പാക് ഹിന്ദു അഭയാര്‍ത്ഥികള്‍

























പാക് അതിര്‍ത്തിയായ ജമ്മു കാശ്മീരിലേക്ക് രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിന്നാരംഭിക്കുന്ന ദേശീയപാതയുടെ തുടക്കം കാശ്മീരി ഗേറ്റില്‍നിന്നാണ്. ജമ്മു കാശ്മീരിലെ രക്തച്ചൊരിച്ചിലുകളിലൂടെ അയല്‍രാജ്യത്തിന്റെ ഭീകരമുഖം എക്കാലവും ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജമ്മു കാശ്മീരിനെപ്പോലെ പാക് ഭീകരതയുടെ മറ്റൊരു അതിര്‍ത്തിയാണ് ഇന്ന് കാശ്മീരി ഗേറ്റും. ഇവിടെനിന്ന് അധികം അകലെയല്ലാതെയുള്ള ‘മജ്‌നു കാ ടില്ല’ (ന്യൂ അരുണാ നഗര്‍ കോളനി)യിലെത്തിയാല്‍ അയല്‍രാജ്യത്തോട് ചെയ്യുന്നതിനേക്കാള്‍ വലിയ ക്രൂരതയാണ് പാകിസ്ഥാന്‍ അവരുടെ പൗരന്മാരോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാകും. തിരക്കേറിയ ദേശീയപാതക്കും യമുനാ നദിക്കും ഇടയില്‍ 3.2 ഏക്കറിലായി അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഉത്തരേന്ത്യയിലെ കൊടുംതണുപ്പിലും താല്‍ക്കാലിക കൂരകളില്‍ അന്തിയുറങ്ങുന്ന എഴുന്നൂറിലേറെപ്പേര്‍ ഒരു രാജ്യം സ്വന്തം ജനങ്ങളോട് നടത്തുന്ന മതയുദ്ധത്തിന്റെ മരവിപ്പിക്കുന്ന കഥകള്‍ പറയും. ‘പാക് ഹിന്ദു അഭയാര്‍ത്ഥികള്‍’ എന്നാണ് ആ ഇരകള്‍ പൊതുസമൂഹത്തില്‍ സ്വയം അടയാളപ്പെടുത്തുന്നത്.

നരകജീവിതം കടന്നെത്തിയവര്‍

ശീതളപാനീയങ്ങളും മധുരപലഹാരങ്ങളും വില്‍ക്കുന്ന, റോഡരികിലുള്ള ഗീതാദേവിയുടെ ചെറിയ കടയുടെ സമീപത്തെ വഴിയിലൂടെ മുളയിലും തകരഷീറ്റിലും നിര്‍മ്മിച്ച നൂറിലേറെ വീടുകളുടെ കൂമ്പാരത്തിലേക്ക് നടന്നു. മാധ്യമപ്രവര്‍ത്തകര്‍ പതിവ് കാഴ്ചയായതിനാലാകണം ആരും ഗൗനിച്ചില്ല. ശൈത്യകാലത്ത് ശാന്തമായൊഴുകുന്ന യമുനാ നദിയുടെ തീരത്തുള്ള അവസാനത്തെ വീട്ടിലെത്തിയപ്പോള്‍ യുവാവായ അജയ് പറഞ്ഞു. ”പ്രധാനെ കാണൂ, അവര്‍ സംസാരിക്കും”. അവിടേക്കുള്ള വഴിയും അജയ് കാട്ടിത്തന്നു. മുറ്റത്തെ കയറ്റുകട്ടിലില്‍ കാല്‍നിലത്ത് തൊടാതെ വലിഞ്ഞിരുന്ന് സംസാരിച്ചിരിക്കുകയാണ് പ്രധാന്‍ സുഖ്‌നന്ദ്. എതിര്‍വശത്ത് മറ്റൊരു കട്ടിലില്‍ ഭാര്യയും മകളും. അഭയാര്‍ത്ഥി കോളനിയിലെ ഏറ്റവും മികച്ചതാണ് അദ്ദേഹത്തിന്റെ രണ്ട് മുറി വീട്.

