പ്രധാനപ്പെട്ട കേരളീയമാധ്യമങ്ങളൊന്നും വെളിച്ചത്തുകൊണ്ടുവരാന്‍ മെനക്കെടാത്ത ഒരു സംഭവം മഹാരാഷ്ട്രയില്‍ നടന്നത് ഈയിടെയാണ്. മുംബൈ സര്‍വ്വകലാശാലയിലെ അധ്യാപകനും അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ഡയറക്റ്ററുമായ പ്രൊ. യോഗേഷ് സോമനോട് ദീര്‍ഘകാല അവധിയെടുത്ത് കര്‍മ്മരംഗത്തുനിന്ന് ഒഴിഞ്ഞുനില്ക്കാന്‍ കോണ്‍ഗ്രസ് പങ്കാളിത്തത്തോടെ ശിവസേനയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരവിറക്കി. അതിന് അദ്ദേഹം ചെയ്ത കുറ്റമെന്താണെന്ന് അറിയണ്ടേ? മാപ്പു ചോദിക്കാന്‍ തന്റെ പിതാവ് വീരസാവര്‍ക്കറല്ലെന്നു പറഞ്ഞുകൊണ്ട് സാവര്‍ക്കറെപ്പോലുള്ള ഒരു സ്വാതന്ത്ര്യസമരപ്പോരാളിയെ രാഹുല്‍ അപമാനിച്ചപ്പോള്‍ അതിനു മറുപടിയായി യോഗേഷ് സോമന്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തു. രാഹുലിന് സാവര്‍ക്കറുടെ പേരുപയോഗിക്കാനുള്ള യോഗ്യതയില്ലെന്ന അടിക്കുറിപ്പോടെയാണ് യോഗേഷ് ആ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കുന്ന ഉദ്ധവ് താക്കറേയുടെ ‘ഏച്ചുകുട്ടു’സര്‍ക്കാരിനെ ചൊടിപ്പിച്ചത്. സാവര്‍ക്കര്‍ ഭാരതത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍വേണ്ടി സഹിച്ച സമാനതകളില്ലാത്ത ത്യാഗങ്ങള്‍ താക്കറേക്ക് അറിയാത്തതൊന്നുമല്ല. അതിനെക്കുറിച്ച് ഇതിനുമുമ്പ് ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം ഘോരഘോരം പ്രസംഗിച്ചിട്ടുള്ളതുമാണ്. അത്തരത്തില്‍ തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്ന സ്വാതന്ത്ര്യസമരനായകന്‍ അപമാനിക്കപ്പെടുമ്പോള്‍, അധികാരക്കസേര ഉറപ്പിച്ചുനിര്‍ത്താന്‍ തന്റെ ആദര്‍ശങ്ങളെ കാറ്റില്‍ പറത്തി സ്വയം അപമാനിതനാകാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. നേതാജിയെയും പട്ടേലിനെയുംപോലെ, നെഹ്രുപക്ഷപാതത്തില്‍ തമസ്‌ക്കരിക്കപ്പെട്ട ത്യാഗോജ്ജ്വലനായ ഒരു നേതാവായിരുന്നു സാവര്‍ക്കര്‍. അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലത്തിലൂടെയുള്ള ഒരു ഓട്ട്രപദിക്ഷണം ആ കര്‍മ്മധീരനെ തമസ്‌ക്കരിക്കുന്നതിലൂടെ എത്ര വലിയ അപരാധമാണ് ‘വളച്ചൊടിപ്പു’ ചരിത്രകാരന്മാര്‍ ചെയ്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കിത്തരും.
വിപ്ലവത്തിന്റെ തീച്ചൂള
1883 മെയ്മാസം 28-ാം തീയതി, ദാമോദര്‍ പാന്തിന്റെയും രാധാഭായിയുടെയും മകനായി നാസിക്കിനടുത്തുള്ള ഭാഗൂരിലാണ് സാവര്‍ക്കര്‍ ജനിച്ചത്. തന്റെ ഒമ്പതാം വയസ്സില്‍ അമ്മയും പതിനാറാംവയസ്സില്‍ അച്ഛനും നഷ്ടപ്പെട്ട സാവര്‍ക്കറിനെ പിന്നീട് വളര്‍ത്തിയെടുത്തത് മൂത്ത ജ്യേഷ്ഠനായിരുന്ന ഗണേശ് ആയിരുന്നു. താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍കൊണ്ടാവണം പില്ക്കാലത്ത് സാവര്‍ക്കര്‍ നിരീശ്വരവിശ്വാസിയായിട്ടാണ് കാണപ്പെട്ടത്. ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാനാവാത്ത ഒരു അജ്ഞേയാവസ്ഥയിലാണ് താന്‍ നിലകൊള്ളുന്നത് എന്ന് ഈശ്വരവിശ്വാസത്തെക്കറിച്ചാരായുമ്പോഴെല്ലാം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
1901-ലാണ് സാവര്‍ക്കര്‍ വിവാഹിതനാവുന്നത്. യമുനാഭായി ആയിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. സംഗീതജ്ഞയായ അവരാണ് സാവര്‍ക്കറുടെ പല വിപ്ലവഗീതങ്ങള്‍ക്കും ഈണമിട്ടിരുന്നത്. കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യയും ആദരണീയയും ആയിരുന്നു അവര്‍. സാവര്‍ക്കറുടെ സഹോദരപത്‌നി യശോദ തുടങ്ങിവെച്ച ‘ആത്മനിഷ്ഠ യുവതിസമാജ്’ എന്ന സംഘടനയുടെ അമരക്കാരിയായി അവര്‍ വൈകാതെ തിളങ്ങി. അതിലെ അംഗങ്ങളോട് സ്വദേശനിര്‍മ്മിതമായ ആഭരണങ്ങളും വസ്ത്രങ്ങളുമുപയോഗിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കൂടെയുള്ളവരില്‍ അവര്‍ സ്വദേശസ്‌നേഹം വളര്‍ത്തി. സ്വന്തം മക്കളോടൊപ്പം സാവര്‍ക്കര്‍ ദത്തെടുത്ത ഒരു ദളിതബാലികയെ യമുനാഭായി ഭേദചിന്തകളേതും കൂടാതെ സ്വന്തം മകളെപ്പോലെ വളര്‍ത്തിയിരുന്നു.
സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി ഫര്‍ഗൂസന്‍ കോളേജില്‍ ചേര്‍ന്ന കാലത്താണ് അദ്ദേഹം ബാലഗംഗാധരതിലകനെ പരിചയപ്പെടുന്നത്. ദേശീയതയുടെ വിപ്ലവസ്ഫുലിംഗങ്ങള്‍ സാവര്‍ക്കറുടെ ഹൃദയത്തില്‍ സന്നിവേശിപ്പിച്ച് ജ്വലിപ്പിച്ചുവിട്ടത് ലോകമാന്യബാലഗംഗാധരതിലകനായിരുന്നു.
തന്റെ രാഷ്ട്രീയഗുരുവിന്റെ സമാന്തരപാതയിലുള്ള, മിതവാദിയായ ഗോപാലകൃഷ്ണഗോഖലെയുടെ ശിഷ്യനായ ഗാന്ധിജി സ്വീകരിച്ച സമാധാനപന്ഥാവിനോട് ഒട്ടുംതന്നെ മമതയുണ്ടായിരുന്നില്ല സാവര്‍ക്കര്‍ക്ക്. സ്വാതന്ത്ര്യം യാചിച്ചുവാങ്ങേണ്ടുന്നതല്ലെന്നും സുഭാഷ് ചന്ദ്രബോസ് പറഞ്ഞതുപോലെ അത് പിടിച്ചുവാങ്ങേണ്ടുന്ന ഒന്നാണെന്നുമുള്ള ബലമായ വിശ്വാസമാണ് തന്റെ പ്രവര്‍ത്തനങ്ങളിലുടനീളം അദ്ദേഹത്തെ നയിച്ചത്. ബോസിന്റെ പടയിലേക്ക് ആളെച്ചേര്‍ക്കാനും കിട്ടിയ അവസരങ്ങളിലെല്ലാം അട്ടിമറിയുണ്ടാക്കി വെള്ളക്കാരന് തലവേദനയുണ്ടാക്കാനും സാവര്‍ക്കര്‍ ശ്രദ്ധാലുവായി. അതിനായി ‘അഭിനവ് ഭാരത് സൊസൈറ്റി’, ‘ഫ്രീ ഇന്ത്യാ സൊസൈറ്റി’ എന്നീ രണ്ടു സംഘടനകള്‍ക്ക് ഉയിര്‍കൊടുത്ത് അവയുടെ സാരഥ്യം വിജയകരമായി നിര്‍വ്വഹിച്ചുകൊണ്ടുപോവാനും അദ്ദേഹത്തിനു കഴിഞ്ഞു. ദേശീയത പ്രചരിപ്പിക്കാന്‍ അദ്ദേഹം ഭാരതമൊട്ടാകെ സഞ്ചരിച്ചു. ഒന്നാംതരം പ്രസംഗകനും ചിന്തകനുമായ അദ്ദേഹത്തിന്റെ പിന്നില്‍ സ്വാതന്ത്ര്യദാഹികളായ ജനങ്ങള്‍ അണിനിരന്നു. 1920-ല്‍ ഭോപട്കര്‍ ആണ് സാവര്‍ക്കറെ ‘വീര്‍’ പട്ടംനല്കി ബഹുമാനിക്കുന്നത്. പൂണെയിലെ പ്ലേഗ് കമ്മീഷണറായിരുന്ന, ഡബ്ല്യു.സി. റാണ്ടിനെ കാലപുരിക്കയച്ച ചാപ്പേക്കര്‍ സഹോദരന്മാരെ തൂക്കിക്കൊന്നതിനോട് പ്രതിഷേധിച്ച് 1900-ല്‍, ‘മിത്രമേള’ എന്നൊരു സംഘടനയുണ്ടാക്കിക്കൊണ്ടാണ് അദ്ദേഹം ദേശീയധാരയിലേക്ക് കുതിക്കുന്നത്. ഈ സംഘടനയാണ് പിന്നീട് ‘അഭിനവ് ഭാരത് സൊസൈറ്റി’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട് പ്രവര്‍ത്തനനിരതമാകുന്നത്.
