തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്ന് degree ഓണേഴ്സ് ഗോൾഡ് മെഡലിസ്റ്റ് പരമേശ്വരൻ
പഠനകാലത്തെ കവിതാമത്സരത്തിലൊരിക്കൽ വയലാറിനെ തോൽപ്പിച്ച മുഹമ്മ ക്കാരൻ പരമേശ്വരൻ
പത്മവിഭൂഷൺ പരമേശ്വരൻ
പത്മശ്രീ പരമേശ്വരൻ
1948 ൽ തൈക്കാട് മൈതാനത്ത് ഗുരുജി പങ്കെടുത്ത സാംഘിക്ക് അക്രമിക്കാൻ വന്ന 'ഇസം ' തലക്കു പിടിച്ച പിന്നീട് IAS ആയ പട്ടരുടെ തലയിലെ സ്റ്റിച്ചായ ശിരോ മാറിന്റെ ദണ്ഡയിൽ മുറുകിയ മുഷ്ടിയാണ് പരമേശ്വരൻ
അടിയന്തരാവസ്ഥയിൽ സംഘർഷസമിതിക്കു വേണ്ടി മിസ തടവുകാരായ പ്രമുഖരിൽ ഒന്നാമനാണ് പരമേശ്വരൻ
മലയാള മാസമായ കർക്കിടകത്തിന്റെ ജാതകം മാറ്റിയെഴുതി രാമായണ മാസമെന്നാക്കിയവൻ പരമേശ്വരൻ
സൂര്യകാലടി നമ്പൂതിരിയെ വേദിയിലിരുത്തി, ഈഴവനായ പരവൂർ ശ്രീധരൻ തന്ത്രിയെക്കൊണ്ട് ഗണപതി ഹോമം നടത്തിയ പരമേശ്വരൻ
വിശാലഹിന്ദുസമ്മേളനം നടത്തി ആ വേദിയിൽ ഇനി മുതൽ കർക്കിടക മാസം, രാമായണ മാസമെന്ന പേരിൽ വിളിച്ചാചരിക്കാൻ ഉദ്ഘോഷിച്ചവൻ പരമേശ്വരൻ
മധ്യപ്രദേശ് രാജ്യസഭാ സീറ്റ്, കേന്ദ്ര മന്ത്രി സ്ഥാനം, പാർട്ടിയുടെ ദേശീയ നിയന്ത്രണം, എല്ലാ പ്രലോഭനങ്ങളും പുഞ്ചിരിയാലകറ്റി തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയവൻ പരമേശ്വരൻ
ഒരു ലക്ഷത്തോളം സമർപ്പിത ജീവനുകളെ ഒരേ കുപ്പായത്തിൽ, ഒരൊറ്റ വിസിലിൽ ആശ്രമം മൈതാനത്ത് തന്റെ പ്രത്യയശാസ്ത്രം നിരത്തി നിർത്തിയ പരമേശ്വരൻ
പ്രത്യാശയുടെ രണഭേരിയായ് സിരകളിൽ തിളച്ചുമറിഞ്ഞ " അകലെയല്ലാ പൊന്നുഷസ്സിൻ സുഖദമാം: ...." രചിച്ച പരമേശ്വരൻ
പ്രത്യയശാസ്ത്രം വിജയപടവുകൾ കയറി തുടങ്ങിയപ്പോൾ ,ആദർശ, ആത്മീയ, ബൗദ്ധിക ചേരുവകൾ വളക്കൂറായി നൽകി കൂടെ നടന്നവൻ പരമേശ്വരൻ
ഐക്യരാഷ്ട്രസഭ അംഗീകരിച്ച്, ലോകം ഏറ്റുവാങ്ങി "യോഗാദിനം" ഡോക്ടർജിയുടെ സ്മൃതി ദിനത്തിൽ ആഘോഷിക്കുന്നതിന്റെ പിന്നിലെ ചിന്താശേഷിയുടെ ഉടമയായ പരമേശ്വരൻ
ഇനി നിന്റെ തലമുറക്ക് പാഠപുസ്തകമാകേണ്ടവൻ പി. പരമേശ്വരൻ എന്ന പരമേശ്വർ ജി
അങ്ങിനെ എത്ര എത്ര കാര്യങ്ങൾ
ഓർമ്മ ചെപ്പ് തുറക്കുമ്പോൾ മനസ്സിൽ വരുന്നത് ...