പ്രധാന്‍ സുഖ്‌നന്ദിന്റെ താല്‍ക്കാലിക വീട്‌ ”എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ഉപേക്ഷിച്ചത്?”. ചോദ്യത്തിന് ഒരുനിമിഷം പോലും ആലോചിക്കാതെ സുഖ്‌നന്ദിന്റെ മറുപടിയെത്തി. ”ഭയമില്ലാതെ ജീവിക്കാന്‍”. തുടര്‍ന്ന് മുസ്ലിം മതമൗലികവാദികളുടെ അതിക്രമങ്ങള്‍ അദ്ദേഹം ഓരോന്നായി വിവരിച്ചു. ”പാകിസ്ഥാന്‍ മുസ്ലിം രാജ്യമാണ്. അവിടെ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ല. മറ്റ് മതസ്ഥരെ ജീവിക്കാന്‍ അനുവദിക്കില്ല. മതംമാറണമെന്നാണ് ആക്രോശം. അതിന് തയ്യാറല്ലാത്തവര്‍ എല്ലായിടത്തും വിവേചനം നേരിടുന്നു. സാമൂഹികമായ ബഹിഷ്‌കരണം മുതല്‍ അക്രമത്തിനും കൊലപാതകത്തിനും വരെ ഇരയാകും. ഹിന്ദു, ക്രിസ്ത്യന്‍, സിഖ് കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നില്ല. അഡ്മിഷന്‍ ലഭിച്ചാലും പരീ

ക്ഷയെഴുതിക്കില്ല. പൊതു ഇടങ്ങളില്‍ ശത്രുക്കളോടെന്ന പോലെയാണ് പെരുമാറ്റം. നിരന്തര അധിക്ഷേപവും അവഹേളനവും മടുത്താണ് ഇവിടേക്ക് വന്നത്”. സുഖ്‌നന്ദ് വിവരിക്കുമ്പോള്‍ നിശബ്ദമായി കേട്ടിരിക്കുകയായിരുന്നു ഭാര്യയും മകളും. ജീവിച്ചുതീര്‍ത്ത നരകജീവിതങ്ങളുടെ ഓര്‍മ്മകള്‍ അവരെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് ഭയം പടര്‍ന്ന മുഖങ്ങള്‍ വിളിച്ചുപറഞ്ഞു.

