ലേഖനം - 4 കാശ്മീരില്‍ ഇല്ലാത്ത പ്രതിഷേധം കേരളത്തില്‍ , ഇതു ശരിയോ ?


കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്. കേരളം ഭാരതത്തിന്റെ ഭാഗമാണോ എന്നുപോലും സംശയിപ്പിക്കുന്ന തരത്തില്‍ രാഷ്ട്രവിരുദ്ധ പരാമര്‍ശങ്ങളും പ്രതികരണങ്ങളുമാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായത്. മത തീവ്രവാദത്തിന്റെ പിടിയില്‍പ്പെട്ട ചിലരൊക്കെയാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞ് തലയൂരാമെങ്കിലും അതിലും ഗുരുതരവും ഗൗരവാവഹവുമായ പ്രതികരണങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നും ഇടതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും ഉണ്ടായി. കേരളത്തിലെ ന്യൂനപക്ഷ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാനും അവരുടെ സഹാനുഭൂതി പിടിച്ചുപറ്റാനുമുള്ള ആസൂത്രിത ശ്രമമാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിയത്.

കേരളം എന്തുകൊണ്ട് ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ വിദ്യാസമ്പന്നരാണെന്നും ഫാസിസത്തിന് എതിരാണെന്നും സംഘപരിവാറിന് എതിരാണെന്നുമുള്ള ഒഴുക്കന്‍ മറുപടിയില്‍ കാര്യങ്ങള്‍ തട്ടിക്കഴിക്കുകയാണ് ചെയ്യുന്നത്. 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരെ കേരളത്തിലെ രണ്ട് കോര്‍പ്പറേഷനുകള്‍ പ്രമേയം അംഗീകരിച്ചു. ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ തീരുമാനത്തിന് എതിരെ പ്രമേയം കൊണ്ടുവരികയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. കോഴിക്കോട് കോര്‍പ്പറേഷനും തൃശ്ശൂര്‍ കോര്‍പ്പറേഷനുമാണ് പ്രമേയം കൊണ്ടുവന്നത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം കാശ്മീരിന് നല്‍കിയ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുന്നത് കോഴിക്കോട്ടെയും തൃശ്ശൂരിലെയും മാത്രം ജനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്. കാശ്മീരിലെ പ്രത്യേക അവകാശം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് ഭാരതത്തിന്റെ ഭരണഘടനയനുസരിച്ച് കാശ്മീരികള്‍ ജീവിക്കരുതെന്ന് ആഗ്രഹിച്ച, പാകിസ്ഥാനോട് കാശ്മീരിനെ ചേര്‍ക്കണമെന്ന് ആഗ്രഹിച്ച ഒരുപറ്റം ഇസ്ലാമിക ഭീകരരും തീവ്രവാദികളും മാത്രമാണ്. അവര്‍ക്കൊപ്പം കാശ്മീരിനെ പ്രത്യേക അവകാശമുള്ള പ്രദേശമായി നിലനിര്‍ത്തി അഴിമതിയും ചൂഷണവും തുടരണമെന്ന് ആഗ്രഹിച്ച ചില രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. കാശ്മീരിലെ ജനങ്ങളുടെ അഭിലാഷവും ആഗ്രഹവും എന്തെന്ന് തീരുമാനിക്കാനുള്ള എന്ത് അധികാരവും അവകാശവുമാണ് കോഴിക്കോട്, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് ഉള്ളത്?