1905-ലെ ബംഗാള്‍വിഭജനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് വിദേശസാധനബഹിഷ്‌ക്കരണവും അതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളും നിമിത്തം ഫര്‍ഗൂസന്‍ കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടു, സാവര്‍ക്കര്‍. പഠിക്കാന്‍ ബഹുമിടുക്കനായിരുന്ന അദ്ദേഹം, പിന്നീട് സ്‌ക്കോളര്‍ഷിപ്പോടെയാണ് 1906-ല്‍ നിയമപഠനത്തിന് ലണ്ടനിലെത്തിയത്. അതിനിടയില്‍ സാവര്‍ക്കര്‍ ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ പ്രഭാകര്‍ പിറവിയെടുത്തു കഴിഞ്ഞിരുന്നു.
സ്വരാജ്യസ്‌നേഹികളായ കുറേ ത്യാഗശീലരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പരിണതഫലമായിരുന്നു നമ്മുടെ നാടിന് 1947-ല്‍ ആര്‍ജ്ജിതമായ സ്വാതന്ത്ര്യം. ഒരു പ്രത്യേകരാഷ്ട്രീയകക്ഷി സ്വാതന്ത്ര്യലബ്ധിയുടെ മൊത്തം കുത്തകാവകാശവും സ്വന്തമാക്കുന്നതാണ് പിന്നീട് നമ്മുടെ നാട് കണ്ടത്. ആ കുത്തകപ്പെടുത്തലിന്റെ പാര്‍ശ്വഫലം അപഹാസ്യനാക്കിയ ഒരു വലിയ ദേശസ്‌നേഹിയും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു വീരവിനായക ദാമോദര്‍ സാവര്‍ക്കര്‍.
സര്‍ഗ്ഗസിദ്ധനായ കവി, കഴിവുറ്റ അഭിഭാഷകന്‍ എന്നതിനുപുറമെ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥപോലുള്ള അനാചാരങ്ങള്‍ക്കെതിരെ നിശിതമായി പോരാടിയ വ്യക്തിത്വംകൂടിയായിരുന്നു സാവര്‍ക്കര്‍. ഹിന്ദുത്വം എന്ന ആശയത്തെ ദേശീയതയുടെ പ്രതീകമായിക്കണ്ട് അതിനെ, നാടുകാക്കാനുള്ള കാവല്‍ക്കോട്ടയാക്കണമെന്ന് അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു.
1857-ലെ സ്വാതന്ത്ര്യസമരത്തെ ‘ശിപായിലഹള’യെന്നുവിളിച്ച് വെള്ളക്കാരന്‍ പരിഹസിച്ചപ്പോള്‍ അതില്‍ വീണുകിടക്കുന്ന സ്വാതന്ത്ര്യത്തിളക്കത്തിന്റെ തീക്ഷ്ണത കണ്ടറിഞ്ഞടയാളപ്പെടുത്തിയത് സാവര്‍ക്കറായിരുന്നു. അദ്ദേഹമാണ് ആ പോരിളക്കത്തിന് ‘ഒന്നാം സ്വാതന്ത്ര്യസമര’മെന്ന മേല്‍വിലാസംകൊടുത്ത് പുണ്യപരിവേഷമണിയിച്ചത്. വിദേശികളോടേറ്റുമുട്ടി പോര്‍ക്കളത്തില്‍ ജീവനുപേക്ഷിക്കേണ്ടിവന്ന റാണി ലക്ഷ്മീഭായിയെപ്പോലുള്ളവരുടെ സമരവീര്യത്തിന്, പിന്നാലെ വരുന്നവര്‍ക്ക് ഉത്തേജനം കൊടുക്കുന്നവിധം അക്ഷരതേജസ്സുകൊടുത്ത് മിഴിവേറ്റി അദ്ദേഹം. അത് ഗ്രന്ഥരൂപത്തിലിറങ്ങാന്‍ പോകുന്നുവെന്ന വിവരം മണത്തറിഞ്ഞ ബ്രിട്ടീഷുകാരന്‍ ആ ഗ്രന്ഥം വരുത്തിവെച്ചേക്കാവുന്ന ഭവിഷ്യത്തുകള്‍ ഭയന്ന് അങ്ങനെയൊന്ന് വെളിച്ചത്തുവരാതെ തടുത്തു. എങ്കിലും, അഭിനവ ഭാരത സൊസൈറ്റിയുടെ ഹോളണ്ട് വിഭാഗത്തിന്റെ അച്ചടിശാലയില്‍വെച്ച് രഹസ്യമായി തന്റെ ആശയങ്ങള്‍ക്ക് മഷിപുരട്ടി ജനസവിധത്തില്‍ അതെത്തിക്കുകതന്നെ ചെയ്തു സാവര്‍ക്കര്‍. 1907-ല്‍ ‘ശിപായിലഹള’യുടെ അമ്പതാം വാര്‍ഷികവേളയിലാണ് സാവര്‍ക്കര്‍ ഈ പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രസ്തുത പുസ്തകം ജനങ്ങളിലുണ്ടാക്കിയ അമര്‍ഷഭാവം കണ്ട് രോഷാകുലരായി, അത് കൈവശം സൂക്ഷിക്കുന്നതുപോലും ശിക്ഷാര്‍ഹമായ കുറ്റമായി ഇംഗ്ലീഷുകാരന്‍ പ്രഖ്യാപിച്ചു. അതുകൂട്ടാക്കാതെ, തങ്ങളുടെ അനുയായികള്‍ക്കുള്ള ഉത്തേജകമരുന്നായി സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള വിപ്ലവപ്പടനായകന്മാര്‍ കണ്ടെത്തി പ്രചരിപ്പിച്ചത് സാവര്‍ക്കറിന്റെ ഈ ഗ്രന്ഥമായിരുന്നു. ഫ്രാന്‍സില്‍നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന തന്റെ ‘തല്‍വാര്‍’ എന്ന വാര്‍ത്താപത്രികയുടെ 1909-ലെ ഒരു ലക്കത്തില്‍, ‘വിപ്ലവകാരികളുടെ ഗീത’ എന്നപേരില്‍ ആദരിക്കപ്പെട്ട ‘ഒന്നാംസ്വാതന്ത്ര്യസമര’മെന്ന തന്റെ പുസ്തകത്തിന്റെ സാംഗത്യത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട് സാവര്‍ക്കര്‍.