മജ്‌നു കാ ടില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുട്ടികള്‍
2011 മുതലാണ് ‘മജ്‌നു കാ ടില്ല’യില്‍ അഭയാര്‍ത്ഥികള്‍ വന്നുതുടങ്ങിയത്. സ്വപ്‌നങ്ങളത്രയും ഹൃദയത്തിലേറ്റി പുതിയ ജീവിതം പ്രതീക്ഷിച്ച് ഇടതടവില്ലാതെ ഇപ്പോഴും ഇവിടേക്ക് ഹിന്ദുക്കള്‍ ഓടിയെത്തുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി കടക്കുന്നതോടെ അരക്ഷിത ജീവിതം അവസാനിക്കുമെന്ന അവരുടെ കണക്കുകൂട്ടലുകളത്രയും പിഴച്ചോയെന്ന് അഭയാര്‍ത്ഥി ക്യാമ്പിലെ ദയനീയ സാഹചര്യം കാണുമ്പോള്‍ സംശയം തോന്നിയേക്കാം. എഴുന്നൂറിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഈ തണുപ്പുകാലത്തും പുതച്ചുറങ്ങാന്‍ അവര്‍ക്ക് നല്ല വീടുകളില്ല. കുടിവെള്ളം കിട്ടാക്കനി. നദിക്കരയിലായതിനാല്‍ കൊതുകുകളുടെ ശല്യവും രൂക്ഷം. ഇതിനേക്കാളേറെ പ്രശ്‌നം ജോലിയില്ലാത്തതാണെന്ന് ഏഴ് വര്‍ഷം മുന്‍പെത്തിയ രാംദാസ് ചൂണ്ടിക്കാട്ടുന്നു. റോഡരികില്‍ മൊബൈല്‍ കവറുകള്‍ വില്‍ക്കുകയാണ് രാംദാസ്. രണ്ട് കുട്ടികളും ഭാര്യയുമുള്ള കുടുംബത്തിന് ജീവിക്കാന്‍ ഇതില്‍നിന്നുള്ള വരുമാനം തികയുന്നില്ല. മോമോസ്, നൂഡില്‍സ് തുടങ്ങിയവ വില്‍ക്കുന്ന ജോലികളാണ് ഭൂരിഭാഗവും ചെയ്യുന്നത്. ദിവസക്കൂലിക്ക് ഓട്ടോയും ടാക്‌സിയും ഓടിക്കുന്നവരുമുണ്ട്. ക്യാമ്പിനോട് ചേര്‍ന്നുള്ള റോഡരികില്‍ ചായയും ശീതളപാനീയങ്ങളും വില്‍ക്കുന്ന പത്തോളം കടകളും അഭയാര്‍ത്ഥികളുടേതാണ്. സ്ത്രീകള്‍ തയ്യല്‍ ജോലി ചെയ്തും വരുമാനം കണ്ടെത്തുന്നു. പന്ത്രണ്ടുകാരനായ മകന്‍ ആകാശിന് ഡോക്ടര്‍ ആകാനാണ് ആഗ്രഹം. സമീപത്തെ സര്‍ക്കാര്‍ സകൂളില്‍ ആറാം ക്ലാസ്സിലാണ് ആകാശ് പഠിക്കുന്നത്. ക്യാമ്പിലെ കുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂളുകളില്‍ പോകുന്നുണ്ട്. ”ഡോക്ടറും എഞ്ചിനീയറും അധ്യാപകനും ശാസ്ത്രജ്ഞന്മാരും ആകാനാഗ്രഹിക്കുന്ന കുട്ടികള്‍ ഏറെയുണ്ടിവിടെ. അവരില്‍ പലര്‍ക്കും ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായമെത്തിയിട്ടില്ല”. ഉല്ലസിച്ച് ഓടിനടക്കുന്ന കുട്ടികളെ ചൂണ്ടിക്കാട്ടി രാംദാസ് പറഞ്ഞു.


അഭയാര്‍ത്ഥി ക്യാമ്പിലെ താല്‍ക്കാലിക വീടുകള്‍

അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിനും പാകിസ്ഥാനില്‍ സ്ഥലവും വീടുകളുമുണ്ട്. മറ്റ് ബന്ധുക്കളും അവിടെയാണ്. ”തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചനയുണ്ടോ?”. നിഷേധഭാവത്തില്‍ അദ്ദേഹം തലയാട്ടി. ”ഇത്രയും ദുരിതത്തിനിടയിലും ഇവിടെ തുടരേണ്ട കാര്യമുണ്ടോ?”. വീണ്ടും ചോദിച്ചു. ”പട്ടിണി കിടന്നാലും ഇവിടെയാരും ഞങ്ങളെ ചോദ്യം ചെയ്യില്ല. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് അന്തസ്സോടെ ജീവിക്കാം. അവരെ ഉപദ്രവിക്കാന്‍ ആരും വരില്ല. പാകിസ്ഥാനില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരായാണ് മുസ്ലിങ്ങള്‍ ഞങ്ങളെ കാണുന്നത്. ഇവിടെ സ്വാതന്ത്ര്യമുണ്ട്. ഇതാണ് ഏറ്റവും വലിയ ജീവവായു. അതില്ലാതെ ജീവിച്ചിട്ട് എന്തുകാര്യം. ഇവിടെ കിടന്ന് മരിക്കേണ്ടി വന്നാലും പാകിസ്ഥാനിലേക്കില്ല”. ഒറ്റ ശ്വാസത്തില്‍ രാംദാസ് പറഞ്ഞ് നിര്‍ത്തി.