എന്താണ് 370-ാം അനുച്ഛേദം റദ്ദാക്കിയതുകൊണ്ട് സംഭവിച്ചത് എന്നത് വളരെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്. ഏറ്റവും പ്രധാനമായി ഉണ്ടായത് ഭാരതത്തിന്റെ ഭരണഘടന പൂര്‍ണ്ണമായും കാശ്മീരില്‍ നടപ്പിലാക്കി എന്നതാണ്. ജമ്മുകാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന, പ്രത്യേക ഭരണഘടന നല്‍കിയിരുന്ന അവകാശം പൂര്‍ണ്ണമായും എടുത്തുകളഞ്ഞു. ജമ്മുകാശ്മീരിന് മാത്രമായി ഉണ്ടായിരുന്ന പ്രത്യേക പതാക ഒഴിവാക്കി. ഭാരതത്തിന്റെ ദേശീയ പതാകയോടൊപ്പം തന്നെ ഉയര്‍ത്തിയിരുന്ന ജമ്മുകാശ്മീര്‍ പതാക ഇനിയില്ല. ഇതുവരെ ജമ്മുകാശ്മീരുകാര്‍ക്ക് മാത്രമേ അവിടെ സ്ഥലം വാങ്ങാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. എല്ലാ ഭാരതീയര്‍ക്കും ഇനി ജമ്മുകാശ്മീരില്‍ സ്ഥലം വാങ്ങാം. പാര്‍ലമെന്റ് അംഗീകരിക്കുന്ന എല്ലാ നിയമങ്ങളും ജമ്മുകാശ്മീരിലും ബാധകമായിരിക്കും. കാശ്മീരുകാര്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ശിക്ഷാനിയമം റദ്ദാക്കി. അതിനുപകരം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കാശ്മീരിലും ഇന്ത്യന്‍ ശിക്ഷാനിയമമായിരിക്കും. ഇതോടെ ഇന്ത്യ മുഴുവന്‍ ഇനി ഒറ്റ ഭരണഘടനയേ ഉണ്ടാകൂ.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനക്കാര്‍ക്കും ലഭിക്കുന്ന പരിരക്ഷ ഇനി കാശ്മീരികള്‍ക്കും ലഭിക്കും. ജമ്മുകാശ്മീരിെല സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനങ്ങള്‍ക്ക് ഇനി എല്ലാ ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം. ജമ്മുകാശ്മീരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാര്‍ക്കും പ്രായപൂര്‍ത്തിയായാല്‍ വോട്ടവകാശം ലഭിക്കും. ഇതുവരെ കാശ്മീരിലെ പെണ്‍കുട്ടികളെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയുടെ കാശ്മീര്‍ പൗരത്വം ഇല്ലാതാവുകയും വിവാഹം കഴിക്കുന്നവര്‍ക്ക് പൗരത്വത്തിന് അവകാശവും കിട്ടുമായിരുന്നില്ല. അതേസമയം, പാകിസ്ഥാന്‍കാര്‍ കല്യാണം കഴിച്ചാല്‍ പൗരത്വം കിട്ടുകയും ചെയ്യുമായിരുന്നു. പുതിയ ഭേദഗതി വന്നതോടെ ഇതും അവസാനിച്ചു. കാശ്മീര്‍ അടക്കം ഇന്ത്യ മുഴുവന്‍ ഇനി ഒരേ പൗരത്വ നിയമമാണ് ഉണ്ടാവുക. കാശ്മീരികള്‍ക്കുള്ള ഇരട്ട പൗരത്വം റദ്ദായി. ഇന്ത്യയ്ക്കുള്ളില്‍ ഇനി ജമ്മുകാശ്മീരിന് സ്വയംഭരണാവകാശം ഉണ്ടായിരിക്കില്ല. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ നിയമസഭയുടെ കാലാവധി അഞ്ചുവര്‍ഷമായിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ത്രിതല പഞ്ചായത്തീരാജ് സംവിധാനം കാശ്മീരിലും നിലവില്‍ വരും.

