ശബരിമല: സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്യുമോ?


കേരളത്തിലെ ഈശ്വരവിശ്വാസികളായ ഹൈന്ദവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് ഹിന്ദുധര്‍മ്മ പണ്ഡിതന്മാരോടും സന്ന്യാസിശ്രേഷ്ഠന്‍മാരോടും ആലോചിച്ചു വേണമെന്നാണ് വിശ്വാസിസമൂഹവും ഹൈന്ദവ സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധി ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കടുത്തനിലപാടുകളിലേക്ക് നീങ്ങിയപ്പോള്‍ ഈ ആവശ്യം ശക്തമായി ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അത് ചെവിക്കൊള്ളാന്‍ തയാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് സന്ന്യാസിവര്യന്മാരോടും ഹിന്ദു പണ്ഡിതന്മാരോടും അഭിപ്രായം ആരായണമെന്നാണ് ദേവസ്വം മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. കഴിഞ്ഞ ശബിരമല തീര്‍ത്ഥാടനകാലത്ത് യുവതികളെ നിര്‍ബന്ധപൂര്‍വ്വം സന്നിധാനത്തെത്തിക്കാന്‍ ശ്രമിക്കുകയും ഇക്കാര്യത്തില്‍ ഭക്തരില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും ചെയ്ത സര്‍ക്കാരിന് ഇപ്പോഴുണ്ടായ ഈ മനം മാറ്റത്തെ ഹിന്ദുസമൂഹം സ്വാഗതം ചെയ്യുമെന്നുറപ്പാണ്. അതേസമയം, നൂറ്റാണ്ടുകളായി ശബരിമലയില്‍ തുടരുന്ന ആചാരങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ലംഘിക്കുകയും സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും പതിനായിരക്കണക്കിന് ഭക്തരുടെ തീര്‍ത്ഥാടനത്തെ തടസ്സപ്പെടുത്തുകയും അവരുടെ പേരില്‍ കള്ളക്കേസെടുക്കുകയും നിരവധി പേരെ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനിരയാക്കുകയുമൊക്കെ ചെയ്തത് എന്തിനായിരുന്നു എന്ന ചോദ്യം ഉയരുന്നു.

സ്ത്രീകളുള്‍പ്പെടെ എഴുപതിനായിരത്തോളം അയ്യപ്പഭക്തര്‍ക്കെതിരെയാണ് കഴിഞ്ഞ മണ്ഡലകാലത്തും തുലാമാസപൂജാസമയത്തും പോലീസ് കേസെടുത്തത്. സുപ്രീംകോടതി വിധിയുടെ പേരില്‍, ധര്‍മ്മാചാര്യന്മാരുടെയും സന്ന്യാസിവര്യരുടെയും അഭിപ്രായങ്ങള്‍ തേടാതെ ധൃതിപിടിച്ച് ആചാരലംഘനം നടത്താന്‍ മുതിര്‍ന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സമാധാനപരമായി നാമജപസമരം നടത്തിയ ഭക്തര്‍ക്കെതിരെയാണ് കേസെടുത്തത്. പതിനെട്ടായിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് അതിക്രമത്തില്‍ നിരവധി ഭക്തര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടക വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇതിന്റെയൊക്കെ ആവശ്യമെന്തായിരുന്നു?

കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാറിനെ ഉപയോഗിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമെന്നും പറയിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതേ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ സര്‍ക്കാര്‍ കൈകടത്തില്ലെന്നും പുനഃപരിശോധന ഹര്‍ജിയില്‍ നിലപാട് സ്വീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും പറയുന്നത്. യുവതീപ്രവേശനം ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച കാര്യമായതിനാല്‍ ഹിന്ദുധര്‍മ്മത്തില്‍ അഗാധപാണ്ഡിത്യമുള്ളവരുടെ ഒരു സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായം കൂടി മാനിച്ച് സുപ്രീംകോടതി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് ദേവസ്വം മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

ഇതാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് ഭക്തജനങ്ങളെ തെരുവിലിറക്കിയത് എന്തിനായിരുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കെ.പി. ശശികല ടീച്ചര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുസംഘടനാ നേതാക്കളെയും കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തതെന്തിനായിരുന്നു എന്നും പറയണം. മാത്രമല്ല, എഴുപതിനായിരത്തോളം ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറാവണം. നിലയ്ക്കലും പമ്പയിലും നാമജപസമരം നടത്തിയ ഭക്തരെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. നിലപാടുകള്‍ മാറിയ സാഹചര്യത്തില്‍ മുമ്പുണ്ടായ നടപടികളില്‍ ഖേദം പ്രകടിപ്പിക്കാനും മാപ്പ് പറയാനുമുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. പഴയ നിലപാടില്‍ നിന്ന്മലക്കംമറിഞ്ഞ സര്‍ക്കാര്‍ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് സമ്മതിക്കാനും പ്രായശ്ചിത്തം ചെയ്യാനും തയാറുണ്ടോ എന്നാണ് കേരളത്തിലെ വിശ്വാസിസമൂഹത്തിന് അറിയേണ്ടത്.