വര്‍ഷം തോറും അയ്യായിരത്തിലേറെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക്?

എത്ര അഭയാര്‍ത്ഥികളാണ് ഇന്ത്യയിലെത്തിയത്?. കൃത്യമായ കണക്കുകളില്ല. പ്രതിവര്‍ഷം അയ്യായിരത്തിലേറെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതായാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവും ഇന്ത്യന്‍ വംശജനുമായ ഡോ.രമേഷ് കുമാര്‍ വാംഖ്വാനി ദേശീയ അസംബ്ലിയില്‍ പറഞ്ഞത്. ഇതിന് പുറമെ ക്രിസ്ത്യന്‍, സിഖ് മതസ്ഥരും വരുന്നുണ്ട്. 1951ല്‍ പശ്ചിമ പാക്കിസ്ഥാനില്‍ 1.6 ശതമാനവും കിഴക്കന്‍ പാകിസ്ഥാനില്‍ 22.05 ശതമാനവും ഹിന്ദുക്കളാണ് ഉണ്ടായിരുന്നത്. കിഴക്കന്‍ പാകിസ്ഥാന്‍ പിന്നീട് ബംഗ്ലാദേശായി. 1997ലെ കണക്കനുസരിച്ച് പാകിസ്ഥാനിലെ ഹിന്ദുക്കള്‍ 1.6 ശതമാനമാണ്. 2011ലെ സെന്‍സസ് പ്രകാരം ബംഗ്ലാദേശിലേത് 9.2 ശതമാനമായി. എന്നാല്‍ ഇപ്പോഴത്തെ യഥാര്‍ത്ഥ സാഹചര്യവുമായി നീതിപുലര്‍ത്തുന്നതല്ല കണക്കുകളെന്ന് സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സിന്ധിലെ മിര്‍പുഖാസ്, ധര്‍പാര്‍കര്‍, ഉമര്‍കോട്ട് ജില്ലകളിലാണ് ഹിന്ദുക്കള്‍ കാര്യമായി അവശേഷിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കമുള്ളവര്‍. കൃഷിയാണ് പ്രധാന വരുമാനം.

മതനിന്ദാ നിയമമാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ മൗലികവാദികള്‍ ആയുധമാക്കുന്നത്. പ്രവാചകന്‍ മുഹമ്മിനെ അപമാനിക്കുന്നവര്‍ക്ക് ജീവപര്യന്തവും വധശിക്ഷയുള്‍പ്പെടെ നല്‍കുന്നതാണ് നിയമം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ യുവതിയായ ആസിയാ ബീബിക്കെതിരെ മതനിന്ദാ കേസെടുത്തതും വധശിക്ഷക്ക് വിധിച്ചതും വലിയ വിവാദമായിരുന്നു. സുപ്രീം കോടതിയില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഇവര്‍ പിന്നീട് കാനഡയിലേക്ക് രക്ഷപ്പെട്ടു. പുതിയ പാകിസ്ഥാനെന്ന മുദ്രാവാക്യവുമായാണ് ഇമ്രാന്‍ ഖാന്‍ ഭരണത്തിലേറിയത്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ദല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അഭയാര്‍ത്ഥികളായെത്തുന്നവരില്‍ ഭൂരിഭാഗവും താമസിക്കുന്നത്. ബംഗ്ലാദേശില്‍ കടുത്ത പീഡനങ്ങള്‍ നേരിടുന്ന ഹിന്ദുക്കളും ഇന്ത്യയിലേക്കൊഴുകുകയാണ്. വിഎച്ച്പി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഇവര്‍ക്ക് സഹായമെത്തിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