ഇതുകൂടാതെ, കവിതകളും കഥകളും ധാരാളം രചിച്ച് ആ തുറയിലും തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു അദ്ദേഹം. ‘മുഝേ ഇന്‍സേ ക്യാ’ എന്ന സാവര്‍ക്കറുെട പ്രസിദ്ധമായ നാടകത്തിന്റെ ഇതിവൃത്തം, മലബാറിലെ മാപ്പിളലഹളയായിരുന്നു എന്നത് സമകാലീനവിഷയങ്ങള്‍ രചനയ്ക്കു തിരഞ്ഞെടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പാടവത്തെയാണ് വെളിപ്പെടുത്തുന്നത്.
ചൂടുപറക്കുന്ന പ്രസംഗങ്ങള്‍കൊണ്ട് കേട്ടുനില്ക്കുന്നവന്റെ സിരകളിലേക്ക് വിപ്ലവത്തിന്റെ തീ പടര്‍ത്തിക്കൊണ്ടിരുന്ന ശ്യാംജി കൃഷ്ണവര്‍മ്മയുമായി ലണ്ടനില്‍ വെച്ചാണ് സാവര്‍ക്കര്‍ ബന്ധം സ്ഥാപിക്കുന്നത്. കൃഷ്ണവര്‍മ്മയുടെ, ‘വിപ്ലവചിന്തകളുടെ ഈറ്റില്ല’മെന്ന് വിശേഷിപ്പിക്കപ്പെട്ട, ‘ഇന്ത്യന്‍ഹൗസി’ല്‍ വെച്ച് അവര്‍ പലതവണ കണ്ടുമുട്ടി. ആ കണ്ടുമുട്ടലുകളില്‍നിന്നും സഞ്ചിതമായ ഊര്‍ജ്ജമാണ് ‘ഫ്രീ ഇന്ത്യാ സൊസൈറ്റി’ എന്ന വിപ്ലവപ്രസ്ഥാനത്തിന് തുടക്കമിടാന്‍ കാരണമായത്. ഒരേവികാരം മനസ്സില്‍ പോറ്റിയിരുന്ന ഭായി പരമാനന്ദ്, ലാലാ ഹര്‍ദയാല്‍ തുടങ്ങിയവര്‍ ഈ സംഘടനയിലെത്തിയതോടെ ഈ സംഘം വെള്ളക്കാരുടെ നോട്ടപ്പുള്ളികളായി. അതിനിെടയാണ്, താന്‍ സ്ഥാപിച്ച ‘അഭിനവ് ഭാരത് സൊസൈറ്റി’യുടെ പ്രവര്‍ത്തകനായ മദന്‍ലാല്‍ ഡിംഗ്‌റെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്‌സണ്‍ വൈലിയെ കൊന്നുതള്ളുന്നത്. അക്കാലത്തുതന്നെ അതേ സംഘടനയിലെ മറ്റുചിലര്‍ നാസിക്ക് കലക്ടറായിരുന്ന ജാക്‌സണെയും വകവരുത്തിയതോടുകൂടി ‘അഭിനവ് ഭാരത് സൊസൈറ്റി’യുടെ സ്ഥാപകനായ സാവര്‍ക്കറെ സാമ്രാജ്യവിരുദ്ധക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
28-ാമത്തെ വയസ്സില്‍ 25 വര്‍ഷത്തെ കഠിനതടവിന് ശിക്ഷ നല്കിക്കൊണ്ട്, 1911 ജൂലൈമാസം 4-ാംതീയതി അന്തമാന്‍ദ്വീപിലുള്ള, അന്ധകാരം ചൂഴ്ന്നുനില്ക്കുന്ന തടവറകളൊന്നില്‍ സാവര്‍ക്കര്‍ക്ക് സ്ഥലമൊരുക്കി ബ്രിട്ടീഷുകാരന്‍. അന്തമാനിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ കടലിന്റെ നടുവില്‍വെച്ച് അദ്ദേഹം സമുദ്രത്തിന്റെ ഗഹനതയിലേക്കെടുത്തുചാടി. ഏറെനേരം നീന്തിയശേഷം അദ്ദേഹം കരകയറിയത് ഫ്രഞ്ച്‌കോളനിയായ മെര്‍ചെലിസില്‍ ആയിരുന്നു. നീന്തിക്കയറിയ സാവര്‍ക്കറെ അവിടെവെച്ച് ബ്രിട്ടീഷ്‌സൈന്യം വീണ്ടും അറസ്റ്റ് ചെയ്തു. 25 വര്‍ഷത്തെ അദ്ദേഹത്തിന്റെ തടവുശിക്ഷ അമ്പതുവര്‍ഷമായി അവര്‍ വര്‍ദ്ധിപ്പിച്ചു. 1921 വരെ 10 വര്‍ഷം അന്തമാനിലും പിന്നീട് 3 വര്‍ഷം രത്‌നഗിരിയിലെ ജയിലിലുമായി 13 വര്‍ഷക്കാലത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു അദ്ദേഹത്തിന്. അതിലെ ആദ്യത്തെ ആറുമാസങ്ങളില്‍ തികച്ചും ഏകാന്തമായ ഒരിടത്താണ് വെള്ളക്കാരന്‍ ആ ദേശസ്‌നേഹിയെ പൂട്ടിയിട്ടത്. പിന്നീട് 1924 മുതല്‍ 36 വരെ വീട്ടുതടങ്കലിലായി അദ്ദേഹത്തിന് കാലം കഴിക്കേണ്ടിവന്നു. പിന്നീട് ജയില്‍മോചിതനായ ശേഷവും രത്‌നഗിരിയുടെ പരിധിവിട്ട് പുറത്തുപോവാന്‍ സാവര്‍ക്കര്‍ക്ക് അനുവാദമില്ലായിരുന്നു. രാജ്യസ്‌നേഹിയായ കുറ്റത്തിന്, ത്രൈലോകനാഥചക്രവര്‍ത്തിക്കുശേഷം ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സാവര്‍ക്കര്‍ക്കുതന്നെയാണ്. സമാനതകളില്ലാത്ത ക്രൂരതകളാണ് ജയിലില്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്.
