അമൃത കഥകൾ - AMRUTHA KATHA

 








"സമര്‍പ്പണം ആത്മസംതൃപ്തിയോടെ മാത്രമായിരിക്കണം"


ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി.

കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

“താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു.

“അല്ല” മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ ശില്‍പ്പി പറഞ്ഞു – “ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി”

ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല.

“പക്ഷെ ഈ ശില്‍പ്പത്തിനെന്തു കുഴപ്പമാണ് സംഭവിച്ചത് ?” തോല്‍വി സമ്മതിച്ച ഭാവത്തില്‍, തെല്ലാശ്ചര്യത്തോടെ ടൂറിസ്റ്റ് ചോദിച്ചു.

“ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്.” ടൂറിസ്റ്റിനു നേരെ നോക്കാതെ തന്‍റെ ജോലിയില്‍ വ്യാപൃതനായി ശില്‍പ്പി പറഞ്ഞു.

“എവിടെയാണ് നിങ്ങളീ ശില്‍പ്പം സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?”

“അതാ ആ സ്തൂപത്തിനു മുകളില്‍” അല്‍പ്പമകലെ സ്ഥിതിചെയ്യുന്ന ഏകദേശം ഇരുപതടി ഉയരമുള്ള കല്‍സ്തൂപം ചൂണ്ടിക്കാണിച്ച് ശില്‍പ്പി പറഞ്ഞു.

“അത്രയും ഉയരത്തില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ മൂക്കിലെ ഒരു നേര്‍ത്ത പോറല്‍ ആരാണറിയാന്‍ പോകുന്നത് ?” ടൂറിസ്റ്റ് ചോദിച്ചു.

ശില്‍പ്പി ജോലി നിര്‍ത്തി അയാളെ നോക്കി. ഒരു പുഞ്ചിരിയോടെ പറഞ്ഞു – “മറ്റാരും അറിഞ്ഞില്ലെങ്കിലും ഞാന്‍ അറിയുമല്ലോ ?”

സമര്‍പ്പണം എന്നത് നമ്മുടെയുള്ളിന്‍റെയുള്ളില്‍ അന്തര്‍ലീനമായ ആഗ്രഹമായിരിക്കണം, ഒരിക്കലും ബാഹ്യമായ നിബന്ധനകളായിരിക്കരുത്.

നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാനല്ല, മറിച്ച് നമ്മുടെ ആത്മസംതൃപ്തിക്കും കഴിവിന്‍റെ പൂര്‍ത്തീകരണത്തിനുമായിരിക്കണം.

അപ്പോള്‍ പൂര്‍ണ്ണത, ചുറ്റുമുള്ളവരുടെ അനുമോദനങ്ങളെക്കാള്‍, നമ്മുടെ മനസ്സിനുള്ളില്‍ സംതൃപ്തി നിറഞ്ഞ ഒരു വികാരമായി നിറയുന്നത് അനുഭവിച്ചറിയാം.

നിങ്ങളൊരു പര്‍വ്വതത്തിന് മുകളിലേക്ക് കയറുമ്പോള്‍ നിങ്ങളുടെ ചിന്ത “ഉയരം കീഴടക്കിയ എന്നെയീ ലോകം കാണട്ടെ” എന്നതായിരിക്കരുത്, മറിച്ച് “ഉയരത്തില്‍ നിന്നു ഞാനീ ലോകമൊന്നു കാണട്ടെ” എന്നതായിരിക്കട്ടെ !

------------------------------------------------------

"സ്ഥായിയായ സംസ്കൃതി"

സമുഹത്തിന്റെ മുഴുവന്‍ പ്രശ്നങ്ങളേയും വെറും ഭൗതികവീക്ഷണത്തില്‍ കാണുകയും അതനുസരിച്ച്‌ പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത ആളാണ്‌ നെഹ്റു. താനൊരു അവിശ്വാസിയാണെന്ന്‌ ഇടക്കിടെ പറയുന്നത്‌ അദ്ദേഹത്തിന്‌ ഹരമായിരുന്നു. എന്നാല്‍ നെഹ്റുവിനുമുണ്ടായി ഒരനുഭവം. അദ്ദേഹത്തിന്റെ ഭാര്യ യൂറോപ്പില്‍ മരണമടഞ്ഞു. ഭാര്യയുടെ ഭൗതികശരീരം സംസ്കരിക്കുന്നതിന്റെ രീതിയെക്കുറിച്ച്‌ നെഹ്‌റുവിന്റെ മനസ്സില്‍ ഒരു സംഘര്‍ഷം നടന്നു. ഒടുവില്‍ അടക്കം ചെയ്യുന്നതിനു പകരം ഹിന്ദു