പാകിസ്ഥാനിയെന്ന് വിളിക്കരുത്

മതപരിവര്‍ത്തനം, വംശീയ ഉന്മൂലനം, വിവേചനം, പീഡനം… ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്നും തുടച്ചുനീക്കുകയാണ് പാകിസ്ഥാന്‍. മതംമാറാത്തവരെ പൗരന്മാരായി അംഗീകരിക്കാന്‍ ഭൂരിപക്ഷ മുസ്ലിം സമൂഹവും സര്‍ക്കാരും തയ്യാറല്ല. ”രാത്രിയില്‍ എപ്പോള്‍ വേണമെങ്കിലും അക്രമികള്‍ വീട്ടിലേക്ക് ഇരച്ചുകയറും. പെണ്‍കുട്ടികളെ കണ്‍മുന്നില്‍ ഉപദ്രവിക്കും. പണവും വസ്ത്രങ്ങളും കൈക്കലാക്കും. തടഞ്ഞാല്‍ ആക്രമിക്കും. ചിലപ്പോള്‍ കൊന്നുകളയും”. ഓര്‍ക്കാനിഷ്ടപ്പെടാത്ത ഭൂതകാലം ഗരീബ് ദാസ് വിവരിച്ചു. 2018ല്‍ പ്രയാഗ്‌രാജിലെ കുംഭമേളയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അദ്ദേഹം യാത്രാരേഖകള്‍ സംഘടിപ്പിച്ച് പാകിസ്ഥാന്‍ വിട്ടത്. ദല്‍ഹിയില്‍ പലയിടത്തായി താമസിച്ച് ഒടുക്കം ‘മജ്‌നു കാ ടില്ല’യിലെ ക്യാമ്പിലെത്തി. വഴിപിഴച്ച ഏതെങ്കിലും കുറച്ചാളുകളുടെ ക്രൂരതയായി മാത്രം പാകിസ്ഥാനിലെ വിവേചനങ്ങളെ ഗരീബ് ദാസ് കാണുന്നില്ല. ”വ്യക്തികളോ സംഘങ്ങളോ നടത്തുന്ന അതിക്രമങ്ങളല്ല അരങ്ങേറുന്നത്. അവയൊക്കെ സംഘടിതവും ആസൂത്രിതവുമാണ്. മുസ്ലിം സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുമുണ്ട്. അക്രമങ്ങളെ ഇവരൊന്നും എതിര്‍ക്കില്ലെന്ന് മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പോലീസില്‍ പരാതിപ്പെട്ടാല്‍ കേസെടുക്കാറില്ല. മതംമാറാതെ ജീവിക്കാനാകില്ലെന്നതാണ് ന്യൂനപക്ഷങ്ങളുടെ അവസ്ഥ. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായാലും ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിച്ചാലും പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് വീട്ടില്‍ക്കിടന്നുറങ്ങാനാകില്ല”. വേദനകള്‍ക്കിടയിലും ഗരീബ് ദാസ് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഒന്നു പുഞ്ചിരിച്ചു.