കാശ്മീരില്‍ ഇതുവരെ ന്യൂനപക്ഷ സംവരണം ഉണ്ടായിരുന്നില്ല. ജനസംഖ്യയില്‍ ന്യൂനപക്ഷമായവര്‍ക്ക് സംവരണാനുകൂല്യം കിട്ടുന്നത് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പ്രയോജനപ്രദമാണ്. സഹസ്രാബ്ദങ്ങളായി കാശ്മീരിലെ തനത് ജനതയായ പണ്ഡിറ്റുകളെ 1980 കളുടെ അവസാനവും 90 കളുടെ ആദ്യവുമായി മൃഗീയ പീഡനങ്ങളിലൂടെയും ഭീകരപ്രവര്‍ത്തനത്തിലൂടെയും കാശ്മീരില്‍ നിന്ന് പലായനം ചെയ്യിക്കുകയായിരുന്നു. ഏതാണ്ട് അഞ്ചുലക്ഷത്തിലേറെ കാശ്മീരി പണ്ഡിറ്റുകളാണ് ദല്‍ഹിയിലെയും ജമ്മുവിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇന്ന് ജീവിതം തള്ളിനീക്കുന്നത്. ഏക്കറുകണക്കിന് തോട്ടവും 20 മുറികള്‍ വരെയുള്ള ബംഗ്ലാവുകളിലും താമസിച്ചിരുന്ന പണ്ഡിറ്റുകള്‍ ഇന്ന് ജീവിക്കുന്നത് ഒറ്റ മുറിയുള്ള ക്യാമ്പുകളിലാണ്. പലരും കനത്ത ചൂട് താങ്ങാനാവാതെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ മരിച്ചുവീണു. അവരുടെ ജീവിതത്തെ കുറിച്ച്, അവര്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച്, ഭീകരര്‍ എങ്ങനെയാണ് പണ്ഡിറ്റുകളെ വീടുകളില്‍ നിന്ന് ഒഴിവാക്കിയത് എന്നതിനെക്കുറിച്ചൊക്കെ രാഹുല്‍ പണ്ഡിറ്റ് ‘കാശ്മീര്‍ ഒരു രക്തചന്ദ്രിക’ എന്ന പുസ്തകത്തില്‍ വിശദമായി വരച്ചുകാട്ടിയിട്ടുണ്ട്. സ്വന്തം അദ്ധ്യാപികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഭീകരപ്രവര്‍ത്തകനായ ശിഷ്യനെ കുറിച്ച്, അദ്ധ്യാപികെയ അറക്കമില്ലില്‍ കൊണ്ടുപോയി അറുത്ത് കൊന്ന ഉത്തമ ശിഷ്യരെ കുറിച്ചൊക്കെ കാശ്മീര്‍ പണ്ഡിറ്റുകള്‍ അവരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ പറഞ്ഞിട്ടുണ്ട്.

ജമ്മുകാശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചു. ജമ്മുകാശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശവും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശവുമാക്കി. കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ നടപടി താല്ക്കാലികമാണെന്നും ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതോടെ വീണ്ടും പൂര്‍ണ്ണ സംസ്ഥാനപദവി നല്‍കുന്നത് ആലോചിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പിന്നീട് പറഞ്ഞു. 70 വര്‍ഷം മുന്‍പ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചെയ്ത പിഴവാണ് ഇപ്പോള്‍ പരിഹരിച്ചത്. ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ ചേരാനുള്ള തീരുമാനം എടുത്തതിനു പിന്നില്‍ ആര്‍.എസ്.എസ്സിന്റെ അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോല്‍വള്‍ക്കറായിരുന്നു. കാശ്മീര്‍ രാജാവായിരുന്ന ഹരിസിംഗുമായുള്ള ഉറ്റ ബന്ധം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത് സര്‍ദാര്‍ പട്ടേലും വി.പി.മേനോനുമായിരുന്നു. അവരുടെ ആവശ്യം അനുസരിച്ച് രാജാ ഹരിസിംഗിനെ ഇന്ത്യയില്‍ ചേരാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു. അന്ന് തടയിട്ടത് നെഹ്‌റുവാണ്.

അതിനിടെയാണ് കാശ്മീര്‍ ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍ പട്ടാളം എത്തി തിരിച്ചടി തുടങ്ങിയെങ്കിലും കാശ്മീരിന്റെ മൂന്നിലൊന്ന് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ആ ഭാഗം കൂടി മോചിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് സൈന്യത്തെ തിരിച്ചു വിളിച്ചത് നെഹ്‌റുവിന്റെ മാത്രം തീരുമാനമായിരുന്നു. ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതിനു ശേഷമാണ് കാശ്മീരിന് പ്രത്യേക അവകാശം വേണമെന്ന് ആവശ്യപ്പെട്ടത്. മറ്റ് ഇരുപതോളം നാട്ടുരാജ്യങ്ങള്‍ക്കു കൂടി ഇതേ അധികാരം കൊടുത്തെങ്കിലും കാലക്രമേണ അതില്ലാതായി. പക്ഷേ, കാശ്മീരിന്റേത് മാത്രം നിലനിന്നു. നെഹ്‌റുവിന്റെ ഷെയ്ഖ് അബ്ദുള്ളയോടുള്ള വഴിവിട്ട വിധേയത്വവും വാത്സല്യവുമാണ് 370-ാം അനുച്ഛേദം നിലനില്‍ക്കാന്‍ കാരണം. വളരെ ചുരുങ്ങിയ കാലത്തേക്ക് എന്നു പറഞ്ഞ് 370-ാം അനുച്ഛേദം കൊണ്ടുവന്നപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ അതിന് എതിരായിരുന്നു. ഭരണഘടനാശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറും എതിരായിരുന്നു.

