ലേഖനം ഹൊയ്‌സാലേശ്വര ക്ഷേത്രം – ഒരു മഹദ് സൃഷ്ടി


എന്തുകൊണ്ടാണ് ചില മനുഷ്യസൃഷ്ടികളെ ലോകാത്ഭുതങ്ങളായി കണക്കാക്കുന്നത് എന്ന ചോദ്യത്തിന് വൈവിധ്യമേറിയ ഉത്തരങ്ങളാവും ലഭിക്കുക .നിർമാണത്തിലെ ന്യൂനതകൊണ്ട് ചരിഞ്ഞ പിസയിലെ ഗോപുരത്തെ വരെ ലോകാത്ഭുതമായി കണക്കാക്കുന്നു എന്നതിലൂടെത്തന്നെ '' ലോകാത്ഭുതങ്ങൾ ''എന്നൊക്കെയുള്ള പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാകും .ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ആണ് ലോകാത്ഭുതങ്ങളുടെ പുരാതന കാല പട്ടിക ഉണ്ടാക്കിയത് എന്നാണ് കരുതപ്പെടുന്നത് .ഹെറോഡോട്ടസിന്റെ ലോകം എന്നത് ''മെഡിറ്ററേനിയൻ'' തീരം മാത്രമായിരുന്നു .

ആ പ്രദേശത്തുള്ള അദ്ദേഹത്തിന് അത്ഭുതമെന്ന് തോന്നിയ ഏഴു നിര്മിതികളെ അദ്ദേഹം ലോകാത്ഭുതങ്ങൾ എന്ന് വിളിച്ചു .ഹെറോഡോട്ടസിന്റെ ''ലോകം '' മെഡിറ്ററേനിയൻ സമുദ്രതീരം ആയിരുന്നു വെങ്കിൽ പിന്നീടുള്ള പലരുടെയും ''ലോകം '' അതിലും ഏറെ ഇടുങ്ങിയതായിരുന്നു .അതിനാൽ തെന്നെ ലോകാദ്ഭുതം എന്ന് ചില നിർമിതികളേ വിളിക്കുന്നതുകൊണ്ട് ,മഹത്തായ മറ്റു നിർമിതിയുടെ പ്രഭ ഒട്ടും മങ്ങുന്നില്ല .ഇന്ത്യയിൽ ലോകാത്ഭുതങ്ങൾ എന്ന് പേരിട്ടു വിളിക്കുന്ന നിർമിതികളേ വെല്ലുന്ന അനേകം നിർമിതികൾ ഉണ്ട് .അവയിൽ ഒന്നാണ് കർണാടകത്തിലെ ഹൊയ്‌സാലേശ്വര ക്ഷേത്രം.

ഇന്നേക്കും എണ്ണൂറിലേറെ കൊല്ലങ്ങൾക്കുമുന്പ് നിര്മിക്കപ്പെട്ടതാണ് അത്ഭുതങ്ങളുടെ കലവറയായ ഹൊയ്‌സാലേശ്വര ക്ഷേത്രം .ഭഗവാൻ ശിവന്റെ ക്ഷേത്രമാണ് ഹൊയ്‌സാലേശ്വര ക്ഷേത്രം .ഹൊയ്സാല രാജവംശത്തിലെ മഹാരാജാവായിരുന്ന വിഷ്ണു വർദ്ധനന്റെ കാലത്താണ് നിർമിതി നടന്നത് .കർണാടകത്തിലെ ഹാലേബീട് എന്ന ചെറു പട്ടണത്തിലാണ് ഈ മഹാ വിസ്മയം നിലനിൽക്കുന്നത് .ബാങ്കളൂരിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലെയാണ് ഹൊയ്‌സാലേശ്വര ക്ഷേത്രം .അധിനിവേശ ശക്തികൾ പലതവണ ആക്രമിച്ചു തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ ഇപ്പോഴും തലയുയർത്തി നിൽക്കുകയാണ് ഈ വിസ്മയം.