ഉച്ചക്കുള്ള റൊട്ടിയും സബ്ജിയും തയ്യാറാക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മി. മക്കളായ ലീലാവന്തിയും ബീബണും സഹായിക്കുന്നു. പിറന്ന നാട് ലക്ഷ്മി ഉപേക്ഷിക്കാനുള്ള കാരണം മക്കളാണ്. പെണ്‍മക്കള്‍ക്ക് സുരക്ഷയില്ലാത്ത നാട്ടില്‍ ഒരമ്മയ്‌ക്കെങ്ങനെ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കും?. അവര്‍ ചോദിക്കുന്നു. ”ഹിന്ദു പെണ്‍കുട്ടികള്‍ക്ക് പാക്കിസ്ഥാനില്‍ ഒരു ദിവസം പോലും കഴിയാനാകില്ല. ഏത് നിമിഷവും തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. ബലമായി മതംമാറ്റി തീവ്രവാദികള്‍ ഭാര്യയാക്കുന്നതും വര്‍ദ്ധിച്ചുവരികയാണ്. പുറത്തിറങ്ങിയാല്‍ പരസ്യമായി അപമാനിക്കും. സഹിക്കാനാകാതെ വന്നപ്പോഴാണ് ഇവിടേക്ക് ഓടിപ്പോന്നത്”. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ആവര്‍ത്തിച്ച് കണ്ണീരോടെ ലക്ഷ്മി വിവരിച്ചു. മതപീഡനത്തിന്റെ ഭയാനകത ഏറ്റവുമധികം വേട്ടയാടുന്നത് പാകിസ്ഥാനിലെ ഹിന്ദുസ്ത്രീകളെയാണെന്ന് സന്നദ്ധ സംഘടനകളുടെ കണക്കുകളും വ്യക്തമാക്കുന്നു.

ലക്ഷ്മിയും മക്കളായ ലീലാവന്തിയും ബീബണും
യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം നടത്തിയ അന്വേഷണത്തില്‍ 76 ശതമാനം ന്യൂനപക്ഷ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി കണ്ടെത്തിയിരുന്നു. മാസത്തില്‍ 25 ഹിന്ദു പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും മതംമാറ്റത്തിനും ഇരയാകുന്നതായി പാകിസ്ഥാന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രതിവര്‍ഷം ആയിരത്തിലേറെ പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതംമാറ്റത്തിനിരയാകുന്നതായാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. നിരവധി സംഭവങ്ങള്‍ പുറത്തറിയപ്പെടാതെ ഒതുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതംമാറ്റത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുമായി വീട്ടുകാര്‍ക്ക് പിന്നീട് ഒരു ബന്ധവും ഉണ്ടാകാറില്ല. വീട്ടുജോലിക്കാരികളായും ലൈംഗിക അടിമകളായും അവര്‍ക്ക് ജീവിക്കേണ്ടി വരുന്നു. ബുര്‍ഖക്കുള്ളില്‍ മറയുന്നതോടെ ജീവിതവും ഇരുട്ടിലാകുന്നു. സഹോദരിമാരായ റീനയെയും രവീണയെയും തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരെ ഇന്ത്യ രംഗത്തുവന്നിരുന്നു. വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് അവരെ ചൊടിപ്പിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്ന ഇ. അഹമ്മദും പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നതായി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് റബേലി ചൂണ്ടിക്കാട്ടുന്നു. ”സ്വന്തം വിശ്വാസമനുസരിച്ച് അവര്‍ക്ക് ഇവിടെ അന്തസ്സോടെ ജീവിക്കാം. സുരക്ഷിതത്വമുണ്ട്. ഉന്നത ഉദ്യോഗസ്ഥരിലും രാഷ്ട്രീയ നേതാക്കളിലും ജനപ്രതിനിധികളിലും ന്യൂനപക്ഷവിഭാഗത്തിലുള്ളവര്‍ നിരവധിയുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ അവസരങ്ങള്‍ ലഭിക്കുന്നു. പ്രത്യേക പരിഗണനയും പദ്ധതികളുമുണ്ട്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ കാഫിറുകളെന്ന് ആക്ഷേപം കേള്‍ക്കേണ്ടി വരുന്നവരാണ്. വിദേശമാധ്യമങ്ങള്‍ ഞങ്ങളുടെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പഴി ഞങ്ങള്‍ക്ക് തന്നെയാണ്. രാജ്യത്തിന്റെ പേര് നശിപ്പിക്കുന്നവരും രാജ്യദ്രോഹികളെന്നുമാണ് അവഹേളനം”. നിറഞ്ഞ മനസ്സോടെ ‘ജയ് ശ്രീരാം’ പറഞ്ഞാണ് ക്യാമ്പിലുള്ളവര്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത്. ”പാകിസ്ഥാനില്‍ ഇങ്ങനെ പരസ്യമായി പറയാനാകില്ല. പുറത്തറിഞ്ഞാല്‍ പ്രശ്‌നമാണ്. ദീപാവലിയും ഹോളിയും ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളും വീട്ടിനുള്ളിലാണ് നടത്തുന്നത്. എങ്കിലും പിറ്റേ ദിവസം ഇതേച്ചൊല്ലി പോലീസും മുസ്ലിങ്ങളും ഞങ്ങളെ മര്‍ദ്ദിക്കും. വ്യാജ കേസുകളെടുക്കും. ക്ഷേത്രങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടു കഴിഞ്ഞു. വീടുകള്‍ക്കുള്ളിലാണ് ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇവിടെ നോക്കൂ, ഇതെല്ലാം ഞങ്ങള്‍ക്ക് മറ്റുള്ളവര്‍ കാണ്‍കെ ചെയ്യാം. ആരെയും ഭയക്കേണ്ടതില്ല. ഞങ്ങളുടെ വീടും ക്ഷേത്രവും ഇന്ത്യയാണ്”. ക്യാമ്പിനുള്ളിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ കണ്ടുമുട്ടിയ കാജല്‍ അഭിമാനത്തോടെ വിളിച്ചു-”ജയ് ശ്രീരാം”. എങ്കിലും ഒരു സങ്കടം ബാക്കിയുണ്ട്. ഇപ്പോഴും പാകിസ്ഥാനികളെന്നാണ് ഞങ്ങളെ വിളിക്കുന്നത്. ഇന്ത്യക്കാരാകാനാണ് ഇവിടെയെത്തിയത്. അങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം. മരിക്കാനും. ക്യാമ്പില്‍ രണ്ടിടത്തായി ഉയര്‍ത്തിയ ത്രിവര്‍ണ പതാകയെ നോക്കി കാജല്‍ തുറന്നുപറഞ്ഞു.