നാഗപ്പൂരിൽ നിന്ന് ഒരു ബൈഠക്ക് കഴിഞ്ഞുവന്ന പരമേശ്വർജി വല്ലാതെ അസ്വസ്ഥനായിരുന്നു ..ഭക്ഷണം പോലും കഴിക്കാതെ , കുട്ടികളോടൊരു കുശലം പോലും പറയാതെ മുറിക്കുള്ളിൽ കയറി കതകടച്ചു ...അല്പസമയം കഴിഞ്ഞിറങ്ങിവന്ന് കുറച്ച് പേപ്പറുകളുമെടുത്ത് വീണ്ടും മുറിക്കുള്ളിൽ ...ഒരു മണിക്കൂറിനു ശേഷം മടങ്ങിവന്ന് ഒരു പേപ്പർ അവിടുത്തെ ചന്ദ്രേട്ടനെ ഏല്പിച്ചു ...ആരുടെയോ പേരുപറഞ്ഞു " ഒരു ഈണമിടാൻ പറയൂ " എന്നും പറഞ്ഞു ...ഒരാഴ്ച കഴിഞ്ഞാണറിഞ്ഞത് , അത് സംഘത്തിന്റെ എക്കാലത്തെയും ഹിറ്റായ ഒരു ഗണഗീതമായിരുന്നു എന്ന് ..
"ഇതാണിതാണീ പാവനഭാരത ഭൂമാതാവിൻ ശ്രീകോവിൽ
ഇവിടെനമിക്കാം ഇവിടെ ജപിക്കാം ഇവിടെ സാധന ചെയ്തീടാം ... "
ആ ഗണഗീതം അവസാനിക്കുന്നതിങ്ങനെയാണ് ..
"അരുണപ്രഭമാമുദയദിവാകര
കിരണപതാക ഉയരുകയായ്
പുതിയയുഗത്തിൻ ദിഗ്‌വിജയത്തിനു
മംഗളദീപ്തി കൊളുത്താനായ്
അഭിമാനത്തിൻ സ്വാതന്ത്ര്യത്തിൻ
അജയ്യ ദീപ്തിയുണർത്താനായ്
ഉയർന്നുപൊങ്ങുകയാണിവിടിന്നും
പാഞ്ചജന്യ തരംഗങ്ങൾ "
സ്വയംസേവകരുടെ രക്തത്തിലലിഞ്ഞു ചേർന്ന നനവൂറുന്ന വരികൾ മിക്കവയും പിറന്നത് , ഒരിക്കൽ വയലാർ രാമവർമ്മയെ കവിതാരചനയിൽ തോൽപിച്ച പരമേശ്വർജിയുടെ തൂലികയിൽനിന്നാണ് ..