അന്തമാന്‍ ജയിലിലെ സാവര്‍ക്കറുടെ ജീവിതം തീര്‍ത്തും യാതനാപൂര്‍ണ്ണമായിരുന്നു. ശരീരം മുഴുവന്‍ ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ട്, വിലങ്ങനെ നിര്‍ത്തിയിട്ടുള്ള ഒരു തടിയിന്മേല്‍ കൈകള്‍ ചേര്‍ത്തുകെട്ടപ്പെട്ട്, ഒന്നു കുനിയാനോ നിലത്തിരിക്കാനോ ദേഹം ചൊറിയാനോപോലും അനുവാദമില്ലാതെ ഏഴുദിവസങ്ങളാണ് അദ്ദേഹത്തിന് ജയിലില്‍ ഒരേനില്പു നില്‌ക്കേണ്ടിവന്നത്. അതിനുശേഷവും പല തവണ ഇടവിട്ടിടവിട്ട് ഇതേ ശിക്ഷ ആ ദേശസ്‌നേഹിയെത്തേടിയെത്തിയിട്ടും മനസ്സുലയാതെ അദ്ദേഹം പിടിച്ചുനിന്നു. എച്ച്.ഡി.ചിദംബരം അനുഭവിച്ചതുപോലെ ചക്കുകാളയെപ്പോലെ, എള്ളാട്ടി എണ്ണയാക്കാന്‍ ജയില്‍ച്ചക്കിലെ നുകത്തോടുചേര്‍ത്ത് പലവട്ടം ബന്ധിക്കപ്പെട്ടിരുന്നു സാവര്‍ക്കര്‍. ഭക്ഷണംപോലും കിട്ടാതെ പട്ടിണിക്കോലമായി മെലിഞ്ഞുണങ്ങി ജയിലിന്റെ മൂലയിലെ ഏകാന്തതയനുഭവിക്കുമ്പോഴും ക്രൂരതയുടെ പ്രതിശബ്ദമായി ദൂരെ, ജയിലറുടെ ഷൂശബ്ദം മുഴങ്ങുമ്പൊഴും സാവര്‍ക്കര്‍ ഭാവഭേദമേതുമില്ലാതെ ചെറുത്തുനിന്നു.
ഭാരതത്തില്‍ സാവര്‍ക്കറൊഴിച്ചിട്ടുപോയ ഒഴിവുനികത്തിക്കൊണ്ട അദ്ദേഹത്തിന്റെ പത്‌നി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നെങ്കിലും അധികകാലം പിടിച്ചുനില്ക്കാന്‍ അവര്‍ക്കായില്ല. മകന്റെയും ഭര്‍ത്താവിന്റെയും വേര്‍പാട് അവരിലേല്പിച്ച വേദനകൂടി അതിനൊരു കാരണമായിരുന്നിരിക്കണം. അവര്‍ രോഗബാധിതയായി. ഏഴുവര്‍ഷത്തെ നരകജീവിതത്തിനുശേഷം 1963 നവമ്പര്‍ 8-ന് അവര്‍ ഈ ലോകമുപേക്ഷിച്ച് വേദനകളില്ലാത്ത ഭൂമിയിലേക്ക് യാത്രയായി. ഇതിനോടകം അന്തമാന്‍ജയിലില്‍ സാവര്‍ക്കറും രോഗിയായിക്കഴിഞ്ഞിരുന്നു. തനിക്ക് ഉണര്‍വ്വും ഉത്തേജനവും ഊട്ടിത്തന്നിരുന്ന സഹധര്‍മ്മിണിയുടെ വിയോഗം അദ്ദേഹത്തെ തളര്‍ത്തി. രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന് സാവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിക്കൊടുത്ത് ജയില്‍മോചിതനായി. ജയില്‍വാതില്‍ക്കല്‍ അന്ന് അദ്ദേഹത്തെ സ്വീകരിക്കാന്‍ ആദ്യകാല കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനായ എം. എന്‍ റോയിയുമുണ്ടായിരുന്നു.