അഭയാര്‍ത്ഥി ക്യാമ്പിലെ ദേശീയപതാകയും കാവിക്കൊടിയും
അഭയാര്‍ത്ഥികളല്ല, ഇനി അവകാശികള്‍
പാകിസ്ഥാനിയെന്ന ദുഷ്‌പ്പേര് ഇനി അഭയാര്‍ത്ഥികളെ വേട്ടയാടില്ല. ഇന്ത്യക്കാരനെന്ന അഭിമാനവും അവകാശവും അവര്‍ക്ക് സ്വന്തമാക്കുകയാണ് പൗരത്വ ഭേദഗതി ബില്‍. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ ഇനി മാതൃരാജ്യം. അതിന്റെ ആഹ്ലാദം മജ്‌നു കാ ടിലയിലെ ക്യാമ്പിലും കാണാം. ഏതാണ്ടെല്ലാ വീടുകളിലും ദൈവങ്ങളുടെയും സിനിമാ താരങ്ങളുടെയും ബഹുവര്‍ണ ചിത്രങ്ങള്‍ ധാരാളമായുണ്ട്. രാഷ്ട്രീയക്കാരില്‍ ഒരാള്‍ മാത്രമാണ് അഭയാര്‍ത്ഥികളുടെ വീടിന്റെ ചുമരുകളെ അലങ്കരിക്കുന്നത് – പ്രധാനമന്ത്രി നരേന്ദ്ര മോദി. ”മോദിയില്‍ മാത്രമാണ് പ്രതീക്ഷയുണ്ടായിരുന്നത്. അദ്ദേഹം ആ പ്രതീക്ഷ കാത്തു. ഭരണത്തില്‍ വരുന്നതിന് മുന്‍പ് പാക് അഭയാര്‍ത്ഥികളെ സംരക്ഷിക്കുമെന്ന് മോദിയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടാണ് ഈ ദുരിതത്തിനിടയിലും തിരിച്ചുപോകാതിരുന്നത്. പൗരത്വം ലഭിക്കുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും”. ദയാല്‍ദാസ് പറഞ്ഞു. ബില്ലിനെ രാഷ്ട്രീയവത്കരിച്ചതിനെ അദ്ദേഹം തുറന്നെതിര്‍ത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നടപടിയെ പിന്തുണച്ചിരുന്നെങ്കില്‍ പാകിസ്ഥാന് അതൊരു മുന്നറിയിപ്പാകുമായിരുന്നു. എന്നാല്‍ മോദിയെപ്പോലെ ഞങ്ങളുടെ ദുരിതം കാണാന്‍ അവര്‍ തയ്യാറായില്ല. ഹിന്ദുക്കള്‍ മാത്രമല്ല, മറ്റ് ന്യൂനപക്ഷങ്ങളും പാകിസ്ഥാനില്‍ ഭീതിയോടെയാണ് കഴിയുന്നത്. ബില്‍ പാസ്സായാല്‍ നിരവധി പേര്‍ ഇനിയുമെത്തും. പൗരത്വം ആത്മാഭിമാനവും വ്യക്തിത്വവും നല്‍കും. ഭൂമി വാങ്ങാനും വീട് വെക്കാനും സാധിക്കും. റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സഹായങ്ങളും ലഭ്യമാകും. ജീവിതം പതുക്കെയാണെങ്കിലും കരുപ്പിടിപ്പിക്കാന്‍ സാധിക്കും. സ്വപ്‌ന ജീവിതത്തിലേക്കുള്ള തുടക്കമാണിത്”.