ചിലത്
"ഒന്നിച്ച് പോന്നവരിടക്ക് മടങ്ങിയേക്കാം
നന്നെന്ന് വാഴ്ത്തിയവർ നാളെ മറിച്ച് ചൊല്ലാം
തന്നുറ്റ ബാന്ധവർ തളർന്ന് നിലംപതിക്കാം
എന്നാൽ ജപിക്ക പരിപാവന സംഘമന്ത്രം"
പൂവിട്ടുവാഴ്തിയനുകൂലികളാദരിക്കാം
ശൂലത്തിലേറ്റിയെതിരാളികൾ നിഗ്രഹിക്കാം
ഖേദം പ്രമോദമിവവേണ്ട നിതാന്തശാന്ത
ഭാവം ജപിക്ക പരിപാവന സംഘമന്ത്രം "
മറ്റൊന്ന്
പഥിചിതറിക്കിടക്കുന്നൊരസ്ഥികൾ
പതിയിരിപ്പൂ മരണമെന്നോതാവേ
പതറിടാറുണ്ട് മാനസമെങ്കിലും
വെടികയില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
ഇതുപറയാൻ തുടങ്ങിയാൽ തീരില്ല ...ഈ മനുഷ്യൻ സ്വജീവിതം സമാജത്തിനു സമർപ്പിച്ചപ്പോൾ മലയാള സാഹിത്യത്തിന് നഷ്ടപ്പെട്ടത് ഒരു മഹാകവിയെയാണ് ...പക്ഷെ ആ നഷ്ടം , കേരളത്തിലെ ബൗദ്ധികമേഖലക്കും പിന്നീടുള്ള ഒരുപാട് തലമുറകൾക്കും ഒരു മഹാവെളിച്ചമായി ...കാരണം , പരമേശ്വർജി , ഗുരുദേവനും ചട്ടമ്പിസ്വാമികൾക്കും ശേഷം കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ മാനസികാവസ്ഥയെ തന്നെ വഴിതിരിച്ച് വിട്ട ചിന്താഗതികളുടെ പ്രഭവകേന്ദ്രമാണ്...1982 ലെ വിശാലഹിന്ദു സമ്മേളനത്തിന്റെ ഗണപതിഹോമം അവർണനായ പറവൂർ ശ്രീധരൻ തന്ത്രിയെക്കൊണ്ട് ചെയ്യിച്ച് , അദ്ദേഹത്തിന് പരികർമ്മിയായി സൂര്യകാലടി ഭട്ടതിരിയെ നിയോഗിച്ചത്തിന്റെ സന്ദേശം , അരുവിപ്പുറത്ത് ഈഴവശിവനെ പ്രതിഷ്ഠിച്ച നാരായണ ഗുരുദേവന്റെ മഹാവിപ്ലവത്തിന് സമമാണ് ...അവിടെ നിന്നാണ് പ്രസിദ്ധമായ പാലിയം വിളംബരവും ഉണ്ടാകുന്നത് ..
1927 ൽ , ആലപ്പുഴ മുഹമ്മയിൽ ജനിച്ച പരമേശ്വർജിയുടെ ചുറ്റുപാടുകൾ തികച്ചും യാഥാസ്ഥിതികമായിരുന്നു ..പഠനകാലത്ത് തന്നെ ആധ്യാത്മിക കാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വഴിത്തിരിവ് ആരംഭിക്കുന്നത് രണ്ട് കാര്യങ്ങളിലൂടെയാണ് ..ആഗമാന്ദസ്വാമികളുമായുള്ള കൂടിക്കാഴ്ചയും , സംഘവുമായി ബന്ധപ്പെടലും ...സന്യാസ മാർഗ്ഗത്തിലേക്ക് തിരിയാൻ കാത്തിരുന്ന പരമേശ്വർജിയെ കാത്തിരുന്നത് പക്ഷെ സംഘപ്രചാരകൻ എന്ന മഹാദൗത്യമായിരുന്നു ..അങ്ങിനെ ഇരുപത്തിമൂന്നാം വയസ്സിൽ ,1950 ൽ , സംഘത്തിന്റെ മുഴുവൻ സമയ പ്രചാരകനായി ...പിന്നീട് , കേരളത്തിന്റെയും രാജ്യത്തിന്റെയും ആധ്യാത്മിക രാഷ്ട്രീയ ചരിത്രത്തിനോടൊപ്പം കൈകോർത്ത് നടന്ന പരമേശ്വർജിയുടെ ജീവിതം , അനേകം തലമുറകൾക്ക് കൈമാറാവുന്ന വലിയൊരു സമർപ്പണത്തിന്റെ പാഠപുസ്തകമാണ് ..