കോണ്‍ഗ്രസ്സിന്റെ നയങ്ങളോടും നെഹ്രുവിന്റെ പാശ്ചാത്യചായ്‌വിനോടും ആഡംബരങ്ങേളാടും ഗാന്ധിയുടെ നെഹ്രു-ജിന്നാപ്രേമത്തോടും ഒട്ടും മമതയുണ്ടായിരുന്നില്ല അദ്ദേഹത്തിന്. തികച്ചും മതാടിസ്ഥാനത്തിലുള്ള ‘മുസ്ലീംലീഗ്’ എന്ന ഒരു കക്ഷിയുണ്ടാക്കി മതാടിസ്ഥാനത്തില്‍ രാജ്യവിഭജനമാവശ്യപ്പെടുന്ന ജിന്നയോട് ഗാന്ധിജി പുലര്‍ത്തിയ വ്യക്തിപരമായ അടുപ്പം സാവര്‍ക്കറില്‍ വെറുപ്പുളവാക്കി. അതുപോലെത്തന്നെ ‘ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം’ തികച്ചും മണ്ടത്തരമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഗാന്ധിജിയെയും നെഹ്രുവിനെയുംപോലുള്ളവരുടെ കല്പനകള്‍ തിരുവായ്ക്ക് എതിര്‍വാക്കില്ലാതെ അനുസരിക്കപ്പെട്ടിരുന്ന അക്കാലത്ത്, സാവര്‍ക്കറുടെ ഈദൃശങ്ങളായ പ്രവൃത്തികള്‍ നേതാക്കളില്‍ അസ്വാരസ്യമുണര്‍ത്തി. ഗാന്ധിവധത്തില്‍ പങ്കുകാരനായി സാവര്‍ക്കര്‍ ജയിലിലടയ്ക്കപ്പെട്ടുവെങ്കിലും പിന്നീട് തെളിവില്ലാത്തതുകൊണ്ട് വിട്ടയക്കപ്പെടുകയാണ് ഉണ്ടായത്.
കര്‍മ്മപഥത്തില്‍ ഗാന്ധിജിയോട് വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ഒരേതൂവല്‍പ്പക്ഷിയായ തന്റെ ആ സഹയാത്രികന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് തന്റെ അനുയായികളോട് സാവര്‍ക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നുവെങ്കിലും കീഴാളജാതിക്കാരോട് സഹാനുഭൂതി പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സാവര്‍ക്കര്‍. ബോംബെയിലെ രത്‌നഗിരിയിലെ പതീതപാവനക്ഷേത്രം, ജാതിവ്യവസ്ഥ കൊടുമ്പിരിക്കാണ്ടുനില്ക്കുന്ന 1937-ല്‍ത്തന്നെ മേലാളവര്‍ഗ്ഗത്തിന്റെ എതിര്‍പ്പു വകവെക്കാതെ കീഴാളവര്‍ഗ്ഗത്തിനു തുറന്നുകൊടുക്കാന്‍ മനസ്സുകാണിച്ച ഉദാരമതി കൂടിയായിരുന്നു അദ്ദേഹം. അക്കാലത്തുതന്നെ, ബോംബെയില്‍ ‘ഹിന്ദു കഫേ’ എന്ന പേരിലൊരു ഭക്ഷണശാല ആരംഭിച്ച് അവിടെ മേല്‍ജാതിക്കാര്‍ക്കൊപ്പം കീഴാളരെ കൂടെയിരുത്തി ഭക്ഷണം വിളമ്പിക്കൊടുത്തു സാവര്‍ക്കര്‍.
1966 ഫെബ്രുവരി 26-ന് തന്റെ 82-ാമത്തെ വയസ്സിലാണ് ആ കര്‍മ്മപടു ലോകത്തോട് യാത്രപറയുന്നത്. സാവര്‍ക്കറിന്റെ മരണത്തിന് സ്വാതിതിരുനാളിന്റെ മരണവുമായി സാമ്യമുണ്ടായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ, ചികിത്സയും ഭക്ഷണവും ഉപേക്ഷിച്ചാണ് സ്വാതിതിരുനാള്‍ മരണത്തെ പുല്കിയതെങ്കില്‍ 83 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിനവസാനം മരുന്നും 28 ദിവസത്തോളം ഭക്ഷണവും ഉപേക്ഷിച്ച്, സ്വച്ഛന്ദമൃത്യുവായ ഭീഷ്മരെപ്പോലെ മരണത്തെ സ്വയംവരിക്കുകയായിരുന്നു സാവര്‍ക്കര്‍ ചെയ്തത്. തന്റെ ജീവിതംകൊണ്ട് മറ്റൊരാള്‍ക്ക് ഉപയോഗമുണ്ടാവില്ലെന്ന ബോധ്യം വരുന്നനിമിഷം മരണത്തെ അന്വേഷിച്ചുപോകുന്നതാണ് അഭികാമ്യം എന്നാണ് അവസാനകാലത്ത് താനെഴുതിയ ഒരു ലേഖനത്തിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടത്. 1966 ഫെബ്രുവരിമാസം 26-ാംതീയതി, ത്യാഗോജ്ജ്വലമായ തന്റെ ജീവിതത്താളത്തിന് വിരാമമിട്ടുകൊണ്ട് ആ കര്‍മ്മവീരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
1970 ജൂണ്‍ 28-ന് സാവര്‍ക്കറുടെ സ്മരണ നിലനിര്‍ത്താന്‍ തപാല്‍വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തദവസരത്തില്‍, അദ്ദേഹത്തിന്റെ ജീവിതചരിത്രം ആലേഖനം ചെയ്ത, 30 ലക്ഷത്തോളം ലഘുലേഖകള്‍കൂടി അച്ചടിച്ച് വിതരണം ചെയ്തിരുന്നു. പിന്നീട് അന്തമാനില്‍ നിര്‍മ്മിക്കപ്പെട്ട വിമാനത്താവളത്തിനും അദ്ദേഹത്തിന്റെ പേരുതന്നെയാണ് നല്കപ്പെട്ടത്. അല്ലെങ്കിലും, അന്തമാനിലെ സെല്ലുലാര്‍ ജയില്‍ എന്നു പറയുമ്പോള്‍ത്തന്നെ ഓര്‍മ്മയിലേക്കോടിയെത്തുന്ന സാവര്‍ക്കറുടെ പേരല്ലാതെ മറ്റാരുടെ പേരാണ് ആ വിമാനത്താവളത്തിന് അനുയോജ്യമാവുക?