”മുസ്ലിങ്ങളെ ഒഴിവാക്കിയതിനാലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തത്. അവര്‍ക്കും പൗരത്വം നല്‍കേണ്ടതല്ലെ?” ക്യാമ്പിലുള്ളവര്‍ക്ക് ഏതാവശ്യത്തിനും സഹായവുമായെത്തുന്ന താരാചന്ദ് ദില്‍സാഗറാണ് ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. ”എന്തുകൊണ്ടാണ് ഞങ്ങള്‍ അഭയാര്‍ത്ഥികളായി മാറിയത്? ഞങ്ങള്‍ ഹിന്ദുക്കളും പാകിസ്ഥാന്‍ മുസ്ലിം രാജ്യവും ആയതുകൊണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ സാധിക്കാത്തതിന് കാരണം മതമാണ്. മുസ്ലിങ്ങള്‍ ഒരു തരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ല. അതവരുടെ രാജ്യമാണ്. അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയില്ല. അവര്‍ കാരണം മറ്റുള്ളവര്‍ക്കാണ് ജീവിക്കാന്‍ സാധിക്കാത്തത്. പിന്നെന്തിനാണ് മുസ്ലിങ്ങളെ അഭയാര്‍ത്ഥികളായി കണക്കാക്കുന്നത്. മതത്തിന്റെ പേരില്‍ അവിടെനിന്നും ഞങ്ങളെ ആട്ടിയോടിച്ചവര്‍ക്ക് പൗരത്വം നല്‍കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഇരകളെയും വേട്ടക്കാരെയും എങ്ങനെയാണ് ഒരു പോലെ കാണാന്‍ സാധിക്കുന്നത്? ഞങ്ങള്‍ക്ക് ഇന്ത്യയല്ലാതെ മറ്റേത് രാജ്യമാണുള്ളത്? മുസ്ലിങ്ങള്‍ ഇവിടേക്ക് വരുന്നതിന് പിന്നില്‍ സാമ്പത്തികവും മതപരവുമായ താത്പര്യങ്ങളാണുള്ളത്” താരാചന്ദ് തുറന്നടിച്ചപ്പോള്‍ മറ്റുള്ളവരും അത് ശരിവെച്ചു.

കെ സുജിത്ത്
കടപ്പാട് കേസരി വീക്കിലി