പരമേശ്വർജിയുടെ സംഘടനാ വൈഭവം മൂർത്തരൂപം കണ്ടത് 1967 ലെ ജനസംഘം അഖിലേന്ത്യ സമ്മേളനം കോഴിക്കോട് നടന്നപ്പോഴാണ് ...ജനസംഘം അതീവദുർബ്ബലമായ കേരളത്തിൽ , ഇത്രവലിയൊരു മഹാസമ്മേളനം ഗംഭീരമായി നടന്നപ്പോൾ അന്തം വിട്ടു നിന്നത് പ്രതിയോഗികൾ മാത്രമല്ല , സംഘപ്രവർത്തകർ തന്നെയാണ് ...പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ദേശീയ അധ്യക്ഷനായ സമ്മേളനം കൂടിയായിരുന്നു അത് ..പിന്നീട് ഇക്കഴിഞ്ഞ ബിജെപി ദേശീയ കൗൺസിലിൽ , ദീനദയാല്ജിയുടെ ധന്യസ്മരണക്ക് മുൻപിൽ പരമേശ്വർജിയെ ആദരിച്ചത് അദ്ദേഹത്തിന്റെ പഴയ ശിഷ്യനും രാജ്യത്തിന്റെ പ്രധാനസേവകനുമായ നരേന്ദ്ര മോദി , അതെ ദൽഹി ദീനദയാൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്ന കാലത്ത് മോദിജിയുടെ ഒരു പ്രധാന ലാവണമായിരുന്നു അത് ...പരമേശ്വർജി പരമാചാര്യനും ...
1988 ജൂണിലെ ടിയാനമെൻ സ്ക്വയർ ദുരന്തത്തിന് ശേഷം പരമേശ്വർജി കമ്മ്യൂണിസ്റ്റുപാർട്ടിയുടെ മുഖംമൂടികൾ വലിച്ച് ചീന്തിക്കൊണ്ട് കൊടുങ്കാറ്റുപോലെ സഞ്ചരിക്കുകയാണ് ...അങ്ങിനെയിരിക്കെ അദ്ദേഹം അടൂര് വരുന്നുണ്ട് എന്നറിഞ്ഞു ...പന്തളം കോളേജിലും പരമേശ്വർജിയെ കൊണ്ടുവന്ന് ഒരു പരിപാടി നടത്തണം എന്നൊരു ആഗ്രഹം ...കൂടുതലൊന്നുമാലോചിച്ചില്ല പരിപാടിയങ്ങു ഉറപ്പിച്ചു ..പ്രധാനമായും അത്യാവശ്യം ബോധവും വായനയുമൊക്കെയുള്ള SFI സുഹൃത്തുക്കളെയും ക്ഷണിച്ചു ..തലേദിവസം ജില്ലാപ്രചാരകൻ വിളിച്ചുവരുത്തി നെരിവട്ടം ചീത്ത ..."ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ പ്രോഗ്രാം വെച്ചത് ..അടൂര് നിന്ന് പരമേശ്വർജിക്ക് കൊല്ലത്തേക്കാണ് പോകേണ്ടത് ...നിങ്ങൾക്ക് തോന്നുന്നത് പോലെ കളിക്കാൻ പരമേശ്വർജിയെന്താ പാവയാ" ...ആകെ വെടീം പുകേം ...പരിപാടി വെച്ചും പോയി ...നാണക്കേടാകുമല്ലോ ഭഗവാനെ ...
രണ്ടും കല്പിച്ച് പറഞ്ഞു ..നമുക്ക് പരമേശ്വർജിയെ നേരിട്ട് ചെന്ന് കാണാം ..പഴേ കാര്യാലയ പരിചയം പറയാം ...പിന്നെ കുട്ടികൾ , ചെറുപ്പക്കാർ , ഇങ്ങനൊരു വിഷയം , അവരുടെ അഭിമാനം ...പരമേശ്വർജി സെന്റിമെൻറ്സിൽ വീഴും ..കണക്കുകൂട്ടൽ തെറ്റിയില്ല ...രൂക്ഷമായി ഒന്ന് നോക്കി .."ശരി ആയിക്കോട്ടെ ..എന്തായാലും പരിപാടി നടക്കട്ടെ .."