ഇന്ന് സാവര്‍ക്കറെ, ‘ഷൂവര്‍ക്കര്‍’ എന്നു വിളിച്ചു പുച്ഛിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നേതാവ് ഇ എം എസ്‌പോലും ‘സ്വാതന്ത്ര്യസമരത്തില്‍ സജീവമായ പങ്കുവഹിച്ച് ദീര്‍ഘകാലതടവിന് ശിക്ഷിക്കപ്പെട്ട വിനായകദാമോദരസാവര്‍ക്കര്‍ ‘ഒന്നാംസ്വാതന്ത്ര്യസമരചരിത്രം’ എന്ന തലക്കെട്ടില്‍ ഒരു പുസ്തകം എഴുതുകയുണ്ടായി. അതുവരെ വെളിച്ചം കാണാത്ത പല വസ്തുതകളും അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നു’ എന്ന് അദ്ദേഹത്തെക്കുറിച്ചും എഴുതിയിട്ടുണ്ട് എന്ന് മറക്കരുത്. സ്വാതന്ത്ര്യസമരത്തില്‍ സജീവപങ്കുവഹിച്ച ആള്‍ എന്ന്, തങ്ങളുടെ നേതാവായ ഇ എം എസ്തന്നെ വിശേഷിപ്പിച്ച സാവര്‍ക്കര്‍ എവിടെവെച്ച്, എന്തുകാരണത്താലാണാവോ ഇവര്‍ക്ക് അയിത്തക്കാരനായത്? സാവര്‍ക്കറുടെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്, മാര്‍ക്‌സിസത്തിന്റെ സ്ഥാപകനായ കാറല്‍ മാര്‍ക്‌സിന്റെ പേരക്കിടാവ്, ജീന്‍ ലോറന്റ് ഫ്രെഡറിക്ക് ലോങ്കെറ്റ് ആയിരുന്നു എന്നതും ഒരു പക്ഷേ, കാലം കാത്തുവെച്ച നിയോഗമായിരിക്കണം. ഇന്ന് സ്വാതന്ത്ര്യത്തോടെ നടക്കാന്‍ വഴിയൊരുക്കിത്തന്ന നമ്മുടെ പൂര്‍വ്വസൂരികളെ പുച്ഛിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നത് സ്വന്തം മാറില്‍ത്തന്നെയാണെന്ന് ഓര്‍ക്കുന്നത് നന്ന്. ആ സ്വാപമാനത്തിനുതന്നെയാണ് ഇന്നലെവരെ ഹിന്ദുത്വത്തിന്റെ മേല്‍വിലാസത്തില്‍ വയറ്റില്‍പ്പിഴപ്പ് നടത്തി, ഇന്ന് ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിലൂടെ മഹാരാഷ്ട്രത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ നാണം പണയംവെച്ച് അള്ളിപ്പിടിച്ചിരിക്കുന്ന ഉദ്ധവ് താക്കറെയും കൂട്ടുപോകുന്നത്. ഇവര്‍ക്ക് ഹാ കഷ്ടം!
ഈ അമ്മയ്ക്കു ബദലായി ആരുടെ ജീവിതമുണ്ട് ?
സാവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുംപേറി അദ്ദേഹത്തിന്റെ വിപ്ലവപ്രസ്ഥാനത്തിന് സാരഥ്യവും വഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി പ്രവര്‍ത്തനനിരതയായി. ഇംഗ്ലീഷുകാരന്റെ കണ്ണ് അവരെ വിടാതെ പിന്തുടരുന്നുണ്ടെന്ന തിരിച്ചറിവ് അവരെ സഹായിക്കുന്നതില്‍നിന്നും അവരോട് ഇടപഴകുന്നതില്‍നിന്നും ചുറ്റുമുള്ളവരെ തടുത്തുനിര്‍ത്തി. അവര്‍ കുറേശ്ശെ ഒറ്റപ്പെടാന്‍ തുടങ്ങി. മൂന്നുനേരം ഭക്ഷണംപോലും ലഭിക്കാതെ ദാരിദ്ര്യവും രോഗങ്ങളും ഗ്രസിച്ച് അവര്‍ അവസാനനാളുകളെണ്ണിത്തീര്‍ത്തു. സമ്പന്നതയുടെ സര്‍വ്വസൗഭിക്ഷ്യവും മാതാപിതാക്കളായ രാമചന്ദ്ര ത്രൈയംബകയുടെയും ലക്ഷ്മിഭായിയുടെയും വാത്സല്യവും നുകര്‍ന്നുവളര്‍ന്ന യമുനാഭായിക്ക് ഏര്‍പ്പെട്ട ഈ ദുര്യോഗത്തോട് സഹതപിക്കാന്‍, വെള്ളക്കാരന്റെ കോപം ഭയന്ന് ഒരാള്‍പോലും അന്ന് ധൈര്യപ്പെട്ടില്ല. മായി എന്നു വളിക്കപ്പെട്ടിരുന്ന, സംഗീതംകൂടി അറിയാമായിരുന്ന യമുനാഭായി, സാവര്‍ക്കറുടെ, താന്‍ ഈണം പകര്‍ന്ന വിപ്ലവഗാനങ്ങള്‍ ഏകാന്തകളില്‍ പാടിയാസ്വദിച്ചു. അതുപകര്‍ന്ന വീര്യം എല്ലാ വൈതരണികളെയും നേരിടാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നു.
സ്വന്തം മകന്‍ പ്രഭാകര്‍ വേണ്ടത്ര ചികിത്സപോലും ലഭിക്കാതെ വസൂരിപിടിച്ച്, തന്റെ മുന്നില്‍ക്കിടന്ന് മരണത്തിനു കീഴ്‌പ്പെടുന്നതു കണ്ട് ആ അമ്മയുടെ മനസ്സു തകര്‍ന്നു. ഈയവസരത്തില്‍ തനിക്കു തുണനില്ക്കുമായിരുന്ന തന്റെ ആണ്‍തുണ, സാവര്‍ക്കറുടെ സാമീപ്യത്തിനുവേണ്ടി അവരുടെ മനസ്സു കൊതിച്ചു. അദ്ദേഹത്തെ ഒരുനോക്കെങ്കിലും കാണാനുള്ള അവസരം തനിക്കുണ്ടാക്കിത്തരേണമേയെന്ന് ആ സ്‌നേഹമയി ദൈവത്തോടു കേണുപ്രാര്‍ത്ഥിച്ചു. ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി പറഞ്ഞത് മറ്റൊരു വിധത്തിലായിരുന്നു. മകന്‍ മരിച്ച് പതിനഞ്ചു ദിവസം തികയുന്നതിനുമുമ്പുതന്നെ അവര്‍ക്കു താങ്ങായി നിന്നിരുന്ന ഭര്‍തൃസഹോദരനെയും വെള്ളക്കാര്‍ അന്തമാന്‍ ജയിലിലാക്കി. അതോടെ അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ട മായി, തീര്‍ത്തും നിരാലംബയായി.
ആയിടയ്ക്കാണ് സാവര്‍ക്കറിനെ വിചാരണയ്ക്കായി നാസിക്കിലേക്ക് കൊണ്ടുവരുന്ന വിവരം മായി അറിയുന്നത്. ദീര്‍ഘകാലത്തെ വിരഹം മനസ്സിലേല്പിച്ച പട്ടിണി തീര്‍ക്കാന്‍ തന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒരു നോക്കു കാണണമെന്ന് അവര്‍ നിശ്ചയിച്ചു. ബ്രിട്ടീഷുകാരന്റെ കണ്ണില്‍പ്പെടാതെ ത്രൈയമ്പകേശ്വറില്‍നിന്ന് നാസിക്ക്‌വരെ ആരോ തരമാക്കിക്കൊടുത്ത കുതിരപ്പുറത്തു കയറി, ദുര്‍ഘടമായ ഊടുവഴികള്‍ താണ്ടി അവര്‍ സാവര്‍ക്കറുടെ അരികിലെത്തി. വഴിയില്‍ വിശപ്പിന് ഒരു വായ് ചോറോ മഴയത്തു കയറിനില്ക്കാന്‍ ഒരിടമോ നിഷേധിക്കപ്പെട്ട് വിവശയായിരുന്ന മായി തന്റെ ഭര്‍ത്താവിനെ കണ്ടതോടെ പുത്തനുയിര്‍ കിട്ടിയ പക്ഷിയെപ്പോലെ ഉന്മേഷവതിയായി. 45 നിമിഷത്തെ സമ്പര്‍ക്കസല്ലാപത്തിനുശേഷം ഭര്‍ത്താവിന്റെ സമീപത്തുനിന്ന് വേര്‍പെടുത്തപ്പെടുമ്പോള്‍ നുരഞ്ഞുപൊന്തുന്ന സങ്കടം പുറത്തു പ്രകടമാവാതിരിക്കാന്‍ അവര്‍ കഷ്ടപ്പെടുന്നതു കാണാനുണ്ടായിരുന്നു. ഭര്‍ത്താവും മകനുമില്ലാത്ത അന്ധകാരത്തില്‍ തന്റെ ബാക്കിയുള്ള ആയുസ്സില്‍ തപ്പിനടക്കാന്‍ വേണ്ടി മനസ്സില്ലാ മനസ്സോടെയാണ് അവര്‍ തിരിച്ചു നടന്നത്.
കടപ്പാട് : കേസരി വീക്കിലി
സേതു എം നായര്‍ കരിപ്പോള്‍