നെഹ്‌റുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഈ ആവശ്യം ഉയര്‍ത്തി ഷെയ്ഖ് അബ്ദുള്ള ബി.ആര്‍. അംബേദ്കറെ കണ്ടെങ്കിലും അംബേദ്കര്‍ അദ്ദേഹത്തെ ഈ ആവശ്യം നിരാകരിച്ച് ഇറക്കിവിട്ടു. സ്വന്തക്കാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത നെഹ്‌റു, ചൈനാ സന്ദര്‍ശനത്തിന് പോകും മുന്‍പ് സര്‍ദാര്‍ പട്ടേലിനെ ഇക്കാര്യം ഏല്‍പ്പിക്കുകയായിരുന്നു. നെഹ്‌റുവുമായി അല്ലെങ്കില്‍ തന്നെ സ്വരച്ചേര്‍ച്ചയില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്ന പട്ടേല്‍ ഇക്കാര്യത്തില്‍ പ്രതിസന്ധിയിലായി. നെഹ്‌റു മടങ്ങിവരും മുന്‍പ് ഡോ. അംബേദ്കറെ കണ്ട് ഇതിനായി സ്വാധീനിക്കേണ്ട ബാദ്ധ്യത പട്ടേലിനുണ്ടായിരുന്നു. അങ്ങനെയാണ് താല്ക്കാലികമെങ്കിലും 370-ാം വകുപ്പ് നടപ്പാക്കാന്‍ അംബേദ്കര്‍ സമ്മതിച്ചത്. ഈ ഭേദഗതി പിന്‍വലിക്കാന്‍ നെഹ്‌റു തീരുമാനിച്ചതാണ്. അക്കാര്യം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദയോട് പറഞ്ഞെങ്കിലും ഭേദഗതി കൊണ്ടുവരും മുന്‍പെ നെഹ്‌റു അന്തരിച്ചു.

പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അടിമപ്പെട്ടതോടെ 370-ാം അനുച്ഛേദം പിന്‍വലിക്കുന്ന കാര്യം നടക്കാതെ പോയി. സ്വാതന്ത്ര്യത്തിനുശേഷമുള്ള 70 വര്‍ഷം മൂന്ന് കുടുംബങ്ങളുടെ ആധിപത്യം ജനാധിപത്യത്തിന്റെ വ്യാപനത്തിന് തടസ്സം നിന്നു. ദേശീയതലത്തിലെ വികസനം കാശ്മീരില്‍ വന്നില്ല. മൂന്നു കുടുംബങ്ങള്‍ കാശ്മീരിനെ കൊള്ളയടിക്കുകയായിരുന്നു. ഭൂമിവില മറ്റു സംസ്ഥാനങ്ങളിലേതിനെക്കാള്‍ വ്യത്യസ്തമായാണ് വളരുന്നത്. സിമന്റിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 100 രൂപ കൂടുതലാണ് വില. പുറത്തു നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയാത്തതിനാല്‍ വിനോദസഞ്ചാരമേഖല മുരടിച്ചു. വ്യവസായങ്ങള്‍ വരുന്നില്ല. സ്വകാര്യ ആശുപത്രികള്‍ സ്ഥാപിക്കാനാകില്ല. വിദ്യാഭ്യാസ അവകാശനിയമം കാശ്മീരില്‍ ബാധകമാക്കിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊണ്ടുവരാന്‍ ആകുന്നില്ല. 370-ാം അനുച്ഛേദം നീക്കം ചെയ്യുന്നതോടെ കാശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ അവിഭാജ്യഘടകമാവുകയാണ്. ഭീകരവാദത്തിലൂടെ 41000 പേര്‍ കൊല്ലപ്പെടാന്‍ കാരണം ആരാണെന്ന് അമിത്ഷാ ചോദിച്ചു. പാര്‍ലമെന്റില്‍ 370-ാം അനുച്ഛേദം റദ്ദാക്കുന്നത് സംബന്ധിച്ച ബില്ലുകള്‍ അവതരിപ്പിക്കുമ്പോഴാണ് അമിത്ഷാ ഈ ചോദ്യം ഉന്നയിച്ചത്. ഇതിന് കാര്യമായ ഒരു മറുപടി പറയാന്‍ പ്രതിപക്ഷ നിരയിലുള്ള ആര്‍ക്കും തന്നെ കഴിഞ്ഞില്ല.