സമ്പ്രദായമനുസരിച്ച്‌ ദഹിപ്പിക്കുകതന്നെ ചെയ്തു. ശരീരം ഒരുപിടി ചാരമായി മാറി. നെഹ്റുവിന്റെ മനസ്സില്‍ വീണ്ടും ആശയക്കുഴപ്പം ഉണ്ടായി. ഭൗതികദൃഷ്ട്യാ ചിന്തിച്ചാല്‍ ചാരത്തിന്‌ വളത്തിന്റെ ഗുണമേ ബാക്കിയുള്ളു. പക്ഷെ നെഹ്റുവിന്റെ ഉള്ളില്‍ ഉറഞ്ഞുകിടന്ന ഹൈന്ദവചിന്ത ഉണര്‍ന്നു. അദ്ദേഹം ഭാര്യയുടെ ചിതാഭസ്മം ചെപ്പിലടക്കി മടിയില്‍ വച്ച്‌ വിമാനമാര്‍ഗം ഭാരതത്തില്‍ കൊണ്ടു വന്നു. തുടര്‍ന്ന്‌ വിവിധ ഹൈന്ദവപുണ്യസ്ഥലങ്ങളില്‍ നിമഞ്ജനം ചെയ്തു. പത്നിയോടുള്ള അന്തിമകടമ നിറവേറ്റി കൃതഃ

കൃത്യനായി. 

പിന്നീടൊരിക്കല്‍ നെഹ്റു പറയുകയുണ്ടായി: ““എന്റെ ബുദ്ധിയും ആധുനികവിദ്യാഭ്യാസവും ശിക്ഷണവുമെല്ലാം ഇതിനെ എതിര്‍ത്തുവെങ്കിലും നമ്മില്‍ ലീനമായി കിടക്കുന്ന, വാക്കുകള്‍

കൊണ്ട്‌ വിവരിക്കാന്‍ കഴിയാത്ത ഏതോ ഒരു അനുഭൂതി, ഒരു അന്തഃപ്രേരണ എന്നെക്കൊണ്ട്‌ ഇതെല്ലാം ചെയ്യിച്ചു. പക്ഷെ ഞാനതില്‍ പൂര്‍ണസംതൃപ്തനാണ്‌.”

----------------------------------------------------

"സ്നേഹം"

ഒരു ഉത്സവ പറമ്പില്‍  ഒരു യുവാവ് ഹൈഡ്രജന്‍ ബലൂണ്‍ വില്‍പ്പന നടത്തുന്നു. .  പല നിറത്തിലുൾള ബലൂണുകള്‍  അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. . 

 ആളുകളുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കാൻ  അദ്ദേഹം ഇടയ്ക്ക് ഓരോ ബലൂണുകള്‍ ആകാശത്തിലേക്ക് പറത്തി വിടുന്നു. .  ഇതെല്ലാം നടന്നു കൊണ്ടിരിക്കെ ഒരു കുട്ടി അദ്ദേഹത്തിന്റെ അടുത്തു വന്നു ചോദിച്ചു. . 

താങ്കളുടെ കൈയില്‍ കറുത്ത ബലൂണ്‍ ഇല്ലല്ലോ. .. എന്താ കറുത്ത ബലൂണ്‍ പറക്കില്ലെ?    അദ്ദേഹം ഒന്ന് ചിരിച്ച ശേഷം തന്റെ സഞ്ചിയിൽ നിന്നും ഒരു കറുത്ത ബലൂണ്‍ എടുത്തു  ഹൈഡ്രജന്‍ നിറച്ച് ആകാശത്തേക്ക് വിട്ടു. .  എന്നിട്ട് ആ കുട്ടിയോട് പറഞ്ഞു. ..  ഭംഗിയിലും നിറത്തിലും അല്ല അതില്‍ നിറയ്ക്കുന്ന ഹൈഡ്രജനാണ്  അതിനെ ആകാശത്തേക്ക് കൊണ്ട് പോകുന്നതെന്ന്..  നിറത്തിലും ഭംഗിയിലും അല്ല കാര്യം. . സ്നേഹമാണ് എല്ലാത്തിലുമുപരിയായി വലുത്. .

---------------------------------------------------

"സ്വധര്‍മം"

സഹജീവികളോട നമുക്ക്‌ സ്നേഹവും ദയയും ഉണ്ടാകണം. അവർക്കുവേണ്ടി കഷ്ടപ്പെടാനും ത്യാഗം ചെയ്യാനും തയാറാവണം. അതൊരുപക്ഷേ ബുദ്ധിമുട്ടുണ്ടാക്കിയെന്നുവരാം. എല്ലാം സഹിച്ച്‌ അവരെ സ്‌നേഹിക്കാനും പരിചരിക്കാനും നമുക്കു സാധിക്കണം.