പന്തളം കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ററാക്റ്റീവ് പരിപാടിയായിരുന്നു അത് ..രാഷ്ട്രീയ എതിരാളികളുടെ പോലും ബഹുമാനം പിടിച്ച് പറ്റി ഞങ്ങളോട് വിട പറയുമ്പോൾ ചെവിയിൽ പിടിച്ച് ഒരു തിരുമ്മ് ..കോളേജിലല്ലേടോ പഠിക്കുന്നത് , എന്നിട്ടാണോ ഇങ്ങിനെ അടിച്ച് വെച്ചിരിക്കുന്നത് "
പ്രോഗ്രാമിന്റെ വിഷയം "ചൈനയിൽ സംഭവിക്കുന്നതെന്ത് , പ്രതിവിപ്ലവമോ പ്രത്യയശാസ്ത്രത്തിന്റെ പരാജയമോ " എന്നതിൽ സംഭവിക്കുന്നത് എന്നതിൽ "വി" ഇല്ലായിരുന്നു ...സംഭിക്കുന്നത് എന്നായിരുന്നു അതിൽ അച്ചടിച്ചത് ...അവസാന നിമിഷത്തിൽ പ്രൂഫ് നോക്കിയതിലെ പിഴവ് ...അത് ശ്രദ്ധയിൽ പെട്ടത് പരമേശ്വർജിക്ക് മാത്രം ...ഓർമ്മയിലെ മറ്റൊരു മയിൽപ്പീലിത്തുണ്ട് ...
താത്വികമായും ബൗദ്ധികമായും കമ്മ്യൂണിസ്റ്റു പാർട്ടിയെ നട്ടം തിരിച്ചങ്കിലും ഇഎംഎസ്സുമായും , ഗോവിന്ദപ്പിള്ളയുമായൊക്കെ വ്യക്തിപരമായ വളരെനല്ല ബന്ധം തന്നെയായിരുന്നു അദ്ദേഹം കാത്തുസൂക്ഷിച്ചത് ...1996ൽ പരമേശ്വർജി വിലക്കിയെങ്കിലും അദ്ദേഹത്തിന്റെ സപ്തതി ചെറുതായെങ്കിലും നടത്താൻ സ്വയംസേവകർ തീരുമാനിച്ചു ..ഞാനന്ന് സംസ്കൃതിഭവനിൽ താമസിക്കുന്ന സമയമാണ് ...പരമേശ്വർജി പുറപ്പെടാൻ തുടങ്ങുന്നതിനു മുൻപ് ഒരു മനുഷ്യൻ പണിപ്പെട്ട് സംകൃതിഭവന്റെ ഗോവണി കയറി വന്നു ...പി.ഗോവിന്ദപ്പിള്ള ..."പരമേശ്വരാ ..ക്ഷമിക്കണം ..പാർട്ടി വിലക്കുണ്ട് , അതുകൊണ്ട് നന്ദൻകോട്ടെ പരിപാടിക്ക് വരാൻ കഴിയില്ല "..കുറച്ച് സമയം അവർ സംസാരിച്ചു ...ഗോവിന്ദപ്പിള്ള എന്തുകൊണ്ട് പരിപാടിക്ക് വന്നില്ല എന്ന് പലരും ചോദിച്ചങ്കിലും പരമേശ്വർജി ഒന്നും പറഞ്ഞില്ല ...ഈ സംഭവത്തിന് സാക്ഷിയായവരോട് ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന ഉഗ്രശാസനയും ...പരമേശ്വരൻ ക്ഷിപ്രപ്രസാദിയെന്ന പോലെ ക്ഷിപ്രകോപിയുമാണ്.. തൃക്കണ്ണ് തുറന്നാൽ പ്രശ്നമാണ് ...അതുകൊണ്ട് ഞങ്ങൾ എല്ലാ രോഷവും ഉള്ളിലൊതുക്കി...
കാലം 1990 ...ബിജെപിയുടെ പിന്തുണയോടെ കേന്ദ്രത്തിൽ ഐക്യമുന്നണി സർക്കാർ ഭരിക്കുന്ന സമയം . കലാകൗമുദി സ്ഥിരമായി വായിക്കുന്ന പ്രായമാണ് ...ഒരു ആഴ്ചയറുതിയിൽ വന്ന വാരികയിൽ , സാഹിത്യവാരഫലം കൂടാതെയുള്ള ഒരു ലേഖനത്തിൽ വല്ലാതെ കണ്ണുടക്കി ...പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ലേഖനമാണ് ..നേരെ അതിലെ വരികളിലേക്ക് തന്നെ വരാം ...