370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ കാശ്മീരില്‍ പോലും ഇല്ലാത്ത പ്രതിഷേധമാണ് കേരളത്തില്‍ കണ്ടത്. കാശ്മീര്‍ സൈനിക നിയന്ത്രണത്തിലായതുകൊണ്ട് പ്രതിഷേധിച്ചില്ല എന്ന് വാദത്തിനുവേണ്ടി പറയാം. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ഈ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത് ദല്‍ഹി ജെ എന്‍ യുവില്‍ മാത്രമായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരിടത്തും ഇതിനെതിരെ പ്രതിഷേധശബ്ദം ഉയര്‍ന്നില്ല. കേരളത്തില്‍ സംഘടിതമായ പ്രതിഷേധം ഉയര്‍ത്തിയത് ഡി.വൈ.എഫ്.ഐ. ആയിരുന്നു. ഡി. വൈ. എഫ്.ഐ. കേരളത്തിലെ തപാല്‍ ഓഫീസുകളിലേക്കാണ് പ്രതിഷേധപ്രകടനം നടത്തിയത്.

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് നയിച്ച പ്രതിഷേധം തേഞ്ഞിപ്പലം പോസ്റ്റ് ഓഫീസിലേക്കായിരുന്നു. ഇടതുപക്ഷ മാധ്യമങ്ങളും ഇടതുപക്ഷ പത്രപ്രവര്‍ത്തകരും ഇസ്ലാമിക ഭീകരരുടെ നുണകള്‍ ജനസമക്ഷം കൊണ്ടുവരാനാണ് ശ്രമിച്ചത്. ദേശാഭിമാനി എഴുതിയ ഒരു ലേഖനത്തില്‍ എണ്‍പതുകളില്‍ പഞ്ചാബിലും അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം തീവ്രവാദം ശക്തിപ്പെട്ടത് കാണാതെ കാശ്മീരില്‍ മാത്രം അനുച്ഛേദം 370 മൂലം തീവ്രവാദം വളര്‍ന്നുവെന്ന് പറയുന്നത് അസംബന്ധമാണ് എന്ന് പറഞ്ഞു. ജമ്മുകാശ്മീരിനെ കുറിച്ച് സംഘപരിവാര്‍ നുണകള്‍ പടച്ചുവിടുകയാണെന്നാണ് ഈ ലേഖനത്തില്‍ പറഞ്ഞത്. ജമ്മുകാശ്മീരിനെ വെട്ടിമുറിച്ചത് ആര്‍ എസ് എസ് ക്രിമിനല്‍ ബുദ്ധിയാണെന്ന് കണ്ണൂരില്‍ പാട്യം ഗോപാലന്‍ സ്മാരക പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ജമ്മുകാശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ബി ജെ പിയുടെയും സംഘപരിവാറിന്റെയും കുടിലമായ വര്‍ഗ്ഗീയ തീവ്രവാദ പദ്ധതിയുടെ ഭാഗമാണ് ജമ്മുകാശ്മീരിനെ വെട്ടിമുറിച്ച നടപടിയെന്നും ബേബി പറഞ്ഞു. ഡോ. ഹുസൈന്‍ രണ്ടത്താണിയാണ് ഈ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത്.

