. ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടുണ്ട്. മുസ്ലിമിന് വഖഫ് ആക്ടുണ്ട്. സിഖുകാര്‍ക്ക് ഗുരുദ്വാര ആക്ടുണ്ട്. ഹിന്ദു എന്നുപറയുന്നിടത്ത് ബുദ്ധമതവും ജൈനമതവും ഉള്‍പ്പെടും. ആകെയിപ്പോള്‍ ഇത്തരമൊരു നിയമം ഇല്ലാത്തത് ക്രൈസ്തവര്‍ക്ക് മാത്രമാണ്.

ഇത് കോടതിയില്‍ ചോദ്യം ചെയ്യാനാവുന്നതല്ലേ?

കോടതിയല്ല പറയേണ്ടത്. കോടതിയില്‍ ചെന്നാല്‍ അവര്‍ നിയമനിര്‍മാണത്തെക്കുറിച്ച് പറയും. അത് ചെയ്യേണ്ടത് നിയമസഭകളും പാര്‍ലമെന്റുമൊക്കെയാണല്ലോ. ഭരണഘടനയുടെ 26-ാം വകുപ്പ് പറയുന്നത് രാജ്യത്തെ ഏത് മതങ്ങളുടെയും സ്വത്ത് ഭരിക്കേണ്ടത് നിയമത്തിന്റെ അടിസ്ഥാനത്തിലാവണം എന്നാണ്. ഇവിടെ നിയമം എന്നുപറയുന്നത് നിയമസഭകളോ പാര്‍ലമെന്റോ നിര്‍മിക്കുന്ന നിയമങ്ങളാണ്. സഭാ നിയമങ്ങള്‍ എന്നൊന്നില്ല. അതിനെ വേണമെങ്കില്‍ നിബന്ധനകള്‍ എന്നുപറയാം.

പക്ഷേ ഈ വഴിക്ക് സര്‍ക്കാര്‍ നീങ്ങുന്നില്ലെന്നു മാത്രം.

അത് നമുക്ക് നോക്കാം. പൊതുജനാഭിപ്രായം ശക്തമാവുമ്പോള്‍ സര്‍ക്കാരിന് വഴങ്ങേണ്ടിവരും. പക്ഷേ ഒന്നുണ്ട്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയൊന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

വേണ്ടത്ര ബോധവല്‍ക്കരണം ഇല്ലാത്തതുകൊണ്ടാണോ ചര്‍ച്ച് ആക്ടിന് ശക്തമായ എതിര്‍പ്പ് ഉയരുന്നത്?

ബോധവല്‍ക്കരണം ഞങ്ങളുടെ ജോലിയല്ലല്ലോ. മാധ്യമങ്ങള്‍ ഇതിനെ പിന്തുണയ്ക്കണം. കാര്യമായ തോതില്‍ അതുണ്ടാവുന്നില്ല.

നിയമ പരിഷ്‌കാര കമ്മീഷന്‍ എന്നാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക?

അത് പറയാനൊക്കില്ല. പൊതുജനാഭിപ്രായം തേടുന്നതിനുള്ള സമയപരിധി കഴിഞ്ഞു. പല നിയമങ്ങളും ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. മുന്‍ഗണനാക്രമം നോക്കി റിപ്പോര്‍ട്ട് നല്‍കും. തെരഞ്ഞെടുപ്പിന്റെ ചൂട് ഒന്നു കഴിഞ്ഞോട്ടെ എന്നു കരുതിയാണ്. റിപ്പോര്‍ട്ട് അയച്ചുകൊടുത്തിട്ട് എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. എന്തുസംഭവിക്കുമെന്ന് നമുക്ക് നോക്കാം.

കടപ്പാട് കേസരി വീക്കിലി