അതിമനോഹരമാണ് ക്ഷേത്രത്തിന്റെ നിർമിതി .ക്ഷേത്രം കൃഷ്ണശിലകൊണ്ട് നിർമിച്ച തൂണുകളിലാണ് നിൽക്കുന്നത് .അത്യാധുനിക യന്ത്രങ്ങളാൽ കടഞ്ഞെടുത്തതിന് സമാനമാണ് ഈ ശിലാ സ്തംഭങ്ങൾ എങ്ങനെയാണ് അക്കാലത്ത് ഇത്തരം വലിയ സ്തംഭങ്ങൾ കടഞ്ഞെടുത്ത ത്എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു .കടച്ചിലിനുപയോഗിച്ച ആയുധങ്ങൾ ഉണ്ടാക്കിയ വർത്തുള രേഖകൾ ഇപ്പോഴും തൂണുകളിൽ ദൃശ്യമാണ് .അതി സങ്കീർണമാണ് ക്ഷേത്രത്തിലെ കൊത്തു പണികൾ .ഏറ്റവും കഠിനമായ ശിലകളിൽ അതി സൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളും വിസ്മയങ്ങളും തീർത്തത് മഹാ വൈഭവ ശാലികളായ കലാകാരന്മാരാവാതെ തരമില്ല .

ശിലകൾ സൂക്ഷ്മമായി തുരന്ന്നിർമിച്ചിരിക്കുന്ന ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ ശില്പങ്ങൾക്ക് ഇന്ത്യയിലല്ലാതെ മറ്റെവിടെയും സമാനതയില്ല .ഭഗവാൻ ശിവന്റെ ക്ഷേത്രമാണെങ്കിലും ക്ഷേത്രത്തിലെ കൊത്തുപണികളിൽ ഭഗവാൻ വിഷ്ണുവിന്റെ രൂപങ്ങൾ വളരെയധികം ഉണ്ട് .ഭാരതീയ ദാര്ശനികതയുടെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ ആവുക.

ക്ഷേത്രത്തിന്റെ തെക്കും വടക്കുമായി രണ്ടു സുന്ദരമായ നന്ദി വിഗ്രഹങ്ങൾ ഉണ്ട് .ദക്ഷിണ ഇന്ത്യയിലെ വലിയ നന്ദി വിഗ്രഹങ്ങളിൽ ഇവ ഉൾപ്പെടും .ഈ നന്ദി പ്രതിമകളെ  കണ്ണാടിയെപ്പോലെയാണ് പോളിഷ് ചെയ്തിരിക്കുന്നത് .എട്ടു നൂറ്റാണ്ടുകളുടെ നിരന്തരമായ പ്രകൃതിശക്തികളുടെ പ്രഹരത്തിനു പോലും ഈ നന്ദീ വിഗ്രഹങ്ങളുടെ പൂര്ണതക്ക് ഒരു കോട്ടവും വരുത്താനായിട്ടില്ല .ഒറ്റക്കല്ലിലാണ് രണ്ടു നന്ദീ വിഗ്രഹങ്ങളുംകൊത്തിയെടുത്തിരിക്കുന്നത് .

ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ ഓരോ നിര്മിതിയും കലാകാരന്മാരുടെ മാസ്റ്റർ പീസുകൾ തന്നെയാണ്.നിർമാണ ന്യൂനത കൊണ്ട് ചരിഞ്ഞ ഗോപുരത്തെ ലോകാത്ഭുതമായി കണക്കാക്കുമ്പോൾ ഹൊയ്‌സാലേശ്വര ക്ഷേത്രം പോലെയുള്ള പൂര്ണതയെ സ്പർശിക്കുന്ന മഹത് നിർമിതികൾ വിസ്‌മൃതമാകുന്നത് ഖേദകരം തന്നെയാണ്.

ചിത്രങ്ങൾ : കൃഷ്ണശിലയിൽ കടഞ്ഞെടുത്ത സ്തൂപങ്ങളും ശ്രീ കോവിലും ,ഹൊയ്‌സാലേശ്വര ക്ഷേത്രം പുറത്തുനിന്നുള്ള കാഴ്ച ഭഗവാൻ വിഷ്ണുവിന്റെ മനോഹര ശിൽപ്പം ,നന്ദീ ശിൽപ്പം