" വിരസമായ തിരുവനന്തപുരം സായാഹ്നങ്ങളിലൊന്നിലാണ് കഴിഞ്ഞയാഴ്ച ട്രിവാൻഡ്രം ഹോട്ടലിലെ റസ്റ്ററന്റിൽ ഒന്ന് കയറിയത് ..ഒരു മേശക്ക് പിന്നിൽ ഇടം പിടിച്ചപ്പോൾ , തൊട്ടടുത്തുള്ള മേശയിൽ പരിചിതമായ മൂന്ന് മുഖങ്ങൾ ..കേന്ദ്രഭരണത്തിന്റെ അക്ഷരാർത്ഥത്തിൽ തന്നെയുള്ള റിമോട്ട് കൺട്രോൾ , ശ്രീ എൽ.കെ.അദ്വാനി , പഴയകാല കമ്മ്യൂണിസ്റ് നേതാക്കളുടെ മുഖഛായയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് രാമൻ പിള്ള , കേരളത്തിലെ ബൗദ്ധികമേഖലയിലെ മുടിചൂടാമന്നൻ തന്നെയായ , പ്രിയപ്പെട്ടവരുടെ പരമേശ്വർജിയായ പി.പരമേശ്വരൻ ...മുൻപിലിരിക്കുന്ന പ്ളേറ്റുകളിൽ നിന്ന് ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിക്കുന്നുണ്ടങ്കിലും അവർ മറ്റേതോ ലോകത്താണ് ...ഈർക്കിൽ പാർട്ടികളുടെ കെട്ടുകാഴ്ചകൾ ഒരുപാടുകണ്ടുമടുത്ത നമ്മുടെ നാട്ടിൽ ഈ ദൃശ്യം വളരെ അപരിചിതമായിത്തോന്നി ..ഞാനിതാ ഉറപ്പിച്ച് പറയുന്നു ..ഇന്ത്യൻ രാഷ്ട്രീയം , ഇനിയൊഴുകാൻ പോകുന്നത് ഇവർ വെട്ടിത്തെളിക്കുന്ന ചാലുകളിലൂടെയാകും "..
ബിജെപിയുടെ വഴികാട്ടിയായി പാർട്ടിയുടെ ഉന്നതനേതൃത്വത്തിലേക്ക് പരമേശ്വർജിയെ ക്ഷണിക്കുന്ന സംഭാഷണമാണവിടെ നടന്നത് എന്ന് പിന്നീടെപ്പോഴോ പറഞ്ഞു കേട്ടു ...പരമേശ്വർജി അത് നിഷേധിച്ചു എന്നും ...പിന്നീട് , കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു രാജ്യസഭാ എംപി വേണം എന്ന് തീരുമാനമെടുത്തപ്പോഴും ആദ്യമുയർന്ന പേര് പരമേശ്വർജിയുടേത് തന്നെ , അവിടെയും അദ്ദേഹം ഒഴിഞ്ഞുമാറി ഓ.രാജഗോപാലിന് വഴികൊടുത്തു ...1999 ൽ NDA അധികാരത്തിൽ വന്നപ്പോൾ , കേന്ദ്രമന്ത്രിസഭയിലെ ഉന്നതപദവിയും അദ്ദേഹം തിരസ്കരിച്ചു ..2002 ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പറഞ്ഞുകേട്ട ഒരു പേര് പരമേശ്വർജിയുടേത് തന്നെ ....ഒരു സ്വയംസേവകന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവി ലഭിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം അപ്പോഴൊക്കെ പറഞ്ഞത് ...സംഘപ്രചാരകൻ ...
ഏഴുപതിറ്റാണ്ടോളം , കേരളത്തിലെ ബൗദ്ധിക മേഖലയെ സ്വാധീനിച്ച് കൊണ്ട് , ഒരു കാലഘട്ടത്തെ മുഴുവൻ ഒപ്പം നടത്തിയ ജ്ഞാനതേജസ്...
പത്മവിഭൂഷൺ പി. പരമേശ്വർജിക്ക്
പ്രണാമങ്ങൾ
കടപ്പാട്
Adv Sreenath