ഒരിക്കല്‍ ഒരു സന്ന്യാസി പുഴയില്‍ കുളിക്കുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും രക്ഷപ്പെടാന്‍ ബദ്ധപ്പെടുന്ന ഒരുതേളിനെ അദ്ദേഹം കണ്ടു. ഉടനെ അതിനെ കൈകൊണ്ടെടുത്ത് 

കരയിലേക്ക്‌ എറിയുവാന്‍ ശ്രമിച്ചു. പക്ഷേ തേളിന്റെ കടിയേറ്റതുകൊണ്ട്‌ പിടിവിട്ടുപോയി. തേള്‍ വീണ്ടും വെള്ളത്തില്‍ വീണു. സന്ന്യാസി മടികൂടാതെ വിണ്ടും അതിനെ എടുത്തു. തേള്‍ പിന്നേയും കടിച്ചു. വിണ്ടും പിടിവിട്ടു. പുഴയില്‍ വീണ തേളിനെ പിന്നേയും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചു. തൊട്ടടുത്ത്‌ കുളിച്ചുകൊ

ണ്ടിരുന്ന ഒരാള്‍ ഈ രംഗം കണ്ട്‌ സന്ന്യാസിയെ കളിയാക്കി. സന്ന്യാസി പറഞ്ഞു: “ശരിയാണ്‌, ഞാന്‍ വിഡ്ഢിയാണെന്ന്‌ നിങ്ങൾ കരുതുന്നുണ്ടാകും. പക്ഷേ തേളിൻ്റെ സഹജഭാവം തന്നെ തൊടുന്നവനെ കടിക്കുക എന്നതാണ്. എൻ്റെ സ്വഭാവം എല്ലാത്തിലും ഈശ്വരനെ കണ്ട് അതിനെ സ്നേഹിക്കുകയും പരിചരിക്കുകയുമാണ്. ആ ക്ഷുദ്രജീവി പോലും സഹജഭാവം പ്രകടിപ്പിക്കുമ്പോൾ മനുഷ്യനായ ഞാൻ എന്തിന് എൻ്റെ സ്വഭാവം കൈവെടിയണം?".

-------------------------------------------

"അദ്ധ്വാനത്തിന്റെ വില"

ഒരിക്കല്‍ അടുക്കളയ്ക്കു സമീപം, മുറ്റത്ത് ചിതറിക്കിടക്കുന്ന, അരി മണികള്‍ രമണമഹര്‍ഷിയുടെ ശ്രദ്ധയില്‍പ്പെട്ടു.

അദ്ദേഹം വളരെ കാര്യമായി അവയോരോന്നും പെറുക്കിയെടുക്കാന്‍ തുടങ്ങി.......

മഹാനായ ആ ത്യാഗിയുടെ പെരുമാറ്റത്തില്‍ അത്ഭുതം കുറിയ ഭക്തജനങ്ങള്‍ ചുറ്റിനു കൂടി.....

ജീവിതത്തില്‍ സര്‍വസുഖസൗകര്യങ്ങളും ഉപയോഗിച്ച ഇദ്ദേഹം കുറച്ച് അരിമണികള്‍ക്ക് വേണ്ടി കാണിക്കുന്ന തത്രപ്പാട് കണ്ട് ഒരാള്‍ തിരക്കി. 

“നമ്മുടെ കലവറയില്‍ എത്രയോ ചാക്ക് അരിയുണ്ട്. പിന്നെ അങ്ങ് ഇങ്ങനെ നുള്ളിപ്പെറുക്കേണ്ട കാര്യമുണ്ടോ?”

മഹര്‍ഷി പറഞ്ഞു.

“നിങ്ങള്‍ ഈ അരിമണിയേ കാണുന്നുള്ളൂ. ഈ അരിമണിയില്‍ സൂര്യന്റെ തേജസ്സുണ്ട്. മേഘങ്ങള്‍ വര്‍ഷിച്ച ജലബിന്ദുക്കളുണ്ട്. മാത്രമല്ല ഇത് ഈ രൂപത്തിലാക്കിയ ഒരു പറ്റം കര്‍ഷകരുടെ അദ്ധ്വാനവുമുണ്ട്...

അതു കൊണ്ട് ഒരു മണി അരി പോലും നഷ്ടപ്പെടുത്തിക്കൂടാ.... 

നിങ്ങള്‍ക്കാവശ്യമില്ലെങ്കില്‍ പക്ഷികള്‍ക്ക് കൊടുക്കൂ… 

അദ്ധ്വാനത്തിന്റെ വില അറിഞ്ഞാല്‍ ഒന്നും നിസ്സാരമായി കളയാന്‍ കഴിയുകയില്ല.