അറിവിന്റെ അക്ഷയ തേജസ്സ്, മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരകന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ പത്മവിഭൂഷണ്‍ പി. പരമേശ്വരന്‍(93) അന്തരിച്ചു. ഇന്നു(ഫെബ്രുവരി 9) പുലര്‍ച്ചെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാഷ്‌ട്രീയത്തില്‍
ബിജെപിയുടെ ആദ്യരൂപമായിരുന്ന ജനസംഘത്തിന്റെ ആദ്യ അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്നു. എ.ബി. വാജ്‌പേയി, എല്‍.കെ. അദ്വാനി എന്നിവര്‍ക്കൊപ്പം തലയെടുപ്പുണ്ടായിരുന്നിട്ടും അധികാരത്തോട് എന്നും നിര്‍മ്മമനായി. ഏകനാഥ റാനഡെയുടെ നിര്‍ദേശപ്രകാരം 1953ല്‍ തുടങ്ങിയ ജനസംഘ പ്രവര്‍ത്തനത്തിന് വിരാമമിട്ടത് 1977ല്‍. അടിയന്തരാവസ്‌ഥയില്‍ രണ്ടു വര്‍ഷക്കാലം(1975-77) വിയ്യൂര്‍ ജയിലില്‍. പിന്നീട്, നാനാജി ദേശ്‌മുഖ് ന്യൂഡല്‍ഹിയില്‍ തുടങ്ങിയ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ അധ്യക്ഷനായി. 1982ല്‍ പ്രവര്‍ത്തനരംഗം കേരളത്തിലേക്കു മാറ്റി ഭാരതീയ വിചാരകേന്ദ്രത്തിനു തുടക്കമിട്ടു.
നിരസിച്ച മന്ത്രിസ്‌ഥാനം
ഒന്നാം വാജ്‌പേയി സര്‍ക്കാരില്‍ കേരളത്തെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിയാകേണ്ടിയിരുന്ന പരമേശ്വര്‍ജി തനിക്കു വാഗ്‌ദാനം ചെയ്യപ്പെട്ട മന്ത്രി പദത്തിലേക്ക് ഒ. രാജഗോപാലിന്റെ പേരു നിര്‍ദേശിക്കുകയായിരുന്നു.
സംന്യാസ വഴിയില്‍
ആഗമാനന്ദസ്വാമികളുടെ അന്തരംഗശിഷ്യനായിരുന്ന പരമേശ്വര്‍ജിയെ ഏറ്റവുമധികം സ്വാധീനിച്ചത് വിവേകാനന്ദ ദര്‍ശനങ്ങളാണ്. ശ്രീരാമകൃഷ്‌ണ മിഷനില്‍ നിന്നു മന്ത്രദീക്ഷ സ്വീകരിച്ചെങ്കിലും ദ്വിതീയ സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കറു(ഗുരുജി)ടെ സ്വാധീനത്തില്‍ രാഷ്‌ട്രനവോത്ഥാനത്തിനു സ്വയംസമര്‍പ്പിച്ചു.
വിജയദശമിയിലെ പിറന്നാളുകള്‍
മിക്കവര്‍ഷങ്ങളിലും ജന്മനാള്‍ വിജയദശമി ദിനത്തിലാവുമെന്നതിനാല്‍ പരമേശ്വര്‍ജി സ്വന്തം പിറന്നാളല്ല സംഘത്തിന്റെ പിറന്നാളുകളാണ് ആഘോഷിച്ചിരുന്നത്. ജനനം ചേര്‍ത്തല മുഹമ്മ താമരശേരി ഇല്ലത്ത് 1927 കന്നിമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍. ജന്മനാട്ടില്‍ സ്‌കൂള്‍ പഠനം. ചങ്ങനാശേരി എസ്‌ബി കോളേജില്‍ ഇന്റര്‍മീഡിയറ്റ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു ഹിസ്‌റ്ററി ബിഎ ഓണേഴ്‌സ്.
ഋഷികവി
സ്‌കൂള്‍ പഠനകാലത്ത് വയലാര്‍ രാമവര്‍മയുടെ സതീര്‍ത്ഥ്യന്‍. കവിതാരചനയില്‍ രാമവര്‍മയെ പിന്തള്ളി ഒന്നാംസ്‌ഥാനം നേടിയ പ്രതിഭ. ആര്‍എസ്‌എസ് പ്രചാരകനായതോടെ കേരളത്തിനു നഷ്‌ടമായത് പ്രതിഭാധനനായ കവിയെ. സംഘത്തിനു വേണ്ടി ഒട്ടേറെ ഗണഗീതങ്ങള്‍ എഴുതി. യജ്‌ഞപ്രസാദം എന്ന പേരില്‍ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.
പുരസ്‌കാരങ്ങള്‍
1997ല്‍ കൊല്‍ക്കത്ത ബഡാ ബസാര്‍ ലൈബ്രറിയുടെ ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍ അവാര്‍ഡ്. 2000ല്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സെനറ്റ് അംഗം. 2002ല്‍ മാതാ അമൃതാനന്ദമയീ മഠത്തിന്റെ പ്രഥമ അമൃതകീര്‍ത്തി പുരസ്‌കാരം. 2004ല്‍ പദ്‌മശ്രീ. 2015ല്‍ ഗാന്ധി സമാധാന പുരസ്‌കാരം. 2018ല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പദ്‌മവിഭൂഷണ്‍.
പ്രധാനകൃതികള്‍
ശ്രീ നാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍, ശ്രീ അരവിന്ദന്‍: ഭാവിയുടെ ദാര്‍ശനികന്‍, വിശ്വവിജയി വിവേകാനന്ദന്‍, മാര്‍ക്‌സും വിവേകാനന്ദനും, മാര്‍ക്‌സില്‍ നിന്നു മഹര്‍ഷിയിലേക്ക്, ഭഗവദ് ഗീത: നവലോക ദര്‍ശനക്രമം, ഇസങ്ങള്‍ക്കപ്പുറം മാനവികതയിലേക്ക്, ദിശാബോധത്തിന്റെ ദര്‍ശനം(തിരഞ്ഞെടുത്ത ഉപന്യാസങ്ങള്‍), മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും, ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്യൂണിസവും, സ്വതന്ത്രഭാരതം: ഗതിയും നിയതിയും, ഹിന്ദുരാഷ്‌ട്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍(മൂന്നു വാല്യങ്ങള്‍) തുടങ്ങിയവ പ്രധാനകൃതികള്‍.