കേളപ്പജി - SREE KELAPPAGI

 

കേരള ഗാന്ധിയെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ശ്രീ. കെ. കേളപ്പൻ, ആറ് ദശാബ്ദക്കാലം കേരള സാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കണാരൻ നായർ കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1889 ആഗസ്ത് 24 ന് (കൊല്ലവർഷം 1065 ചിങ്ങം 10 പൂയം നാൾ) ജനനം. വിദ്യാഭ്യാസം പൂർത്തിയായതോടെ തികഞ്ഞ ദേശീയവാദിയായ അദ്ദേഹം ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്റെ അംഗമാവുകയും ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ സജീവ പങ്കാളിയാവുകയും ചെയ്തു. അക്കാലത്തെ നവോത്ഥാന നായകന്മാരിൽ ഒരാളായ മന്നത്ത് പത്മനാഭനുമായി ബന്ധപ്പെടുകയും പെരുന്നയിൽ രൂപീകരിച്ച നായർജന ഭൃത്യ സംഘത്തിന്റെ (NSS) ആദ്യപ്രസിഡണ്ട് ആയി നിയമിതനാവുകയും ചെയ്തു. ആ സംഘടനയുടെ നിയമാവലിയിൽ സാമൂഹ്യ സേവനം, ഹരിജനോദ്ധാരണം എന്നീ രണ്ടുകാര്യങ്ങൾ എഴുതിച്ചേർത്തത് കേളപ്പജിയായിരുന്നു. 

1921 ൽ മലബാറിലെ മാപ്പിള ലഹള നടന്ന സ്ഥലങ്ങൾ സന്ദർശിച്ച അദ്ദേഹം പൊന്നാനിയിലേക്ക് പുറപ്പെട്ട ലഹളക്കാരെ കൊങ്ങോട്ട് രാമൻ മേനോന്റെ സഹായത്തോടെ തടഞ്ഞ് ലഹള പടരുന്നത് വിജയകരമായി തളച്ചു. ഹിന്ദു സമൂഹത്തിൽ നില നിന്നിരുന്ന തൊട്ടു കൂടായ്മ നിർമ്മാർജ്ജനം ചെയ്യാൻ കേളപ്പജി സത്യാഗ്രഹങ്ങൾ നടത്തി. എല്ലാ ജാതിയിൽപ്പെട്ട ആളുകൾക്കും പൊതുവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം, സ്കൂൾ പ്രവേശനം മുതലായവ നേടിയെടുക്കാൻ കേളപ്പജിയുടെ നേതൃത്വത്തിലുള്ള സമര പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. 

1931 ലെ ഉപ്പു സത്യാഗ്രഹം, 1938 ലെ ഗുരുവായൂർ സത്യാഗ്രഹം എന്നിവക്കെല്ലാം കേളപ്പജി നേതൃത്വം കൊടുത്തു. ഖിലാഫത്ത് കലാപത്തോടെ ക്ഷീണിച്ച കൊൺഗ്രസ്സ് പ്രസ്ഥാനം വിട്ട് അദ്ദേഹം ആചാര്യ കൃപലാനി രൂപീകരിച്ച കിസ്സാൻ മസ്ദൂർ പ്രജ പാർട്ടിയിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ച് പാർലമെന്റ് അംഗമായി. ആചാര്യ വിനോബാ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിൽ പങ്കെടുത്തു.ജീവിത സായാഹ്നത്തിലെ അഞ്ചു വര്ഷക്കാലമാണ് അദ്ദേഹം ക്ഷേത്രസംരക്ഷണ സമിതിക്ക് വേണ്ടി പ്രവർത്തിച്ചത്. കേരളത്തിലെ തകർന്നടിഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അദ്ദേഹം തീരുമാനിച്ചത്തിന്റെ ഭാഗമായി 1966ൽ മലബാർ ക്ഷേത്രസംരക്ഷണ സമിതി രൂപീകൃതമായി. പിന്നീട് കേരളമാകെ പ്രവർത്തനം വ്യാപിച്ച് കേരള ക്ഷേത്രസംരക്ഷണ സമിതിയായി രൂപാന്തരപ്പെട്ടു. ഹിന്ദുവിന്റെ മനോവീര്യം ഉണർന്നാൽ മാത്രമേ ക്ഷേത്രങ്ങൾ ഉയർന്നുവരുകയുള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് അങ്ങാടിപ്പുറത്തെ തകർന്നടിഞ്ഞ ക്ഷേത്ര പുനരുദ്ധാരണത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങിയത്. 1968ൽ നടന്ന തളി ക്ഷേത്ര സമരത്തിലൂടെ കേരള ഹിന്ദു സമൂഹത്തിന് ദിശാബോധം നൽകി. 

1966 മുതൽ 1971 വരെയുള്ള കാലത്തേ പ്രവർത്തനഫലമായി അനേകം ക്ഷേത്രങ്ങൾ നവീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കേളപ്പജി ക്ഷേത്ര ഉദ്ധാരണത്തിനായി ചിലവഴിച്ച അവസാന കാലത്തെ പ്രവർത്തനങ്ങൾ മറ്റെല്ലാവരും തിരസ്കരിച്ചു. അദ്ദേഹത്തെ വർഗീയവാദിയായിപ്പോലും മുദ്ര കുത്തി. അധികാര പ്രലോഭനങ്ങളിൽ വശംവദനാകാത്ത ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. 

1971 ഒക്ടോബർ 7 നു തൃശൂരിൽ വെച്ച് ധന്യമായ ആ ജീവിതം അവസാനിച്ചു.