ജമ്മുകാശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞത് ഇന്ത്യയില്‍ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മഞ്ചേരിയില്‍ അഭിപ്രായപ്പെട്ടു. ഇ എം എസ് പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച കാശ്മീര്‍ ജനാധിപത്യം അപകടത്തില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കാശ്മീരില്‍ പരിമിത അധികാരത്തോടെയുള്ള നിയമസഭയാണ് ഇനിയുണ്ടാവുക. നിയമസഭാ സീറ്റുകള്‍ മുസ്ലീം ഇതരര്‍ക്കായി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകം സംവരണം നല്‍കും. കൂടാതെ പശ്ചിമ പാകിസ്ഥാനില്‍ നിന്ന് കുടിയേറിപാര്‍ത്തവര്‍ക്ക് പൗരത്വം നല്‍കി സീറ്റുകള്‍ നല്‍കും. സാമൂഹികഘടനയില്‍ മാറ്റം വരുത്തി കാശ്മീര്‍ ഹിന്ദു ഭൂരിപക്ഷമാക്കലാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്നും കാരാട്ട് ആരോപിച്ചു. എത്ര നിന്ദ്യവും കുടിലവുമായ വര്‍ഗ്ഗീയ തീവ്രവാദ പ്രചാരണമാണ് കാരാട്ട് നടത്തിയതെന്ന് ഈ പ്രസംഗത്തില്‍ വ്യക്തമാണ്. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായതുകൊണ്ട് അത് ഒഴിവാക്കാന്‍ ശ്രമിക്കുന്ന എന്ന ആരോപണം മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതും വര്‍ഗ്ഗീയസംഘര്‍ഷവും മതാടിസ്ഥാനത്തിലുള്ള ചേരിതിരിവും ലക്ഷ്യമിട്ടുള്ളതാണ്. സത്യത്തില്‍ സി.പി. എം അല്ല കേരളം ഭരിച്ചിരുന്നതെങ്കില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന് കാരാട്ടിനെതിരെ കേസ് എടുക്കുമായിരുന്നു.

ആഗസ്റ്റ് 26 തിങ്കളാഴ്ച ദേശാഭിമാനി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയില്‍ കാശ്മീരിലെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ട് മൂന്ന് ആഴ്ചയായതായി പറയുന്നു. ഗാര്‍ഡിയനും ന്യൂയോര്‍ക്ക് ടൈംസും പോലുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ ജനങ്ങളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കുറിച്ചുള്ള വാര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തെയാകെ തടവിലിട്ടും അവര്‍ക്ക് സംസ്ഥാനത്തേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചും ജമ്മുകാശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി അവരുടെ എല്ലാ പൗരാവകാശങ്ങളും ലംഘിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കഴിയില്ലെന്നും ‘ജനങ്ങളെ ഭയക്കുന്ന മോദി ഭരണകൂടം’ എന്ന ഈ മുഖപ്രസംഗം വാദിക്കുന്നു.

സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് എ.കെ.ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ കുറച്ചുകൂടി കടന്നുകയറി. കാശ്മീര്‍ ഇന്ന് അശാന്തിയുടെ താഴ്‌വരയാണ്. ലോകത്ത് ഏറ്റവും സൈനിക സാന്നിദ്ധ്യമുള്ള സ്ഥലമാക്കി കാശ്മീരിനെ മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. സൈനിക ഭരണത്തിലേക്കുള്ള, ഹിന്ദുരാഷ്ട്ര രൂപീകരണത്തിലേക്കുള്ള നീക്കമാണിതെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് ഇതെന്ന് പറഞ്ഞ യെച്ചൂരി കാശ്മീര്‍ പ്രശ്‌നത്തെ ഇസ്രായേലുമായാണ് താരതമ്യം ചെയ്തത്. പാലസ്തീനില്‍ ജൂത കുടിയേറ്റം പ്രോത്സാഹിപ്പിച്ച് അധിനിവേശത്തിന് നിയമസാധുത നല്‍കിയ ഇസ്രായേല്‍ ഭരണമാതൃകയാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്നും യെച്ചൂരി ആരോപിച്ചു.

കേരളത്തില്‍ സി പി എം നടത്തിയ ഇത്തരം ഒരു സമ്മേളനവും കേരളത്തിന് പുറത്തു നടത്താനുള്ള ധൈര്യം അവര്‍ക്കുണ്ടായില്ല. മാത്രമല്ല, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കാശ്മീരി പണ്ഡിറ്റുകള്‍ക്കു വേണ്ടി ഒരു പ്രകടനം, ധര്‍ണ്ണ, ജാഥ, ഒരു പോസ്റ്ററെങ്കിലും പതിക്കാന്‍ തയ്യാറാകാത്ത സി.പി.എം ഇന്ന് അനുച്ഛേദം 370 റദ്ദാക്കുമ്പോള്‍ പൊഴിക്കുന്ന മുതലക്കണ്ണീര്‍ വോട്ടുബാങ്കിന്റെ രാഷ്ട്രീയമാണ്. സി.പി.എം സമ്മേളനത്തില്‍ പങ്കെടുത്ത ഇടതുപക്ഷ സഹയാത്രികനായ ഹുസൈന്‍ രണ്ടത്താണി കണ്ണൂരിലെ സമ്മേളനത്തില്‍ ജമ്മുകാശ്മീരില്‍ ബാങ്കു വിളിക്കാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞുവച്ചത് കാശ്മീരികളെ കണ്ടിട്ടല്ല, കേരളത്തിലെ മുസ്ലീം വോട്ടര്‍മാരെയും വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളും കണ്ടിട്ടു തന്നെയാണ്. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ കൊസാവൊ എന്ന പോസ്റ്റര്‍ സിമി എന്ന നിരോധിത ഇസ്ലാമിക ഭീകരസംഘടന കേരളത്തിലുടനീളം പതിച്ചത് ഇടതുമുന്നണി അധികാരത്തിലുള്ള കാലത്താണ്. എന്താണ് സി.പി.എമ്മിന് ഇതിനോടുള്ള നിലപാട്. ഈ കാര്യങ്ങളിലൊന്നും അഭിപ്രായം പറയുകയോ നിലപാടെടുക്കുകയോ ചെയ്യാതെ എല്ലാത്തിനും നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും ആക്ഷേപിക്കാനും ഹിന്ദുക്കള്‍ക്കെതിരെ യുദ്ധമുഖം തുറക്കാനുമാണ് കേരളത്തിലെ മാധ്യമങ്ങളും ഇടതുപക്ഷ പ്രവര്‍ത്തകരും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കവരും കാശ്മീരിനെ ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നം എന്ന നിലയിലല്ല കാണുന്നത്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പാകിസ്ഥാനിലെ ഭീകരരുടെ വാക്കുകളാണ് അവര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇതിനനുസരിച്ചാണ് മാധ്യമപ്രവര്‍ത്തനത്തിനുള്ള അജണ്ട തീരുമാനിച്ചതും നടപ്പിലാക്കിയതും. കാശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കാശ്മീരിലെത്തിയ ഒരു വാര്‍ത്താസംഘം കാശ്മീരി ജനതയോട് അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യമാണ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും ടെലഫോണും ഇന്റര്‍നെറ്റും കിട്ടിയാല്‍ പ്രശ്‌നങ്ങളില്ലെന്നും അവര്‍ പറഞ്ഞതോടെ ഈ അജണ്ട പൊളിയുകയായിരുന്നു. ഒരു രാജ്യത്തും രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ അല്ലെങ്കില്‍ രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അനുവാദം കൊടുക്കാറില്ല. പക്ഷേ, ഭാരതത്തില്‍ മാധ്യമങ്ങള്‍ ഈ ഉത്തരവാദിത്തം പാലിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. 2001 സെപ്റ്റംബറില്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബാക്രമണത്തില്‍ മരിച്ചവരുടെ ഒരു ചിത്രം പോലും പുറത്തു വിടാതെ അവിടത്തെ മാധ്യമങ്ങള്‍ രാജ്യതാല്പര്യത്തിനൊപ്പമാണ് നിന്നത്. അതേസമയം, ഇന്ത്യയിലാണെങ്കില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.

370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത തരത്തിലുള്ള പ്രതിഷേധം കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഉണ്ടായി? അതേപോലെ കേരളത്തിലെ മാത്രം പത്രമാധ്യമങ്ങളില്‍ എന്തുകൊണ്ട് ഈ തരത്തിലുള്ള വാര്‍ത്തകളും പരാമര്‍ശങ്ങളും ഉണ്ടാകുന്നു? ഇക്കാര്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു നിരീക്ഷണം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം മുന്‍പന്തിയിലാണെങ്കിലും രാജ്യത്തെ പൊതുവികാരത്തോടൊപ്പം കേരളം ഒരിക്കലും നിലകൊണ്ടിട്ടില്ല എന്നതുതന്നെയാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പിന്‍തിരിഞ്ഞ് മൂഢവും മലീമസവുമായ ഊഹാപോഹങ്ങളിലൂടെയും ചിന്താധാരകളിലൂടെയുമാണ് കേരളം നീങ്ങുന്നത്.

അടിയന്തരാവസ്ഥയ്ക്ക് എതിരായ ചെറുത്തുനില്പ് രാജ്യത്തുടനീളം പടര്‍ന്നുപിടിച്ചപ്പോള്‍ കേരളത്തില്‍ ആര്‍.എസ്.എസ്സുകാരും ഏതാനും നക്‌സല്‍ പ്രവര്‍ത്തകരും വിരലിലെണ്ണാവുന്ന രാഷ്ട്രീയക്കാരുമാണ് ജയിലില്‍ പോയത്. പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് അറസ്റ്റ് വരിക്കപ്പെട്ടത് മാതൃഭൂമി അസി. എഡിറ്ററായിരുന്ന പി.രാജന്‍ മാത്രമായിരുന്നു. വി.എം.കൊറാത്തിന്റെ നേതൃത്വത്തില്‍ ഏതാനും പത്രപ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തി എന്നത് വേറെ. അടിയന്തിരാവസ്ഥയ്ക്ക് എതിരായ ചെറുത്തുനില്‍പ്പ് കേരളത്തില്‍ ദുര്‍ബലമായിരുന്നു. അതേസമയം അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഇന്ദിരയെയും അടിയന്തിരാവസ്ഥയെയും തൂത്തെറിഞ്ഞപ്പോള്‍ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് കോണ്‍ഗ്രസ്സിനെയും കെ. കരുണാകരനെയും വിജയിപ്പിച്ചത്. അന്നുമുതല്‍ ഇന്നുവരെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പമോ അവരുടെ ചിന്താധാരകള്‍ക്ക് അനുസൃതമായോ അല്ല കേരളം ഏതു കാര്യത്തിലും പ്രതികരിച്ചത്. സാക്ഷരതയുടെയും സ്ത്രീ സാക്ഷരതയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഒക്കെ കാര്യത്തില്‍ ഊറ്റം കൊള്ളാനല്ലാതെ വസ്തുനിഷ്ഠവും കാര്യമാത്ര പ്രസക്തവുമായി യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രതികരിക്കുന്നതില്‍ കേരളീയ സമൂഹം പരാജയപ്പെട്ടിരിക്കുകയാണ്.

ഇവിടെ കൂട്ടിവായിക്കേണ്ട മറ്റൊരു കാര്യം ആട്, മാഞ്ചിയം, തേക്ക് കബളിപ്പിക്കലും ബ്ലേഡ്-ബാങ്ക് തട്ടിപ്പുകളും വിസ തട്ടിപ്പും ബിറ്റ് കോയിന്‍ തട്ടിപ്പും ഗ്രസിച്ചിരിക്കുന്നത് കേരളത്തെയാണ്. ഇവയിലൊന്നും തിരിച്ചറിയാതെ കുടുങ്ങുകയും അനുഭവപാഠങ്ങളില്‍ നിന്ന് പഠിക്കാതെയും ഒന്നിനു പിന്നാലെ ഒന്നായി ചതിക്കുഴികളില്‍ വീഴുകയും ചെയ്യുന്ന കേരളീയ സമൂഹത്തിന്റെ പൊതു സ്വഭാവം തന്നെയാണ് കാശ്മീര്‍ കാര്യത്തിലും പ്രതിഫലിക്കുന്നത്. ഉള്‍ക്കാഴ്ചകളും കാഴ്ചപ്പാടുകളുമില്ലാതെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ആരോ പടച്ചു വിടുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി കൊട്ടിപ്പാടുകയും അതിന്റെ പേരില്‍ ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന പമ്പര വിഡ്ഢികളായി നാം മലയാളികള്‍ മാറിയിരിക്കുന്നു. ഒരു പരിവര്‍ത്തനത്തിന് ആര് തുടക്കമിടും? മലയാളിയുടെ കണ്ണുകള്‍ തുറക്കാന്‍ കാര്യമായ ചികിത്സ തന്നെ വേണ്ടിയിരിക്കുന്നു.

ജി.കെ. സുരേഷ് ബാബു
കടപ്പാട് കേസരി വീക്കിലി - മുഖലേഖനം